പൊലീസാണെന്ന് പറഞ്ഞാലും വീഴല്ലേ...
text_fieldsകോട്ടയം: സാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടത്തിനൊപ്പം തട്ടിപ്പുകാർ പുതിയ മാർഗങ്ങൾ തേടുകയാണ്. പ്രതീക്ഷിക്കാത്ത ഏതു രീതിയിലും അവർ നമ്മളെ തേടിയെത്താം. അത് നിയമപാലകരെന്ന രൂപത്തിലുമാവാം. പൊലീസ്, കസ്റ്റംസ്, നർക്കോട്ടിക് കൺട്രോൾ ബ്യൂറോ, ട്രായ്, സി.ബി.ഐ, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, സൈബർ സെൽ, ഇൻറലിജൻസ് ഏജൻസികൾ, വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനകൾ തുടങ്ങിയ നിയമപാലകരെന്ന വ്യാജേന ബന്ധപ്പെട്ട് പണം തട്ടുന്ന രീതിയാണ് ഇപ്പോൾ നടക്കുന്നത്. സർക്കാർ സംവിധാനങ്ങളാണെന്ന് തെറ്റിദ്ധരിച്ച് ഈ വലയിൽ വീണുപോവുന്നവരും ധാരാളം.
നിങ്ങൾക്കുള്ള കൊറിയറിൽ മയക്കുമരുന്നോ...?
നിങ്ങൾ അയച്ച കൊറിയറിലോ നിങ്ങൾക്കായി വന്ന പാഴ്സലിലോ മയക്കുമരുന്നും ആധാർ കാർഡുകളും വ്യാജ പാസ്പോർട്ടും മറ്റുമുണ്ടെന്ന് പറഞ്ഞായിരിക്കും അവർ നിങ്ങളെ ബന്ധപ്പെടുക. മറ്റൊരു കേസുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ നിങ്ങളുടെ പേരിലുള്ള ആധാർ കാർഡോ ക്രെഡിറ്റ് കാർഡോ കണ്ടെത്തി എന്നും അവർ പറഞ്ഞെന്നിരിക്കും. വെബ്സൈറ്റിൽ നിങ്ങൾ അശ്ലീലദൃശ്യങ്ങൾ തിരഞ്ഞു എന്നു പറഞ്ഞും തട്ടിപ്പ് നടത്തുന്നുണ്ട്. ഈ സന്ദേശങ്ങൾ വരുന്നത് ഫോൺ മുഖേനയോ ഇ-മെയിൽ വഴിയോ ആകാം. നിങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി അറിയിക്കുന്ന അവർ വിശ്വസിപ്പിക്കാൻ അന്വേഷണ ഏജൻസിയുടെ പേരിലുള്ള വ്യാജ തിരിച്ചറിയൽ കാർഡും കേസ് രജിസ്റ്റർ ചെയ്തെന്ന വ്യാജരേഖകളും അയച്ചുതരും. അവർ നൽകിയ തിരിച്ചറിയൽ കാർഡിലെ വിവരങ്ങൾ വെബ്സൈറ്റിൽ തിരഞ്ഞാൽ വ്യാജരേഖയിൽ പറയുന്ന പേരിൽ ഒരു ഓഫിസർ ഉണ്ടെന്ന് ബോധ്യമാകുന്നതോടെ നിങ്ങൾ പരിഭ്രാന്തരാകും. ഫോണിൽ വീണ്ടും വിളിച്ചു ഭീഷണിപ്പെടുത്തുന്ന തട്ടിപ്പുകാർ സ്കൈപ്പ് വഴിയും മറ്റും ഉള്ള വിഡിയോകോളിൽ പങ്കെടുക്കാൻ നിങ്ങളെ നിർബന്ധിക്കും. മുതിർന്ന പൊലീസ് ഓഫിസറുടെ യൂണിഫോം ധരിച്ചായിരിക്കും അവർ വിഡിയോകോളിൽ പ്രത്യക്ഷപ്പെടുക.
നിങ്ങൾ ചെയ്തത് ഗുരുതര തെറ്റാണെന്നും നിങ്ങൾ പൂർണമായി തങ്ങളുടെ നിയന്ത്രണത്തിലാണെന്നും നിങ്ങളെ വെർച്വൽ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും തട്ടിപ്പുകാർ പറയും.
