മെഡിക്കൽ കോളജിൽ ഇരക്കും ആരോപണ വിധേയനും സ്ഥലം മാറ്റം
text_fieldsഗാന്ധിനഗർ: ഭിന്നശേഷിക്കാരിയായ ഫാർമസിസ്റ്റിനെ സഹപ്രവർത്തകൻ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഇരക്കും ആരോപണവിധേയനായ ഫാർമസിസ്റ്റിനും സ്ഥലം മാറ്റം. മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിലെ ഫാർമസിസ്റ്റുമാരെയാണ് മെഡിക്കൽ കോളജിലേക്ക് സ്ഥലം മാറ്റിയത്.
നാലുമാസം മുമ്പ് കുട്ടികളുടെ ആശുപത്രിയിലെ ഭിന്നശേഷിക്കാരിയായ ഫാർമസിസ്റ്റിനെ ഡ്യൂട്ടിക്കിടയിൽ ഒരു പുരുഷ ഫാർമസിസ്റ്റ് മാനസികമായി പീഡിപ്പിക്കുകയും ലൈംഗിക ചുവയുള്ള ഭാഷ ഉപയോഗിച്ച് സംസാരിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന് പരാതി ഉയർന്നിരുന്നു.
ഇക്കാര്യംകാട്ടി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് എന്നിവർക്ക് പരാതിയും നൽകി. പരാതിയെക്കുറിച്ച് അന്വേഷിക്കാൻ അധികൃതർ ആശുപത്രി സൂപ്രണ്ട് ഡോ. പി. സവിതയെ ചുമതലപ്പെടുത്തി. തുടർന്ന് സൂപ്രണ്ട് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഫാർമസിയിൽ അനൈക്യവും പതിവായി കലഹവും നടക്കുന്നുവെന്നും ഇത് ഫാർമസിയുടെ ദൈനംദിന പ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്ന് റിപ്പോർട്ട് നൽകി. ഇതോടെ പരാതിക്കാരിയെയും ആരോപണ വിധേയനെയും കോട്ടയം മെഡിക്കൽ കോളജിലേക്ക് സ്ഥലം മാറ്റാൻ ഉത്തരവിടുകയായിരുന്നു. ഒരേ ഡിപ്പാർട്മെൻറിൽ വരാത്ത വിധം ഇരുവർക്കും ഉചിതമായ നിയമനം നൽകണമെന്നും ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.