ലക്ഷദ്വീപിൽനിന്നുള്ള എട്ട് വയസ്സുകാരിയുടെ സങ്കീർണ ഹൃദയ ശസ്ത്രക്രിയ വിജയം
text_fieldsഗാന്ധിനഗർ(കോട്ടയം): കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ലക്ഷദ്വീപിൽനിന്നുള്ള എട്ട് വയസ്സുകാരിയുടെ ഹൃദയ ശസ്ത്രക്രിയ വിജയം. ലക്ഷദ്വീപ് കിൽത്താനിലെ അയ്യൂബ്-റഹ്മത്ത് ദമ്പതികളുടെ മകൾ ഉമ്മുക്കുൽസുവിനാണ് സങ്കീർണ ശസ്ത്രക്രിയ നടത്തിയത്. സുഖം പ്രാപിച്ച ഉമ്മുക്കുൽസു ശനിയാഴ്ച നാട്ടിലേക്ക് മടങ്ങും.
ആറുമാസം മുമ്പ് പനി ബാധിച്ചാണ് ഉമ്മുക്കുൽസുവിനെ ലക്ഷദ്വീപ് ആശുപത്രിയിൽ എത്തിക്കുന്നത്. പരിശോധനയിൽ നെഞ്ച് അൽപം പുറത്തേക്ക് തള്ളിനിൽക്കുന്നത് ഡോക്ടർമാരുടെ പരിശോധനയിൽ ബോധ്യപ്പെട്ടു. വാരിയെല്ലിനും കുഴപ്പമുെണ്ടന്ന് വ്യക്തമായതിനാൽ, കേരളത്തിൽ ചികിത്സ തേടാൻ നിർദേശിക്കുകയായിരുന്നു. തുടർന്ന്, എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. കോവിഡ് വ്യാപനംമൂലം പല ഘട്ടങ്ങളിലായി രണ്ട് തവണ അവിടെ ചികിത്സക്ക് എത്തി. വിദഗ്ധ പരിശോധനയിൽ ഹൃദയസംബന്ധമായ അസുഖം കണ്ടെത്തിയതോടെ കോട്ടയം മെഡിക്കൽ കോളജ് ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിലേക്ക് അയച്ചു.
പരിശോധനയിൽ ശരീരത്തിലെ രക്തധമനികൾ വികസിക്കുകയും അമിതമായി ചുരുങ്ങുകയും ചെയ്യുന്ന അപൂർവമായ 'അർട്ടീരിയൽ ടോർച്ചോസിറ്റീസ് സിൻഡ്രം' എന്ന രോഗമായിരുന്നു കുട്ടിക്ക് എന്ന് കണ്ടെത്തി. തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ അമിതമായി ചുരുങ്ങിയതിനാൽ അടിയന്തര ശസ്ത്രക്രിയ നടത്താൻ മെഡിക്കൽ കോളജ് ഹൃദയ ശസ്ത്രക്രിയാമേധാവി ഡോ. ടി.കെ. ജയകുമാർ തീരുമാനിക്കുകയായിരുന്നു. ഹൃദയവാൽവിനും പ്രധാന ഹൃദയരക്തധമനികൾക്കും തകരാർ കണ്ടെത്തിയതിനാൽ ഒരേസമയം മൂന്ന് ശസ്ത്രക്രിയകൾ വേണ്ടിവന്നു. ഹൃദയത്തിൽനിന്നുള്ള പ്രധാനപ്പെട്ട വാൽവായ അർട്ടീക് വാൽവും തലച്ചോറിലേക്കുള്ള രക്തധമനികളും ശരിയാക്കുകയും മഹാധമനി മാറ്റിവെക്കുകയും ചെയ്തു. ശസ്ത്രക്രിയ സമയത്ത് 18 ഡിഗ്രി ശരീരം തണുപ്പിച്ചാണ് തലച്ചോറിലേക്ക് രക്തയോട്ടം നടത്തിയത്. ശസ്ത്രക്രിയക്കുശേഷം 12 ദിവസം അത്യാഹിത വിഭാഗം ഐ.സി.യുവിൽ കഴിയുകയും പൂർണമായി സുഖം പ്രാപിക്കുകയും ചെയ്തു.
ഇന്ത്യയിൽ ആദ്യമായി നടത്തുന്ന ഈ ശസ്ത്രക്രിയക്ക് ലക്ഷക്കണക്കിന് രൂപ ചെലവ് വരുമെങ്കിലും സൗജന്യമായാണ് നടത്തിയത്. ഹൃദയ ശസ്ത്രക്രിയവിഭാഗം മേധാവിയും ആശുപത്രി സൂപ്രണ്ടുമായ ഡോ. ടി.കെ. ജയകുമാർ, പീഡിയാട്രിക് സർജൻ ഡോ. തോമസ് മാത്യു, പീഡിയാട്രിക് കാർഡിയാക് വിഭാഗം ഡോ. മഞ്ജുഷ എസ്. പിള്ള എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.