കോട്ടയം മെഡിക്കൽ കോളജിൽ ഡോക്ടർമാരുടെ കുറവ്; പഠനവും ചികിത്സയും പ്രതിസന്ധിയിൽ
text_fieldsഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ ഡോക്ടർമാരുടെ കുറവുമൂലം മെഡിക്കൽ വിദ്യാഭ്യാസരംഗവും രോഗികളുടെ ചികിത്സയും പ്രതിസന്ധിയിൽ. നിയമനം നടത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. രണ്ടുമാസത്തിനിടെ നിരവധി ഡോക്ടർമാരാണ് സർവിസിൽനിന്ന് വിരമിച്ചത്.
മെഡിക്കൽ കോളജ് പ്രിൻസിപ്പലും നെഫ്രോളജിസ്റ്റുമായിരുന്ന ഡോ. കെ.പി. ജയകുമാർ, അസ്ഥിരോഗ വിഭാഗം മേധാവി ഡോ. എം.സി. ടോമിച്ചൻ, മെഡിസിൻ വിഭാഗം മേധാവി ഡോ. സംഘമിത്ര, ഫോറൻസിക് മെഡിസിൻ വിഭാഗം മേധാവി ഡോ. രാജീവ്, അനാട്ടമി മേധാവി ഡോ. ഉഷാവതി എന്നിവർ ഏപ്രിലിൽ സർവിസിൽനിന്ന് വിരമിച്ചിരുന്നു. ഇവർ മെഡിക്കൽ വിദ്യാർഥികൾക്ക് ക്ലാസ് എടുത്തിരുന്നവരും ഒപ്പം രോഗികൾക്ക് ചികിത്സയും നൽകിയിരുന്നു.
ഇതോടൊപ്പം മേയിൽ അഞ്ച് വകുപ്പ് മേധാവികൾകൂടി വിരമിച്ചു. പകർച്ചവ്യാധി വിഭാഗം മേധാവി ഡോ. ആർ. സജിത് കുമാർ, ജനറൽ മെഡിസിൻ വിഭാഗം മേധാവി പ്രഫ. ഡോ. ഷീല കുര്യൻ, ഓർത്തോപീഡിക് വിഭാഗത്തിലെ ഡോ. ജോർജ് തോമസ്, ഹൃദ്രോഗ വിഭാഗം മേധാവി ഡോ. രാജു ജോർജ് എന്നിവരാണ് കഴിഞ്ഞ 31ന് സർവിസിൽനിന്ന് വിരമിച്ചത്. കൂടാതെ മെഡിക്കൽ കോളജിലെ രണ്ടു ഡോക്ടർമാർക്ക് സ്ഥാനക്കയറ്റം നൽകി മറ്റ് മെഡിക്കൽ കോളജുകളിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഡോ. റെയ്ഹാനത്തുൾ മിസ്റിയയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്കും ഡോ. കെ. ജയപ്രകാശിനെ കളമശ്ശേരി മെഡിക്കൽ കോളജിലേക്കുമാണ് മാറ്റിയത്. കാർഡിയോളജി വിഭാഗത്തിൽ ഡോ. രാജു ജോർജിന്റെ ഒഴിവിൽ ഡോ. വി.എൽ. ജയപ്രകാശ് ഉണ്ടെങ്കിലും മൂന്നു ഫാക്കൽറ്റിയുടെ ഒഴിവ് നികത്താത്തതിനാൽ അധ്യാപനത്തിനും ചികിത്സക്കും വളരെയേറെ ബുദ്ധിമുട്ട് നേരിടുകയാണ്.
അന്നും ഇന്നും ഏഴുപേർ
1972ൽ കോട്ടയം മെഡിക്കൽ കോളജിൽ ഏഴ് ഫാക്കൽറ്റി ഉണ്ടായിരുന്നെങ്കിൽ 50 വർഷം പിന്നിട്ടിട്ടും അതേ എണ്ണത്തിൽ തുടരുകയാണ്. ഒരുവർഷം മുമ്പുവരെ ഒരു കാത്ത് ലാബ് മാത്രമായിരുന്നു മെഡിക്കൽ കോളജിൽ ഉണ്ടായിരുന്നത്. ഈ ഒരു കാത്ത് ലാബ് ഉപയോഗിച്ചാണ് കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജിൽ ഏറ്റവും കൂടുതൽ ആൻജിയോഗ്രാം, ആൻജിയോ പ്ലാസ്റ്റി നടത്തിവന്നിരുന്നത്. കഴിഞ്ഞവർഷം ഒരു കാത്ത് ലാബ് കൂടി ലഭിച്ചതോടെ ഈ ചികിത്സകളുടെ എണ്ണം ഇരട്ടിയായി വർധിപ്പിച്ചിരുന്നു. എന്നാൽ, ആവശ്യത്തിന് സീനിയർ ഡോക്ടർമാർ ഇല്ലാത്തത് കാർഡിയോളജി വിഭാഗത്തിന്റെ ദൈനംദിന പ്രവർത്തനത്തെ തന്നെ ബാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.