മെഡിക്കൽ കോളജ് സെക്യൂരിറ്റി സംവിധാനം; എതിർപ്പുമായി എച്ച്.ഡി.എസ് ജീവനക്കാർ
text_fieldsഗാന്ധിനഗർ: മെഡിക്കൽ കോളജിൽ നടപ്പാക്കാൻ പോകുന്ന സെക്യൂരിറ്റി സംവിധാനം വ്യാപക അഴിമതിക്കും ആശുപത്രി വികസന സൊസൈറ്റിയെ സാമ്പത്തികമായി തകർക്കാനുമുള്ള ശ്രമമാണെന്ന് ആരോപണം. ജൂലൈ ഒന്നു മുതലാണ് സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന്റെ (എസ്.ഐ.എസ്.എഫ്) സേവനം ആരംഭിക്കുന്നത്.
ഡെപ്യൂട്ടേഷനിൽ നിയമിതരാകുന്ന ഇവരുടെ ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന ശമ്പളവും മറ്റ് ആനൂകൂല്യങ്ങളും എച്ച്.ഡി.എസ് വരുമാനത്തിൽനിന്ന് വേണം വകയിരുത്താൻ. നിലവിൽ ബാങ്ക് ഓവർഡ്രാഫ്റ്റിൽ പൊയ്ക്കൊണ്ടിരിക്കുന്ന എച്ച്.ഡി.എസ് സംവിധാനത്തിനെ തകർച്ചയിലേക്ക് നയിക്കുമെന്നാണ് ജീവനക്കാർ ആശങ്കപ്പെടുന്നത്.
മെഡിക്കൽ കോളജ് രൂപീകൃതമായതിനുശേഷം സർക്കാർ നിയമിതനായ സാർജന്റിന്റെ നേതൃത്വത്തിൽ പട്ടാളത്തിൽനിന്ന് വിരമിച്ചവരെയാണ് സെക്യൂരിറ്റി ജീവനക്കാരായി നിയമിച്ചിരുന്നത്. അതിൽ ചിലർ ഒഴിച്ചാൽ ഭൂരിപക്ഷം ജീവനക്കാരും മാന്യമായി ഇടപെടുന്നവരാണെന്നും ജീവനക്കാർ പറയുന്നു.
പുതുതായി നിയമിതനായ എച്ച്.ഡി.എസ് മാനേജറുടെ കെടുകാര്യസ്ഥതയാണ് ഇതിനു മുൻപ് പലവട്ടം ആലോചിച്ചിട്ട് വേണ്ടെന്ന് വെച്ച പുതിയ സെക്യൂരിറ്റി സംവിധാനമെന്നും ഇഷ്ടക്കാരെ താക്കോൽസ്ഥാനങ്ങളിൽ ഉറപ്പിച്ചും ഓഫിസുകളിൽ തിരുകിക്കയറ്റിയും എതിർശബ്ദങ്ങളെ നിശ്ശബ്ദരാക്കിയുമാണ് അധികൃതർ ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതെന്ന് ആക്ഷേപമുണ്ട്.
ഇത് വികസന സൊസൈറ്റിയുടെ മേൽ ഭാരിച്ച സാമ്പത്തികബാധ്യത അടിച്ചേല്പിക്കുന്നതിനും നിലവിലെ വിവിധപരിശോധനകൾക്ക് വാങ്ങുന്ന ഫീസ് ഇരട്ടിയാക്കാനും കാരണമാകുമെന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.