അപരന്മാരുടെ പത്രികകൾ തള്ളി, ഫ്രാൻസിസ് ജോർജിന് ആശ്വാസം
text_fieldsകോട്ടയം: വിവാദങ്ങൾക്കൊടുവിൽ അപരന്മാരുടെ പത്രികകൾ തള്ളിയത് കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാർഥി കെ. ഫ്രാൻസിസ് ജോര്ജിന് രക്ഷയായി. പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചപ്പോൾ മൂന്ന് ഫ്രാൻസിസ് ജോർജുമാരായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. എന്നാൽ, അപരന്മാരുടെ പത്രിക തള്ളണമെന്ന ആവശ്യവുമായി യു.ഡി.എഫ് രംഗത്തെത്തിയതോടെ വിഷയം കത്തി.
എൽ.ഡി.എഫിന്റെ അറിവോടെയാണ് യു.ഡി.എഫ് സ്ഥാനാർഥിയുടെ അപരന്മാർ എത്തിയതെന്നും അപരന്മാരിൽ ഒരാൾ സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും മറ്റൊരാൾ കേരള കോൺഗ്രസ്-എം ജില്ല കമ്മിറ്റി അംഗവുമാണെന്ന ആരോപണമാണ് യു.ഡി.എഫ് ഉയർത്തിയത്. പരാജയഭീതി മൂലമാണ് എൽ.ഡി.എഫ് അപരന്മാരെ ഇറക്കിയതെന്ന ആരോപണം യു.ഡി.എഫ് സ്ഥാനാർഥിയും കോൺഗ്രസ് നേതാക്കളുമുൾപ്പെടെ ഉന്നയിച്ചു. തുടർന്ന്, അപരന്മാരുടെ പത്രിക തള്ളണമെന്ന ആവശ്യം ഉന്നയിച്ച് യു.ഡി.എഫ് വരണാധികാരിയായ ജില്ല കലക്ടർക്ക് പരാതിയും നൽകി. സ്വതന്ത്ര സ്ഥാനാർഥിയെ പിന്താങ്ങിയവരുടെ ഒപ്പ് വ്യാജമായി ഇട്ടതാണെന്നായിരുന്നു യു.ഡി.എഫിന്റെ പരാതി. പത്രിക പൂർണമായും പൂരിപ്പിച്ചിട്ടില്ലെന്നും പരാതിയിലുണ്ട്. തുടർന്ന് പത്രികയിൽ ഒപ്പിട്ടവരെ നേരിട്ട് ഹാജരാക്കാൻ അപരന്മാർക്ക് ജില്ല കലക്ടർ നിർദേശം നൽകി.
പത്രിക തള്ളുന്ന കാര്യത്തിൽ അന്തിമ തീരുമാനം വൈകുന്നേരം നാലോടെ കൈക്കൊള്ളുമെന്നും കലക്ടർ അറിയിച്ചു. സ്വതന്ത്രനായ ഫ്രാൻസിസ് ഇ. ജോർജിനായി പത്രികയിൽ ഒപ്പിട്ടിരിക്കുന്നത് കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ ഒരു ബൂത്തിലെ 10 വോട്ടർമാരാണെന്നും ഈ വോട്ടർമാരുടെ പേരുകൾ വോട്ടർ പട്ടിക നോക്കി പകർത്തിയതാണെന്നും ഒപ്പുകൾ വ്യാജമാണെന്നും യു.ഡി.എഫ് പരാതിയിൽ ആരോപിച്ചിരുന്നു.
കൂവപ്പള്ളിക്കാരൻ ഫ്രാൻസിസ് ജോർജിന്റെ പത്രികയിലെ ഒപ്പുകളിലും യു.ഡി.എഫ് സംശയം ഉന്നയിച്ചു. ഇക്കാര്യങ്ങളെല്ലാം വിശദമായി പരിശോധിച്ചശേഷം രണ്ട് അപരന്മാരുടെയും പത്രിക തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.