മെഡി.കോളജിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് പിടിയിൽ
text_fieldsഗാന്ധിനഗർ: മെഡിക്കൽ കോളജിൽ ഗ്രേഡ് രണ്ട് തസ്തികയിൽ 44,000 രൂപ പ്രതിമാസ ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ടേകാൽ പവന്റെ മാലയും 1, 40, 000 രൂപയും തട്ടിയ യുവാവ് പിടിയിൽ. പള്ളിക്കത്തോട് സ്വദേശിയും പാലായിൽ താമസക്കാരനുമായ ശരത് എസ്. നായരാണ് (28) കസ്റ്റഡിയിലായത്. പാലാ കരൂർ പാലത്തിങ്കൽ അലക്സ് സണ്ണിയുടെ സ്വർണവും പണവുമാണ് നഷ്ടമായത്.
അഞ്ചുമാസം മുമ്പ് പാലാ ഗവ. ആശുപത്രിയിലെ ഡോക്ടറാണ് എന്നു പറഞ്ഞാണ് ശരത് അലക്സിനെ പരിചയപ്പെടുന്നത്. മെഡിക്കൽ കോളജിൽ സ്ഥിരം നിയമനം ഉണ്ടെന്നും അത് വാങ്ങിത്തരാമെന്നും പറഞ്ഞ് രണ്ട് ഘട്ടമായി 1,40,000 രൂപ കൈപ്പറ്റി. അലക്സുമായി മെഡി. കോളജ് സൂപ്രണ്ടിനെയും ഡി.എം.ഒയെയും കാണാനാണെന്ന് പറഞ്ഞ് ശരത് അലക്സുമായി ഈ ഓഫിസുകളിൽ എത്തും. അലക്സിനെ വെളിയിൽ നിർത്തി അകത്തുകയറി പുറത്തുവരും. പിന്നീട് ജോലിയിൽ പ്രവേശിക്കണമെന്ന് കാണിച്ച് ഡോ. കെ.ജി. രാജീവ് (ഡെപ്യൂട്ടി സൂപ്രണ്ട്), ഡോ. സുപ്രിയ (ആർ.എം.ഒ ) എന്നിവരുടെ പേരിൽ തയാറാക്കിയ ഉത്തരവ് അലക്സിന് നൽകി.
ഇതോടെ ആഗസ്റ്റ് ആദ്യവാരം പാലാ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലെ ജോലി അലക്സ് രാജിവെച്ചു. തുടർന്ന് രണ്ടേകാൽ പവന്റെ മാല പണയംവെച്ച് ബാക്കി തുക എടുക്കാൻ ശരത്തിന്റെ കൈവശം ഏൽപിച്ചു. സെപ്റ്റംബർ അവസാന ആഴ്ചയിൽ മെഡിക്കൽ കോളജിൽ ജോലിയിൽ പ്രവേശിക്കാൻ വന്നപ്പോഴാണ് താൻ തട്ടിപ്പിന് ഇരയായെന്ന് മനസ്സിലായത്. തുടർന്ന് പാലാ പൊലീസിൽ പരാതി നൽകി. വിവരമറിഞ്ഞ ശരത് കഴിഞ്ഞ ദിവസം പാലാ ചെത്തിമറ്റത്തുള്ള എസ്.ബി.ഐ ശാഖയുടെ മുന്നിലെത്തി അലക്സിനെ വിളിച്ചുവരുത്തി അഞ്ചുലക്ഷം രൂപയുടെ ചെക്ക് കൈമാറി.
ഇരുവരും സമീപത്തുള്ള ഭക്ഷണശാലയിൽ കയറി ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ അലക്സിന്റെ പിതാവ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്തപ്പോഴാണ് അലക്സിന്റെ സർട്ടിഫിക്കറ്റുകളും ശരത്തിന്റെ കൈവശമാണെന്നും ശരത് നൽകിയത് വണ്ടി ചെക്കാണെന്നും മനസിലായത്. പിന്നീട് ശരതിന്റെ മാതാവിനെ വിളിച്ചുവരുത്തി അടുത്ത ബുധനാഴ്ച പണവും മാലയും സർട്ടിഫിക്കറ്റുകളും നൽകാമെന്ന ഉറപ്പിൽ വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.