ചികിത്സ പദ്ധതികളുടെ ആനുകൂല്യം കിട്ടാതെ രോഗികൾ
text_fieldsഗാന്ധിനഗർ: സർക്കാർ ആശുപത്രികളിലെത്തുന്ന രോഗികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാറിന്റെ ചികിത്സപദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നില്ല. കേന്ദ്ര സർക്കാറിന്റെ ആയുഷ് മാൻ ഭാരത്, സംസ്ഥാന സർക്കാറിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി എന്നിവ നിലവിലുണ്ടെങ്കിലും രോഗികൾക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുന്നില്ല. ശസ്ത്രക്രിയ ആവശ്യമായി വരുന്ന രോഗികൾ ഇൻഷുറൻസ് പദ്ധതിയിൽ അംഗമായാൽ പൂർണമായി സൗജന്യ ചികിത്സ നൽകണം. എന്നാൽ, ശസ്ത്രക്രിയക്ക് ആവശ്യമായ ഇംപ്ലാന്റ് ഉൾപ്പെടെ അനുബന്ധ ഉപകരണങ്ങൾ നൽകുന്നത് സ്വകാര്യകമ്പനികളാണ്. മെഡിക്കൽ കോളജിൽനിന്ന് സൗജന്യമായി ലഭിക്കുന്നത് ഗ്ലൗസും സൂചിയും മാത്രം. ശസ്തക്രിയ ആവശ്യമായ രോഗികൾ ഇംപ്ലാന്റ്, സ്റ്റെന്റ് തുടങ്ങി മുഴുവൻ ശസ്ത്രക്രിയ അനുബന്ധ സാമഗ്രികളും പണം നൽകി പുറത്തുനിന്ന് വാങ്ങണം. ഇതിന് പണമില്ലാതെ നെട്ടോട്ടമോടുകയാണ് രോഗികളും ബന്ധുക്കളും. കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളജിൽ നടുവേദനയുമായി വന്ന രോഗിക്ക് പരിശോധിച്ച ഡോക്ടർ ശസ്ത്രക്രിയ തീരുമാനിച്ചു. ശസ്ത്രക്രിയ നടത്താൻ രണ്ടര ലക്ഷം രൂപയോളം ചെലവ് വരുമെന്നും ഡോക്ടർ അറിയിച്ചു. കാരണം തിരക്കിയപ്പോഴാണ് ശസ്ത്രക്രിയ ഉപകരണങ്ങളുടെയും അനുബന്ധ ഉപകരങ്ങളുടെ വിലയാണിതെന്ന് ഡോക്ടർ പറയുന്നത്. രോഗിക്ക് ചികിത്സ പദ്ധതിക്ക് അർഹതയുണ്ടെന്നു പറഞ്ഞപ്പോൾ പദ്ധതിയുടെ പണം സർക്കാർ കൊടുക്കാത്തതുകൊണ്ട് മരുന്ന് കമ്പനികൾ അവ നൽകാറില്ലെന്നാണ് മറുപടി. പദ്ധതികളിൽ പണം ഇല്ലാത്തതിനാൽ ശസ്ത്രക്രിയകൾക്കോ മരുന്നുകൾക്കോ ചെലവഴിച്ച തുകകളുടെ ബിൽ, രോഗികളുടെ ബാങ്ക് അക്കൗണ്ട് എന്നിവ മെഡിക്കൽ കോളജിൽനിന്ന് രോഗി ഡിസ്ചാർജ് ചെയ്യുമ്പോൾ ഇൻഷുറൻസ് പദ്ധതിയുടെ കൗണ്ടറിൽ ഏൽപിക്കണം. സർക്കാർ പണം നൽകുന്നതനുസരിച്ച് പിന്നീട് രോഗികളുടെ അക്കൗണ്ടിലേക്ക് നൽകുമെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. പണമില്ലാത്ത പാവപ്പെട്ട രോഗികൾക്ക് ഉപകരണങ്ങൾ വാങ്ങാൻ നിവൃത്തിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.