മൂന്നുദിവസം പ്രായമായ കുട്ടിക്ക് അപൂർവ ശസ്ത്രക്രിയ; കോട്ടയം മെഡിക്കൽ കോളജിന് ചരിത്രനേട്ടം
text_fieldsഗാന്ധിനഗർ: മൂന്നുദിവസം പ്രായമായ ശിശുവിന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ അപൂർവ ശസ്ത്രക്രിയ. ന്യൂറോ സർജറി വിഭാഗം നടത്തിയ ശസ്ത്രക്രിയ വിജയിച്ചതിനെത്തുടർന്ന് കുഞ്ഞിനെ ഡിസ്ചാർജ് ചെയ്തു. കോട്ടയം പൂഞ്ഞാർ ചോലത്തടം പ്ലാക്ക തകിടിയിൽ പ്രസാദ്-മിന്ന ദമ്പതികളുടെ ആദ്യ കുഞ്ഞാണ് ശസ്ത്രക്രിയക്ക് വിധേയയായത്.
മിന്നയെ ഗർഭാരംഭം മുതൽ പാലാ ഗവ. ആശുപത്രിയിലാണ് ചികിത്സിച്ചിരുന്നത്. ഈമാസം ഏഴിന് മഞ്ഞപ്പിത്ത ലക്ഷണങ്ങളോടെ മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിൽ എത്തിച്ചു. 11ന് സിസേറിയറിനിലൂടെ പെൺകുഞ്ഞിന് ജന്മം നൽകി. നവജാത ശിശു കരയുകയോ പാൽ കുടിക്കുകയോ ചെയ്യാതിരുന്നതിനെത്തുടർന്ന് പരിശോധനക്ക് വിധേയമാക്കിയപ്പോൾ തലച്ചോറിൽ രക്തസ്രാവം കണ്ടെത്തി. ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. പി.കെ. ബാലകൃഷ്ണൻ നടത്തിയ പരിശോധനയിൽ തലച്ചോറിനെ പൊതിയുന്ന ആവരണത്തിനും തലച്ചോറിനും ഇടക്കുള്ള സ്ഥലത്താണ് രക്തസ്രാവം (സബ് ഡ്യൂറൽ ഹെമറ്റോമ) എന്ന് കണ്ടെത്തി. 14ന് ശസ്ത്രക്രിയ നടത്തി.
തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതോടെ ബുധനാഴ്ച ഡിസ്ചാർജ് ചെയ്തു. ഡോ. പി.കെ. ബാലകൃഷ്ണൻ, ഡോ. കെ.എം. ഗിരീഷ്, ഡോ. ഷാജു മാത്യു, ഡോ. ടിനു രവി എബ്രഹാം, ഡോ. മിനു ഗോപാൽ, ഡോ. ഫിലിപ് ഐസക്, ഡോ. അജാക്സ് ജോൺ, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ഷീബ, ഡോ. സ്മൃതി, നഴ്സ് അനു, കെ. ജനാർദനൻ എന്നിവരാണ് ശസ്ത്രക്രിയ സംഘത്തിലുണ്ടായിരുന്നത്.
കോവിഡ് വ്യാപന സമയത്ത് മറ്റ് സർക്കാർ ആശുപത്രികളിൽ ശസ്ത്രക്രിയ മാറ്റിവെക്കപ്പെടേണ്ടിവരുമ്പോൾ കോട്ടയം മെഡിക്കൽ കോളജ് ന്യൂറോ സർജറി വിഭാഗത്തിന് 1000 രോഗികളുടെ ശസ്ത്രക്രിയ ചെയ്യാൻ കഴിഞ്ഞത് സർക്കാറിെൻറയും മെഡിക്കൽ കോളജിെൻറയും നേട്ടമാണെന്ന് ഡോ. പി.കെ. ബാലകൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.