തങ്ങളുടെ അനുവാദമില്ലാതെ ഇനി നിങ്ങൾ എങ്ങോട്ടും പോകാൻ പാടില്ലെന്നും അവർ അറിയിക്കും. വിഡിയോകോളിനിടെ അവർ നിങ്ങളുടെ സ്വകാര്യവിവരങ്ങളും സാമ്പത്തികസ്ഥിതിയുമൊക്കെ ചോദിച്ചു മനസ്സിലാക്കും. നിങ്ങളുടെ സമ്പാദ്യം പരിശോധനക്കായി നൽകണമെന്നും നിയമപരമായി സമ്പാദിച്ചതാണോയെന്ന് പരിശോധിച്ചശേഷം തുക തിരിച്ചുനൽകുമെന്നും അറിയിക്കുകയാണ് അടുത്ത ഘട്ടം.
പണം തിരികെ ലഭിക്കുമെന്ന വിശ്വാസത്തിൽ, അവർ നൽകുന്ന ബാങ്ക് അക്കൗണ്ടിലേക്ക് നിങ്ങൾ പണം ഓൺലൈനായി നിക്ഷേപിക്കുന്നതോടെ തട്ടിപ്പ് പൂർത്തിയായി.
ഇല്ല വിർച്വൽ അറസ്റ്റ്
പൊലീസ് ഒരിക്കലും ആരെയും വിർച്വൽ അറസ്റ്റ് ചെയ്യുന്നതല്ല. വിഡിയോ കോൾ മുഖാന്തിരമോ ഫോൺ മുഖാന്തിരമോ മറ്റ് ഓൺലൈൻ രീതിയിലോ പണ ഇടപാടുകളും നടത്തുന്നില്ല. നമ്മുടെ അന്വേഷണ ഏജൻസികൾക്ക് സംശയാസ്പദമായ രീതിയിൽ കണ്ടെത്തുന്ന ഏത് അക്കൗണ്ടും നിയമപരമായിത്തന്നെ മരവിപ്പിക്കാൻ കഴിയും. അതുകൊണ്ടുതന്നെ, പരിശോധനക്കായി നിങ്ങളുടെ സമ്പാദ്യമോ പണമോ കൈമാറാൻ ഒരിക്കലും അവർ ആവശ്യപ്പെടില്ല.
മറക്കരുത് ഈ നമ്പർ: 1930
ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 ല്‍ സൈബർ പൊലീസിനെ വിവരം അറിയിക്കണം. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാൻ സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാം.
ജാഗ്രത വേണം
തട്ടിപ്പിൽ വീഴാതിരിക്കാൻ പൊതുജനം ജാഗ്രത കാട്ടണം. സാമ്പത്തിക തട്ടിപ്പുകളിലെല്ലാം എഫ്.ഐ.ആർ. രജിസ്റ്റർചെയ്ത് കേസെടുക്കുന്നുണ്ട്. പണം തട്ടിയെടുത്തവർ പല പല അക്കൗണ്ടുകളിലേക്കാവും ആദ്യം പണം മാറ്റുക.
കൃത്യസമയത്തിനുള്ളിൽ നടപടിയെടുത്തില്ലെങ്കിൽ പണം തിരിച്ചെടുക്കാനാവില്ല. അതുകൊണ്ടാണ് ‘ഗോൾഡൻ അവർ’ ആയ ആദ്യ മണിക്കൂറിനകം സൈബർ സ്റ്റേഷനിൽ അറിയിക്കണമെന്നു പറയുന്നത്.
വിഷയത്തിൽ പൊലീസ് കൂടുതൽ ബോധവൽക്കരണത്തിനുള്ള ശ്രമത്തിലാണ്. ട്രോളുകളും നോട്ടീസുകളും മറ്റും തയാറാക്കി സമൂഹമാധ്യമ പേജുകളിൽ ഷെയർ ചെയ്യുന്നുണ്ട്. ജനമൈത്രി പൊലീസിനെ ഉപയോഗിച്ച് സ്കൂളുകളിലും സ്ഥാപനങ്ങളിലും ബോധവൽക്കരണം നൽകാനും ആലോചിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.