മെഡിക്കൽ കോളജിന് പുതിയ കവാടം; 10 പദ്ധതികൾക്ക് തുടക്കം
text_fieldsഗാന്ധിനഗർ: സർജിക്കൽ ബ്ലോക്കും സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കും പൂർത്തിയാകുമ്പോൾ അടിസ്ഥാനസൗകര്യത്തിന്റെ കാര്യത്തിൽ രാജ്യത്തെ ഏറ്റവും മികച്ച മെഡിക്കൽ കോളജായി കോട്ടയം മാറുമെന്ന് മന്ത്രി വീണാ ജോർജ്.
കോട്ടയം മെഡിക്കൽ കോളജിൽ 6.40 കോടി ചെലവിൽ പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനവും പുതിയ പ്രധാന പ്രവേശനകവാടത്തിന്റെ നിർമാണോദ്ഘാടനവും ജോൺ ബ്രിട്ടാസ് എം.പിയുടെ പ്രാദേശികവികസനഫണ്ടുവഴി അനുവദിച്ച നവീന ഉപകരണങ്ങളുടെ പ്രവർത്തനോദ്ഘാടനവും മെഡിക്കൽ കോളജ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. മുഖ്യാതിഥിയായി.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, കലക്ടർ ജോൺ വി. സാമുവൽ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ദീപ ജോസ്, ജോസ് അമ്പലക്കുളം, ജില്ല പഞ്ചായത്ത് അംഗം റോസമ്മ സോണി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അരുൺ ഫിലിപ്പ്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ പി. ശ്രീലേഖ, ഡി.സി.എച്ച് പ്രസിഡന്റ് സി.ജെ. ജോസഫ്, ഡെന്റൽ കോളജ് പ്രിൻസിപ്പൽ ഡോ. കണ്ണൻ വടക്കേപുരയിൽ, നഴ്സിങ് കോളേജ് പ്രിൻസിപ്പൽഎ.ടി സുലേഖ, കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. കെ. പി. ജയപ്രകാശ്, പ്രിൻസിപ്പൽ-ഇൻ-ചാർജ് ഡോ. കെ. അജിത്കുമാർ എന്നിവർ സംസാരിച്ചു.
99.30 ലക്ഷം രൂപ മുതൽമുടക്കിയാണ് പ്രധാന പ്രവേശനകവാടം നിർമിക്കുന്നത്. കോട്ടയം മെഡിക്കൽ കോളേജ് വജ്ര ജൂബിലി വികസന പ്രവർത്തനങ്ങളുടെ ഭാഗമായി നിർമിക്കുന്ന പ്രധാനകവാടം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ആണ് ഏറ്റെടുത്തിട്ടുള്ളത്.
ജില്ല സഹകരണ ബാങ്ക് നൽകിയ 62 ലക്ഷം രൂപയും ആശുപത്രി വികസനസമിതിയിൽനിന്നു ലഭിച്ച ബാക്കി തുകയും ഉപയോഗിച്ചാണ് നിർമാണം. ആറുമാസത്തിനുള്ളിൽ പൂർത്തിയാകുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.