ജി 20 ഷെർപ യോഗം: ഹൗസ് ബോട്ടിൽ കുമരകത്തെ തൊട്ടറിഞ്ഞ് വിദേശപ്രതിനിധികൾ
text_fieldsകുമരകം: ഹൗസ് ബോട്ടിൽ കുമരകത്തിന്റെ കായൽസൗന്ദര്യം തൊട്ടറിഞ്ഞ് ജി 20 ഷെർപ യോഗത്തിനെത്തിയ പ്രതിനിധികൾ. കേരളീയ വേഷത്തിലായിരുന്നു ഇവരുടെ യാത്ര.
മുണ്ടും കസവ് നേരിയതും പലർക്കും കൗതുകമായി. ഉദ്യോഗസ്ഥർ മുണ്ടും നേരിയതുമൊക്കെ അണിയിച്ചുവെങ്കിലും ഷെര്പ്പകളിൽ പലരും മുണ്ടഴിഞ്ഞ് വീഴുമോയെന്ന ആശങ്കയിലായിരുന്നു. പുരുഷ പ്രതിനിധികൾ കസവുമുണ്ടും നേരിയതും അണിഞ്ഞപ്പോൾ, സ്ത്രീകൾ പാവാടയും നേരിയതും അണിഞ്ഞു.
ചന്ദനക്കുറിയുമണിഞ്ഞാണ് പ്രതിനിധികൾ ഹൗസ് ബോട്ടിൽ എത്തിയത്. തുടർന്ന് കുമരകത്തിന്റെ സായാഹ്ന സൗന്ദര്യം ഇവർ ആസ്വദിച്ചു. യാത്രക്കുശേഷമെത്തിയ പ്രതിനിധികള്ക്കൊപ്പം ഗവർണർ ആരിഫ് മുഹമദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും അത്താഴവിരുന്നിൽ പങ്കുചേർന്നു.
ഗമയിൽ കാസർകോട് സാരി
കുമരകം: ജി 20 ഷെർപ യോഗത്തിനെത്തിയ രാഷ്ട്രപ്രതിനിധികൾക്ക് ഇന്ത്യയുടെ പാരമ്പര്യം തൊട്ടറിയാൻ എക്സിബിഷൻ. കുമരകം കെ.ടി.ഡി.സി വാട്ടർ സ്കേപ്സിലാണ് പ്രത്യേക പ്രദർശനം ഒരുക്കിയിരിക്കുന്നത്.
കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷൻ, ഇന്ത്യൻ കോഫി ബോർഡ്, ടീ ബോർഡ് എന്നിവരുടെ സ്റ്റാളുകൾ പ്രദർശനത്തിലുണ്ട്. കാപ്പി കുടിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പ്രദർശനത്തിൽ രവിവർമ ചിത്രങ്ങൾ ഖാദിയിൽ പുനഃസൃഷ്ടിച്ചിരിക്കുന്നത് ഷെർപ്പകൾക്ക് ഏറെ കൗതുകമായി. ഹൈദരാബാദ് സ്വദേശിയായ ഗൗരങ് ഷായാണ് ജംദാനി എന്ന ഈ ചിത്രപ്പണി ഒരുക്കിയിരിക്കുന്നത്.
കണ്ണൂരിലെ വീവേഴ്സ് സർവിസ് സെന്ററിന്റെ നേതൃത്വത്തിൽ സാരി നിർമാണ യൂനിറ്റും ഒരുക്കിയിട്ടുണ്ട്. പ്രസിദ്ധമായ കാസർകോട് കോട്ടൺ സാരിയുടെ നിർമാണം ഇവിടെ കാണാം. ഭൗമസൂചിക പദവി ലഭിച്ച ഉൽപന്നമാണ് കാസർകോട് സാരി. പ്രകൃതിവിഭവങ്ങളിൽനിന്ന് മാത്രം നിർമിക്കുന്ന പൽപൊടി മുതൽ സൗന്ദര്യവർധക വസ്തുക്കൾ വരെ നിരക്കുന്ന സ്റ്റാളും ഇതിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.