എം.സി റോഡിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്
text_fieldsകുമാരനല്ലൂർ മേൽപാലത്തിന് സമീപം അപകടത്തിൽപെട്ട
ലോറി
ഗാന്ധിനഗർ: നിയന്ത്രണംവിട്ട സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്കേറ്റു. പുതുപ്പള്ളി മാടപ്പറമ്പിൽ റെനിയാണ് (40) അപകടത്തിൽപ്പെട്ടത്. ഇദ്ദേഹത്തെ നാട്ടുകാർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. വെള്ളിയാഴ്ച വൈകീട്ട് 3.45ന് കുമാരനല്ലൂർ കുടമാളൂർ റോഡിൽ കുമാരനല്ലൂർ മേൽപാലത്തിന് സമീപമായിരുന്നു അപകടം. കുമാരനല്ലൂർ മേൽപാലം കയറി കുടമാളൂർ ഭാഗത്തേക്ക് പോകുകയായിരുന്നു സ്കൂട്ടർ യാത്രികൻ. മുന്നിൽ പോകുകയായിരുന്ന കാറിനെ സ്കൂട്ടർ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി ലോറിയുമായി ഇടിക്കുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. അപകടത്തെ തുടർന്ന് കുമാരനല്ലൂർ - കുടമാളൂർ റോഡിൽ ഗതാഗതവും തടസ്സപ്പെട്ടു. കഴിഞ്ഞ ആഴ്ച ഇതേ റോഡിൽ ബൈക്ക് ടോറസിലിടിച്ച് മൂന്നു യുവാക്കൾക്ക് ജീവഹാനി സംഭവിച്ചിരുന്നു. മേൽപാലം ഇറങ്ങി വരുമ്പോൾ വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിൽ റോഡിലേക്ക് നീക്കി നിർത്തിയിടുന്ന വാഹനങ്ങൾ അപകടങ്ങൾക്ക് കാരണമാകുമെന്ന് നാട്ടുകാർ പറയുന്നു. ഇവിടെ പാർക്കിങ് ഒഴിവാക്കാൻ പൊലീസിന്റെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്നതാണ് ആവശ്യം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.