ജി-20 ഉദ്യോഗസ്ഥ സമ്മേളനം; കോളടിച്ച് കുമരകം
text_fieldsകോട്ടയം: ജി-20 ഉച്ചകോടിയുടെ ഭാഗമായുള്ള രാജ്യാന്തര ഉദ്യോഗസ്ഥ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന കുമരകത്ത് ‘വികസന വിപ്ലവം’. റോഡുകളും ജലപാതകളുമടക്കം കുമരകത്തിന്റെ മുഴുവൻ മേഖലകളും നവീകരണത്തിലാണ്. പൊലീസിന്റെ സുരക്ഷ നിരീക്ഷണങ്ങളും ശക്തം. സമ്മേളനം നടക്കുന്ന കെ.ടി.ഡി.സി വാട്ടർ സ്കേപ്സ് അടക്കം നവീകരിക്കുന്ന ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്.
രാജ്യാന്തര സമ്മേളനത്തിന്റെ ഭാഗമായി കെ.ടി.ഡി.സിയിൽ നിർമിക്കുന്ന കൺവെൻഷൻ സെന്റർ ഉടൻ പൂർത്തിയാകും. 10 കോടി ചെലവിട്ട് നിർമിക്കുന്ന ഇവിടെ 600 പേർക്ക് ഇരിക്കാം. എയർ കണ്ടീഷൻ ചെയ്യുന്നതിനൊപ്പം ചൂടും ശബ്ദ മലിനീകരണവും നിയന്ത്രിക്കാൻ മുള ഉപയോഗിച്ച് പ്രത്യേക ക്രമീകരണവും ഒരുക്കുന്നുണ്ട്. കേടുകൂടാതെ ദീർഘനാൾ നിലനിൽക്കാൻ രാസപദാർഥങ്ങൾ ഉപയോഗിച്ച് പ്രത്യേകമായി തയാറാക്കിയ മുളയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഹാളിന്റെ സീലിങ് പൂർണമായും മുളകൊണ്ടാണ് നിർമിച്ചിരിക്കുന്നത്.
ഉച്ചകോടി കഴിയുന്നതോടെ കൺവെൻഷൻ സെന്റർ വാടകക്ക് നൽകാനാണ് കെ.ടി.ഡി.സി തീരുമാനം. കെ.ടി.ഡി.സി വാട്ടർ സ്കേപിന് സമീപത്തെ തോടിന്റെ ആഴം കൂട്ടുന്നതിനൊപ്പം കയർ പരവതാനി വിരിച്ച് ഇരുകരയും മനോഹരമാക്കി. കെ.ടി.ഡി.സി കവാടത്തിന് സമീപത്തെ ബോട്ട് ജെട്ടിയിൽനിന്ന് സമ്മേളന പ്രതിനിധികളെ ശിക്കാര വള്ളത്തിലാകും കൺവെൻഷൻ സെന്ററിൽ എത്തിക്കുക. 10 ശിക്കാര വള്ളങ്ങളാകും യാത്രക്കായി ഉപയോഗിക്കുക.
ഉദ്യോഗസ്ഥ സമ്മേളനത്തിനെത്തുന്നവർക്ക് താമസസൗകര്യം ഒരിക്കിയിരിക്കുന്ന കുമരകത്തെ റിസോർട്ടുകളിലും മുന്നൊരുക്കങ്ങൾ നടത്തിവരുകയാണ്. കെ.ടി.ഡി.സി വാട്ടർ സ്കേപ് അടക്കമുള്ള ഹോട്ടലുകളുടെയും റിസോർട്ടുകളുടെയും സുരക്ഷ വിലയിരുത്താൻ ഞായറാഴ്ച എ.ഡി.ജി.പി എം.ആർ. അജിത്കുമാർ കുമരകത്തെത്തിയിരുന്നു. താജ് ഹോട്ടൽ, സൂരി റിസോർട്ട്, ലേക്ക് റിസോർട്ട്, കോക്കനട്ട് ലഗൂൺ തുടങ്ങിയിടങ്ങളിലും അദ്ദേഹം പരിശോധന നടത്തി. ബോംബ് സ്ക്വാഡും വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി. മേഖല പൊലീസ് നിരീക്ഷണത്തിലാണ്. കൂടുതൽ പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്. പ്രതിനിധികൾ താമസിക്കുന്ന ഹോട്ടലുകളിലും റിസോർട്ടുകളിലും കൂടുതൽ സി.സി ടി.വി കാമറകൾ സ്ഥാപിക്കാൻ എ.ഡി.ജി.പി നിർദേശം നൽകി.
