അജ്ഞാത മൃതദേഹം സംസ്കരിക്കാൻ നെട്ടോട്ടമോടി പഞ്ചായത്ത് അധികൃതർ
text_fieldsഗാന്ധിനഗർ: അജ്ഞാത മൃതദേഹം സംസ്കരിക്കാൻ സ്ഥലമില്ലാതെ ആർപ്പൂക്കര പഞ്ചായത്ത് അധികൃതർ നെട്ടോട്ടമോടി. മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ച വയോധികന്‍റെ മൃതദേഹം സംസ്കരിക്കാനാണ് പഞ്ചായത്ത് അധികൃതർ ബുദ്ധിമുട്ടിയത്.
കോട്ടയം, ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിൽ അന്വേഷിച്ചെങ്കിലും വിവിധ കാരണങ്ങളാൽ നടന്നില്ല. തുടർന്ന് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് കിടങ്ങൂർ പഞ്ചായത്തിന്‍റെ പൊതു ശ്മശാനത്തിൽ സംസ്കരിക്കാൻ അനുവാദം ലഭിക്കുകയും പഞ്ചായത്ത് പ്രസിഡന്‍റ് റോസ്ലി ടോമിച്ചന്‍റെ നേതൃത്വത്തിൽ സംസ്കരിക്കുകയുമായിരുന്നു. കഴിഞ്ഞ 18ന് രാവിലെ എട്ടിന് മെഡിക്കൽ കോളജ് പഴയ ഒ.പി ടിക്കറ്റ് കൗണ്ടറിന് മുൻവശമാണ് 65 വയസ്സ് പ്രായം തോന്നിക്കുന്ന വയോധികനെ മരിച്ചനിലയിൽ കണ്ടത്.
പൊലീസ് നടപടിക്കുശേഷം മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ആരുടേതെന്നോ ബന്ധുക്കളെ കണ്ടെത്താനോ കഴിഞ്ഞില്ല. തുടർന്ന് അജ്ഞാത മൃതദേഹം സംസ്കരിക്കാൻ ആശുപത്രി അധികൃതർ ആർപ്പൂക്കര പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് കിടങ്ങൂർ പഞ്ചായത്തിന്‍റെ പൊതുശ്മശാനത്തിൽ സംസ്കരിക്കാൻ അനുമതി നൽകിയതിനാലാണ് വെള്ളിയാഴ്ച സംസ്കരിക്കാനായതെന്ന് ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്‍റ് റോസ്‌ലി ടോമിച്ചൻ പറഞ്ഞു. മെഡിക്കൽ കോളജ് സ്ഥിതിചെയ്യുന്നത് ആർപ്പൂക്കര പഞ്ചായത്തിലാണ്.
എന്നാൽ, ആശുപത്രിയുടെ ഉപയോഗശൂന്യമായ സ്ഥലത്ത് ഒരു പൊതുശ്മശാനം സ്ഥാപിക്കാൻ വർഷങ്ങളായി പഞ്ചായത്ത് ആവശ്യപ്പെടുന്നുണ്ടെങ്കിലും അനുമതി നൽകാൻ ആശുപത്രി അധികൃതർ തയാറാകുന്നില്ല. കോവിഡ് മൂലം മരണപ്പെട്ടവരുടേതടക്കം നിരവധി മൃതദേഹങ്ങൾ സംസ്കരിക്കാൻ പഞ്ചായത്ത് ബുദ്ധിമുട്ടുകയാണ്. പൊതുശ്മശാനത്തിനുള്ള സ്ഥലം അനുവദിക്കാൻ ബന്ധപ്പെട്ടവർ തയാറാകണമെന്നും അല്ലെങ്കിൽ അജ്ഞാത മൃതദേഹങ്ങൾ സംസ്കരിക്കാൻ തുടർന്നും ബുദ്ധിമുട്ടുണ്ടാകുമെന്നും റോസിലി ടോമിച്ചൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.