രോഗവിമുക്തനായ വാവയുമായി മാത്രമേ ആശുപത്രി വിടൂ'
text_fields'ഗാന്ധിനഗർ: പാമ്പ് കടിയേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് രോഗവിമുക്തനായശേഷം വാവയുമായേ നാട്ടിലേക്ക് മടങ്ങുകയുള്ളൂവെന്ന് സഹോദരൻ സത്യദേവൻ. വാവ സുരേഷിന് പാമ്പ് കടിയേറ്റതറിഞ്ഞ് ഉടൻ സഹോദരിയും സത്യദേവനും, ഭാര്യയും തിരുവനന്തപുരത്ത് നിന്ന് ഞായറാഴ്ച അർധരാത്രി തന്നെ മെഡിക്കൽ കോളജിലെത്തി.
വാവാ സുരേഷിൽ നിന്നും സഹായം ലഭിച്ചവരുടെ നിലക്കാത്ത ഫോൺ വിളികൾക്ക് മറുപടി പറഞ്ഞുമടുത്തു. സുരേഷിന്റെ രണ്ടു മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. ഓരോ മണിക്കൂറും സുരേഷിന്റെ ആരോഗ്യനിലയെക്കുറിച്ച് അറിയാൻ ആകാംക്ഷയോടെ, മെഡിക്കൽ ക്രിറ്റിക്കൽ കെയർ യൂനിറ്റിന്റെ മുൻവശത്ത് നിൽക്കുകയാണ് ഈ കുടുംബം. കൂടാതെ, കുറിച്ചി പഞ്ചായത്തിൽ പാമ്പ് കടിയേറ്റ സ്ഥലത്തെ വീടിന്റെ ഉടമസ്ഥൻ നിഖിലും, പഞ്ചായത്ത് മെംബർ മഞ്ചേഷും ഇവരുടെ ഒപ്പമുണ്ട്.
നിഖിലിന്റെ വീട്ടുവളപ്പിൽ നിന്നാണ് മൂർഖൻ പാമ്പിനെ പിടിക്കാൻ വാവ സുരേഷ് എത്തിയത്. വിളിച്ചുവരുത്തിയത് മഞ്ചേഷാണ്. ഇക്കാരണത്താൽ ഇവരും നിറകണ്ണുകളോടെ സുരേഷ് ചികിത്സയിൽ കഴിയുന്ന മുറിയുടെ വാതിക്കൽ കാത്തിരിപ്പാണ്.
ഇതിനിടയിൽ, തിരുവനന്തപുരം മെഡിക്കൽ കോളജ് മുൻ സൂപ്രണ്ടും, ന്യൂറോ സർജറി മേധാവിയുമായിരുന്ന ഡോ. എം. എസ്. ഷർമദ്, വാവ സുരേഷിനെ തീവ്രപരിചരണ വിഭാഗത്തിലെത്തി സന്ദർശിച്ചു.
പാമ്പ് കടിയേറ്റ് സുരേഷ് നിരവധി തവണ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തിയപ്പോഴെല്ലാം സഹോദരനെപ്പോലെ ചേർന്നുനിന്ന് ചികിത്സക്ക് ഇദ്ദേഹം നേതൃത്വം നൽകിയിരുന്നു. സുരേഷിന്റെ നാട്ടുകാരൻ കൂടിയായ ഡോ. ഷർമദിന്റെ സന്ദർശനം സുരേഷിന് ആത്മധൈര്യം നൽകിയതായി ബന്ധുക്കൾ പറഞ്ഞു.
വാവ സുരേഷിന് കടിയേറ്റ പരിസരത്ത് വീണ്ടും പാമ്പ്
കോട്ടയം: വാവ സുരേഷിന് പാമ്പുകടിയേറ്റ വീട്ടിലെ പരിസരത്ത് വീണ്ടും പാമ്പിനെ കണ്ടെത്തി. കുറിച്ചി പാട്ടാശ്ശേരിയിൽ വാണിയപ്പുരക്കൽ ജലധരന്റെ വീടിന്റെ പിൻവശത്തെ കൽക്കൂട്ടത്തിൽനിന്ന് പാമ്പിനെ പിടികൂടുന്നതിനിടെയാണ് മൂർഖൻ പാമ്പിൽനിന്ന് കടിയേറ്റത്.
ചൊവ്വാഴ്ച്ച രാത്രി 10.30 ഓടെയാണ് ഇതേ വീടിന്റെ കൽക്കൂട്ടത്തിന്റെ പരിസരത്ത് മറ്റൊരു പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് വിവരം സ്നേക്ക് റെസ്ക്യൂ ജില്ല കോഓഡിനേറ്ററെ അറിയിച്ചു. ഇവിടെനിന്നും റെസ്ക്യൂവർ എത്തി രാത്രി വൈകിയും പരിശോധന നടത്തിയെങ്കിലും പാമ്പിനെ പിടികൂടാൻ സാധിച്ചില്ല. വാവ സുരേഷ് പിടികൂടിയ ഇനത്തിൽപ്പെട്ട പാമ്പ് തന്നെയാണിതെന്നും കൂടാതെ, പ്രദേശത്ത് കൂടുതൽ പാമ്പുകൾ ഉള്ളതായി സംശയിക്കുന്നെന്നും ഇവയുടെ പടങ്ങളും സമീപത്ത് കണ്ടെത്തിയെന്നും റെസ്ക്യൂവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.