വൻ വിലയ്ക്ക് ശസ്ത്രക്രിയ ഉപകരണങ്ങൾ വാങ്ങി; 12,000 രൂപക്ക് വാങ്ങിയ ഉപകരണങ്ങൾക്ക് പൊതുമാർക്കറ്റിൽ 4000 രൂപ മാത്രം, ഡോക്ടർമാർക്കെതിരെ അന്വേഷണം
text_fieldsഗാന്ധിനഗർ: ശസ്ത്രക്രിയക്കുള്ള ഉപകരണങ്ങൾ കൂടിയ വിലയ്ക്ക് രോഗിയുടെ ബന്ധുവിനെക്കൊണ്ട് നിർബന്ധിച്ച് വാങ്ങിപ്പിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗം മൂന്നാം യൂനിറ്റിലെ മൂന്നു ജൂനിയർ ഡോക്ടർമാർക്കെതിരെയാണ് (പി.ജി വിദ്യാർഥികൾ) അന്വേഷണം. ആർ.എം.ഒ ഡോ. ആർ.പി. രഞ്ചിൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ് കുമാർ, ഫോറൻസിക് സർജൻ ഡോ. ടി. ദീപു എന്നിവരടങ്ങിയ സമിതിക്കാണ് അന്വേഷണച്ചുമതല. ഇവർ അന്വേഷണ റിപ്പോർട്ട് ചൊവ്വാഴ്ച വകുപ്പ് മേധാവിക്ക് നൽകും.
കുമരകം സ്വദേശിയായ ബാബുവിെൻറ ചികിത്സയുമായി ബന്ധപ്പെട്ട് ബന്ധുക്കൾ നൽകിയ പരാതിയിലാണ് നടപടി. കൈയൊടിഞ്ഞതിനെ തുടർന്നാണ് ബാബു മെഡിക്കൽ കോളജ് അസ്ഥിരോഗ വിഭാഗത്തിൽ ചികിത്സ തേടിയെത്തിയത്. ഒടിഞ്ഞ ഭാഗത്ത് ഘടിപ്പിക്കേണ്ട ഉപകരണങ്ങൾ വാങ്ങാൻ നിർദേശിച്ച ജൂനിയർ ഡോക്ടർ ഇതിെൻറ പട്ടികയും ബന്ധുവിന് നൽകി.
12,500 രൂപ ചെലവ് വരുമെന്നും പറഞ്ഞ ഡോക്ടർ പണവും ലിസ്റ്റും ഉപകരണ കമ്പനിയുടെ ഏജൻറിെൻറ കൈവശം നൽകിയാൽ മതിയെന്നും നിർദേശിച്ചു. ഇതനുസരിച്ച് ബന്ധു 12,000 രൂപ ഏജൻറിനെ ഏൽപിച്ച് രസീതും കൈപ്പറ്റി.
അടുത്തദിവസം ശസ്ത്രക്രിയ സമയത്ത് മറ്റ് ചില സാധനങ്ങൾ കൂടി വാങ്ങാൻ നിർദേശിച്ച പ്രകാരം ബന്ധു കടയിൽ എത്തിയപ്പോഴാണ് 4000 രൂപ മാത്രമേ തലേന്ന് വാങ്ങിയ ഉപകരണത്തിന് വിലയുള്ളൂവെന്ന് അറിഞ്ഞത്. ഇതിനിടെ മറ്റ് രണ്ട് ഡോക്ടർമാക്കെതിരെയും പരാതി ഉയർന്നു.മുമ്പ് നടന്ന ശസ്ത്രക്രീയകൾക്ക് 1900രൂപ വേണ്ടിടത്ത് ഒരു രോഗിയുടെ ബന്ധുവിൽനിന്ന് 10,000 രൂപയും 10,000 രൂപയുടെ ആവശ്യമായ ഉപകരണങ്ങൾക്ക് മറ്റൊരു രോഗിയുടെ ബന്ധുവിൽനിന്ന് 24,000 രൂപയും ഡോക്ടർമാർ കൈപ്പറ്റിയെന്നതാണ് പരാതി.അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം ജൂനിയർ ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അസ്ഥിരോഗ വിഭാഗം മേധാവി ഡോ. എം.സി. ടോമിച്ചൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.