ശസ്ത്രക്രിയ ഉപകരണങ്ങൾക്ക് കമീഷൻ; ഡോക്ടർക്ക് സസ്പെൻഷൻ
text_fieldsഗാന്ധിനഗർ: ശസ്ത്രക്രിയ ഉപകരണങ്ങൾ കൂടിയ വിലയ്ക്ക് രോഗിക്ക് നൽകാൻ സ്വകാര്യ കമ്പനിയുടെ ഏജൻറുമായി ചേർന്ന് രോഗിയുടെ ബന്ധുവിൽനിന്ന് കമീഷൻ കൈപ്പറ്റിയെന്ന പരാതിയിൽ ജൂനിയർ ഡോക്ടറെ സസ്പെൻഡ് ചെയ്തു. മെഡിക്കൽ കോളജ് അസ്ഥിരോഗ വിഭാഗം യൂനിറ്റ് മൂന്നിലെ പി.ജി വിദ്യാർഥിയെയാണ് സസ്പെൻഡ് ചെയ്തത്. കുമരകം സ്വദേശിയായ ബാബുവിെൻറ കൈ ഒടിഞ്ഞതിനെ തുടർന്നാണ് മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്. ഇയാളുടെ അസ്ഥിക്കു പൊട്ടലുണ്ടായതിനാൽ ശസ്ത്രക്രിയ ആവശ്യമായി വന്നു.
ശസ്ത്രക്രിയ ഉപകരണങ്ങൾ വാങ്ങുന്നതിനായി യുവഡോക്ടർ ഏജൻറുമായി ബാബുവിെൻറ ഭാര്യയെ സമീപിച്ചു. ശസ്ത്രക്രിയ ഉപകരണങ്ങൾ വാങ്ങുന്നതിന് കമ്പനിയുടെ പ്രതിനിധി വരുമെന്നും 12,500 രൂപ ഇയാളുടെ കൈവശം കൊടുക്കണമെന്നും യുവഡോക്ടർ പറഞ്ഞു. ഇതനുസരിച്ച് കമ്പനിയുടെ ഏജൻറ് വാർഡിൽ വരുകയും ബാബുവിെൻറ ഭാര്യ ആശയിൽനിന്ന് 12,000 രൂപ കൈപ്പറ്റുകയും ബാക്കി 500 രൂപ പിന്നീട് തരാമെന്ന് പറഞ്ഞ് ഉപകരണങ്ങൾ നൽകി മടങ്ങുകയും ചെയ്തു.
ശസ്ത്രക്രിയ ദിവസം അനുബന്ധ സാമഗ്രികൾ വാങ്ങുന്നതിനായി സർജിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനത്തിൽ എത്തിയപ്പോഴാണ് തലേദിവസം വാങ്ങിയ ശസ്ത്രക്രിയ ഉപകരണങ്ങൾക്ക് 4000 രൂപ മാത്രമേ വിലയുള്ളൂവെന്ന് അറിയുന്നത്. തുടർന്ന് ബാബുവിെൻറ ഭാര്യ ആശ മെഡിക്കൽ കോളജ് അധികൃതർക്ക് പരാതി നൽകി.
പരാതിയെപ്പറ്റി അന്വേഷിക്കാൻ ആർ.എം.ഒ ഡോ. ആർ.പി. രഞ്ജിൻ, െഡപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ് കുമാർ, ഫോറൻസിക് സർജൻ ഡോ. ടി. ദീപു എന്നിവരെ സൂപ്രണ്ട് ചുമതലപ്പെടുത്തി. ഇവരുടെ അന്വേഷണത്തിൽ യുവഡോക്ടർ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും നടപടിക്കു ശിപാർശ ചെയ്യുകയും ചെയ്തിരുന്നു. മാത്രമല്ല കോവിഡ് ബാധിതെൻറ സ്രവം എടുത്ത് സ്വന്തം പേരെഴുതി പരിശോധനക്ക് അയക്കുകയും ഇങ്ങനെ അവധിയിൽ പ്രവേശിക്കുകയും ഈ യുവഡോക്ടർ ചെയ്തിരുന്നുവെന്നും കണ്ടെത്തി. അന്വേഷണ സമിതിയുടെ റിപ്പോർട്ട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ.പി. ജയകുമാറിനും ആരോഗ്യവകുപ്പിനും കൈമാറിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് പി.ജി വിദ്യാർഥിയെ സസ്പെൻഡ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.