130 കോടി കുടിശ്ശിക; മെഡിക്കൽ കോളജിലെ സൗജന്യ ചികിത്സ പ്രതിസന്ധിയിൽ
text_fieldsഗാന്ധിനഗർ: കുടിശ്ശിക കുന്നുകൂടിയതോടെ കോട്ടയം മെഡിക്കൽ കോളജിലേക്കുള്ള സർജിക്കൽ ഉപകരണങ്ങളുടെ വിതരണം നിർത്തി കമ്പനികൾ. ഇതോടെ ആശുപത്രിയിലെ സൗജന്യ ചികിത്സ പ്രതിസന്ധിയിൽ. കോട്ടയം മെഡിക്കൽ കോളജിലെ രോഗികൾക്ക് ശസ്ത്രക്രിയക്കായുള്ള അനുബന്ധ ഉപകരണങ്ങൾ നൽകിയ ഇനത്തിൽ വിവിധ കമ്പനികൾക്ക് 130 കോടിയാണ് നൽകാനുള്ളത്.
ആരോഗ്യ ഇൻഷുറൻസുള്ളവർക്ക് കമ്പനികൾ പണംവാങ്ങാതെ ഉപകരണങ്ങൾ നൽകുകയായിരുന്നു പതിവ്. ഈ തുക നിശ്ചിത ഇടവേളകളിൽ സർക്കാർ കമ്പനികൾക്ക് നൽകുകയായിരുന്നു.
എന്നാൽ, സാമ്പത്തികപ്രതിസന്ധിയിലായതിനാൽ സർക്കാർ മാസങ്ങളായി തുക വിതരണം ചെയ്യുന്നില്ല. ഇതോടെയാണ് ഇത്തരത്തിൽ ഉപകരണങ്ങൾ നൽകിയിരുന്ന കമ്പനികൾ ആരോഗ്യ ഇൻഷുറൻസ് വഴിയുള്ള വിതരണം നിർത്തിയത്.
ഉപകരണങ്ങളുടെ വിതരണം നിലച്ചതോടെ മെഡിക്കൽ കോളജിൽ ജനറൽ സർജറി, ന്യൂറോ സർജറി, അസ്ഥിരോഗ വിഭാഗം ഉൾപ്പെടെ വിഭാഗങ്ങളിൽ അടിയന്തര ശസ്ത്രക്രിയകൾ മാത്രമാണ് നടക്കുന്നത്. ഇതിനായി വലിയ തുക മുടക്കി രോഗികളുടെ ബന്ധുക്കൾ ഉപകരണങ്ങൾ വാങ്ങിനൽകുകയാണ് ചെയ്യുന്നത്. മറ്റ് ശസ്ത്രക്രിയകളെല്ലാം മുടങ്ങിയ നിലയിലാണ്.
സ്വന്തം പണം മുടക്കി ഉപകരണങ്ങൾ വാങ്ങി നൽകിയാൽ മാത്രമേ ശസ്ത്രക്രിയകൾ നടക്കുകയുള്ളൂവെന്ന സ്ഥിതി സാധാരണക്കാരെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.
നേരത്തെ ആവശ്യമുള്ള ഉപകരണങ്ങൾ ലോക്കൽ പർച്ചേസിലൂടെ വാങ്ങാൻ കഴിയുമായിരുന്നു. ഇപ്പോൾ ഒരു ലക്ഷം രൂപ ചെലവഴിക്കാൻ മാത്രമേ അനുമതിയുള്ളൂ. ആശുപത്രി വികസന സൊസൈറ്റി മുഖേന ലഭിക്കുന്ന ഫണ്ട് ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചിരുന്നു. എന്നാൽ, ഈ ഫണ്ടിൽ ഇപ്പോൾ കാര്യമായ നീക്കിയിരിപ്പില്ലെന്നും അധികൃതർ പറയുന്നു.
മരുന്നുകൾക്കും ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ക്യാൻസർ രോഗികൾക്കുള്ളതടക്കം കൂടിയ മരുന്നുകൾ ഉൾപ്പെടെ 100 ൽ അധികം മരുന്നുകൾ ഫാർമസിയിൽ ലഭ്യമല്ലെന്ന് ജീവനക്കാർ പറയുന്നു.
തുക വർധിപ്പിച്ചിട്ടും ആശുപത്രി വികസന ഫണ്ട് കാലി!
മെഡിക്കൽ കോളജിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നടത്താൻ ആശ്രയമായിരുന്ന ആശുപത്രി വികസന സൊസൈറ്റി ഫണ്ടും അതിവേഗം കാലിയാകുന്നു. എല്ലാ പരിശോധനകൾക്കും തുക വർധിപ്പിച്ചതിനൊപ്പം പ്രവേശന ഫീസും ഉയർത്തിയിരുന്നു. ഈ ഇനത്തിലുള്ള തുക എത്തുന്നത് ആശുപത്രി വികസന ഫണ്ടിലേക്കാണ്. എന്നിട്ടും കാര്യമായ നീക്കിയിരുപ്പില്ലാത്ത സ്ഥിതിയാണ്. മുൻകാലങ്ങളിൽ ഈ തുക അടിയന്തരഘട്ടങ്ങളിൽ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നു.
അടുത്തിടെ രോഗി സന്ദർശന ഫീസ് രാത്രി ഏഴിനുശേഷം 50 രൂപയായിട്ടാണ് ഉയർത്തിയത്. നേരത്തെ ഇത് അഞ്ച് രൂപയായിരുന്നു. സ്റ്റേ പാസ് നഷ്ടപ്പെട്ടാൽ പകരം ലഭിക്കാൻ ഇപ്പോൾ 200 രൂപ നൽകണമെന്നതാണ് സ്ഥിതി. നേരത്തെയുണ്ടായിരുന്ന 50 രൂപയാണ് കുത്തനെ വർധിപ്പിച്ച് 200ൽ എത്തിച്ചത്. എന്നിട്ടും ദൈനംദിന പ്രവർത്തനത്തിന് ഫണ്ട് തികയാതെ വരികയാണെന്ന് ചൂണ്ടിക്കാട്ടുന്നു. ആശുപത്രിയിലെ താൽക്കാലിക ജീവനക്കാർക്ക് വേതനം നൽകുന്നത് ആശുപത്രി വികസന സൊസൈറ്റി ഫണ്ട് ഉപയോഗിച്ചാണ്. അടുത്തിടെയായി താൽക്കാലിക ജീവനക്കാരുടെ എണ്ണം വർധിപ്പിച്ചതാണ് തുക കുറയാൻ കാരണമെന്ന് അധികൃതർ പറയുന്നു. എന്നാൽ, ചില മേഖലകളിൽ അധിക ജീവനക്കാർ നിലനിൽക്കെയാണ് പുതിയ നിയമനങൾ നടത്തുന്നതെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.