മെഡിക്കൽ കോളജിൽ പുതിയ സെക്യൂരിറ്റി സംവിധാനം
text_fieldsഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ഇനി സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന്റെ (എസ്.ഐ.എസ്.എഫ്) നിയന്ത്രണത്തിൽ. 14 പുരുഷന്മാരും ആറ് യുവതികളും അടങ്ങുന്ന ആയുധധാരികളായ സുരക്ഷ ജീവനക്കാരെയാണ് നിയമിച്ചിരിക്കുന്നത്.
അത്യാഹിതവിഭാഗത്തിലും ബ്ലഡ് ബാങ്കിന് സമീപമുള്ള പ്രവേശന കവാടത്തിന് സമീപവുമാണ് ഇവർ വിന്യസിച്ചിരിക്കുന്നത്. ആശുപത്രിയിൽ സുരക്ഷ ശക്തമാക്കുന്നന്നതിന്റെ ഭാഗമായിട്ടാണ് ഈ സംവിധാനം. ആശുപത്രി ജീവനക്കാർക്കും ഡോക്ടർമാർക്കുമെതിരെ അടുത്ത നാളുകളിൽ വർധിച്ചുവരുന്ന അക്രമ സംഭവത്തിൽ ഡോക്ടർമാരുടെ സംഘടനകൾ കടുത്ത പ്രതിഷേധം നടത്തിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് എസ്.ഐ.എസ്.എഫിന്റെ സേവനം നടപ്പാക്കുന്നത്.
എന്നാൽ, ഇതിനെതിരെ ശക്തമായ എതിർപ്പുമായി എച്ച്.ഡി.എസ് ജീവനക്കാരും രംഗത്തുവന്നിരുന്നു. ഡപ്യൂട്ടേഷനിൽ നിയമിതരാകുന്ന എസ്.ഐ.എസ്.എഫിന്റെ സേവനത്തിന് ലക്ഷക്കണക്കിന് രൂപ ചെലവ് വരുമെന്നും ശമ്പളവും മറ്റ് ആനൂകൂല്യങ്ങളും എച്ച്.ഡി.എസ് വരുമാനത്തിൽനിന്നും വേണം നൽകാനെന്ന് ഇവർ ആരോപിക്കന്നു.
നിലവിൽ ബാങ്ക് ഓവർഡ്രാഫ്റ്റിൽ പൊയ്ക്കൊണ്ടിരിക്കുന്ന എച്ച്.ഡി.എസ് സംവിധാനത്തെ പൂർണമായി തകർച്ചയിലേക്ക് നയിക്കുമെന്നാണ് എച്ച്.ഡി.എസ് ജീവനക്കാരുടെ ആശങ്ക. ഇവരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും കൃത്യമായി നൽകാതെ ജീവനക്കാർ ബുദ്ധിമുട്ടുമ്പോഴാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്.
അത്യാഹിത വിഭാഗം സ്ഥലപരിമിതികളാൽ ബുദ്ധിമുട്ടുമ്പോൾ ഇവർക്കായി ഫൈവ് സ്റ്റാർ സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്നാണ് ജീവനക്കാരുടെ ആരോപണം. പുതിയതായി നിയമിതനായ എച്ച്.ഡി.എസ് മാനേജരുടെ കെടുകാര്യസ്ഥതയാണ് ഇതിനു മുമ്പ് പലവട്ടം ആലോചിച്ചിട്ട് വേണ്ടെന്ന് വച്ച പുതിയ സെക്യൂരിറ്റി സംവിധാനമെന്നും ഇവർ ആരോപിക്കുന്നു.
താക്കോൽസ്ഥാനങ്ങളിൽ ഉറപ്പിച്ചും ഓഫിസുകളിൽ തിരുകി കയറ്റിയും എതിർ ശബ്ദങ്ങളെ നിശബ്ദരാക്കിയുമാണ് അധികൃതർ ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതെന്നുമാണ് ഇവരുടെ ആക്ഷേപം. ഒന്നര വർഷംമാത്രമാണ് നിലവിലെ എച്ച്.ഡി.എസിന്റെ കാലാവധി. അതിനുശേഷം വരുന്ന ആശുപത്രി വികസന സൊസൈറ്റിയുടെ മേൽ ഭാരിച്ച സാമ്പത്തികബാധ്യത അടിച്ചേൽപിക്കാനും നിലവിലെ വിവിധ പരിശോധനകൾക്ക് വാങ്ങുന്ന ഫീസ് ഇരട്ടിയാക്കുവാനും ഇതു കാരണമാകുമെന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.