റോഡ് നവീകരണവും അറ്റകുറ്റപ്പണിയും അതിവേഗം നടന്നുവരുകയാണ്. തണ്ണീർമുക്കം മുതൽ ഇല്ലിക്കൽ വരെ റോഡ് റീടാറിങ് പൂർത്തിയായി. വൈക്കം-വെച്ചൂർ റോഡും നവീകരിക്കുന്നുണ്ട്. ഈ റോഡുകളെല്ലാം തകർന്ന നിലയിലായിരുന്നു. ഉദ്യോഗസ്ഥ സമ്മേളനത്തിന്റെ ഭാഗമായി ഇവ നവീകരിച്ചു.
റോഡരികിലെ കാടുവെട്ടൽ, സീബ്രലൈൻ പുതുക്കിവരക്കൽ, പുതിയ ദിശാബോർഡുകൾ സ്ഥാപിക്കൽ, കുഴിയടക്കൽ എന്നിവയും നടക്കുന്നുണ്ട്. കുമരകം പഞ്ചായത്ത് പരിധിയിലെ പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുള്ള അനധികൃതമായ ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ തുടങ്ങിയവ സ്ഥാപിച്ചിട്ടുള്ളവർ ഉടൻ നീക്കം ചെയ്യണമെന്ന് പഞ്ചായത്ത് നിർദേശം നൽകി.
അടിയന്തരഘട്ടത്തിൽ ആംബുലൻസ് ഉപയോഗിക്കാൻ കുമരകത്തെ ശക്തീശ്വരം റോഡ് ഗതാഗത യോഗ്യമാക്കാനും നടപടിയായി. സമ്മേളനം നടക്കുന്ന ദിവസങ്ങളില്‍ വൈദ്യുതി വിതരണം മുടങ്ങാതിരിക്കാൻ വൈദ്യുതി വകുപ്പും നടപടി തുടങ്ങി. ചെങ്ങളം സബ്സ്റ്റേഷന്റെ കീഴിലുള്ള അഞ്ച് ഫീഡറിൽനിന്നാണ് ഈ മേഖലയിൽ വൈദ്യുതി എത്തിക്കുന്നത്. ഈ ഫീഡറുകൾ വഴിയുള്ള വൈദ്യുതി വിതരണത്തിൽ പ്രശ്നങ്ങളുണ്ടായാൽ മറ്റിടങ്ങളിൽനിന്ന് എത്തിക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്.
ആലപ്പുഴ എസ്.എൽ പുരം ഭാഗത്തെ ഫീഡറിൽനിന്നു തണ്ണീർമുക്കം ബണ്ടിലൂടെ കേബിൾ വലിച്ചു വെച്ചൂർ പള്ളി ഭാഗത്ത് എത്തിച്ചും കോട്ടയം കോടിമതയിൽനിന്നു ഇല്ലിക്കൽ ഭാഗത്തുകൂടിയും കുമരകത്തേക്കു വൈദ്യുതി എത്തിക്കാനുമാണ് നടപടി. ചെങ്ങളത്തുനിന്നു പുതിയ ലൈൻ വലിക്കുന്ന ജോലിയും പുരോഗമിക്കുകയാണ്.
വൈദ്യുതി ലൈനുകൾ എല്ലാം പരിശോധന നടത്തി ടച്ചിങ് വെട്ടി വിതരണം സുഗമമാക്കനുള്ള ജോലിയും നടക്കുന്നു. കുമരകം റോഡ് ഭാഗത്ത് പുതിയ വഴിവിളക്കുകളും സ്ഥാപിക്കും. ഈമാസം 30 മുതൽ ഏപ്രില്‍ രണ്ടുവരെ കോട്ടയം കെ.ടി.ഡി.സി വാട്ടര്‍ സ്കേപ്സിലാണ് സമ്മേളനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.