പൊലീസ് പിടിക്കാനെത്തിയപ്പോൾ കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി; ഒടുവിൽ അനുനയിപ്പിച്ച് താഴെയിറക്കി
text_fieldsഗാന്ധിനഗർ: കെട്ടിടത്തിെൻറ മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ ക്രിമിനൽ കേസുകളിലെ പ്രതിയെ പൊലീസും അഗ്നിശമന ഉദ്യോഗസ്ഥരും ചേർന്ന് അനുനയിപ്പിച്ച് താഴെയിറക്കി. നിരവധി കേസുകളിൽ പ്രതിയായ ആർപ്പൂക്കര ഉമ്പക്കാട്ട് ജീമോൻ (25) ആണ് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. ശനിയാഴ്ച ഉച്ചക്ക് ഒന്നരക്ക് സംക്രാന്തിയിലാണ് സംഭവം.
കഴിഞ്ഞ ആഴ്ച കക്കൂസ് മാലിന്യവുമായി വന്ന ലോറി കുട്ടികളുടെ ആശുപത്രിക്ക് സമീപം തടഞ്ഞുനിർത്തി, 10000 രൂപ ജീമോൻ ആവശ്യപ്പെട്ടു. പണം നൽകാതിരുന്നതിനെ തുടർന്ന് ലോറിയുടെ ചില്ല് അടിച്ചുതകർത്തു. ലോറി ഡ്രൈവർ ജീമോനെതിരെ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി. തുടർന്ന് ഇയാൾ ഒളിവിലായിരുന്നു. ഇതിനിെട മകനെ കാണാനില്ലെന്ന് കാണിച്ച് പിതാവ് ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിരുന്നു. ശനിയാഴ്ച രാവിലെ മെഡിക്കൽ കോളജ് പരിസരത്തെ തട്ടുകടയിലേക്ക് ടാങ്കിൽ ശുദ്ധജല വിതരണത്തിന് എത്തിയ വിവരമറിഞ്ഞ് എസ്.എച്ച്.ഒ ഗോപകുമാറിെൻറ നേതൃത്വത്തിൽ പൊലീസെത്തി. ഉടൻ ഇയാൾ ടാങ്കിലെ വെള്ളവുമായി പിക്അപ് വാനിൽ അമിതവേഗത്തിൽ പാഞ്ഞു.
പൊലീസും പിന്നാലെ പോയി. സംക്രാന്തി ഭാഗത്ത് എത്തിയപ്പോൾ ഒരു മതിലിൽ ഇടിച്ച് വണ്ടിനിന്നു. ഇറങ്ങിയോടിയ പ്രതി, ഗ്രാമീൺ ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുകളിൽ കയറി. തന്നെ സ്റ്റേഷനിൽ കൊണ്ടുപോയാൽ മർദിക്കുമെന്നും അതിനാൽ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞ് ഭീഷണി മുഴക്കി. നാട്ടുകാരും തടിച്ചുകൂടി. തുടർന്ന്, പൊലീസ്, അഗ്നിസേനാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഇവരെത്തി ഇയാളെ അനുനയിപ്പിച്ച് ഏണിയിലൂടെ താഴെയിറക്കി അറസ്റ്റ് ചെയ്യുകയായിരുന്നു. വാനും കസ്റ്റഡിയിൽ എടുത്തു. കഞ്ചാവ് വിൽപന, വധശ്രമം തുടങ്ങി നിരവധി, കേസുകളിൽ പ്രതിയാണെന്ന് ഗാന്ധിനഗർ പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.