കഞ്ചാവ് കടത്തുന്നതിനെ ചൊല്ലി തർക്കം; ഗുണ്ടാസംഘം അഴിഞ്ഞാടി
text_fieldsഗാന്ധിനഗർ: കഞ്ചാവ് കടത്തുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഗുണ്ടാസംഘം അഴിഞ്ഞാടി. വെള്ളിയാഴ്ച രാത്രി 11ഒാടെ ആർപ്പൂക്കര പനമ്പാലത്താണ് നാട്ടുകാരെ വിറപ്പിച്ച് ഗുണ്ടാസംഘം പൊതുനിരത്തിൽ ഭീതിവിതച്ചത്.
ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടാത്തലവൻ അലോട്ടി ജയിലിലായതിനാൽ ഇപ്പോഴത്തെ തലവെൻറ നേതൃത്വത്തിലായിരുന്നു ഭീഷണിപ്പെടുത്തലും അഴിഞ്ഞാട്ടവും. ഇവർ കൊണ്ടുവന്ന കഞ്ചാവ് കോട്ടയത്ത് എത്തിക്കുന്നതുമായി ബന്ധപ്പെട്ടാണ് സംഘങ്ങൾ തമ്മിൽ തർക്കം ഉണ്ടായതെന്ന് ഗാന്ധിനഗർ പൊലീസ് പറഞ്ഞു.
ബൈക്കിലെത്തിയ ഗുണ്ടാസംഘങ്ങൾ വടിവാളുമായി നിരത്തിലൂടെ പായുകയും വടിവാൾ റോഡിൽ ഉരസി നാട്ടുകാർ ഉൾപ്പെടെ ഉള്ളവരെ ഭീതിയുടെ മുൾമുനയിൽ നിർത്തുകയുമായിരുന്നു. നാട്ടുകാർ വിവരം പൊലീസിനെ അറിയിച്ചതിനെ തുടർന്ന് ഗാന്ധിനഗർ പൊലീസ് സ്ഥലത്തെത്തി.
പൊലീസിനെ കണ്ട് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച രണ്ടുപേരെ രാത്രി തന്നെപൊലീസ് കസ്റ്റഡിയിൽ എടുത്തു. പീന്നീട് എസ്.എച്ച്.ഒ, കെ. ഷിജി, എസ്.ഐ കെ.കെ. പ്രശോഭ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ സംഘത്തിലെ മൂന്നുപേരെ കൂടി പൊലീസ് പിടികൂടുകയായിരുന്നു.
ആർപ്പൂക്കര വില്ലൂന്നി കോലേട്ടമ്പലം ഭാഗത്ത് പാലത്തൂർവീട്ടിൽ ടോമി ജോസഫ് (24), വില്ലൂന്നി കോലേട്ടമ്പലം ഭാഗത്ത് കൊപ്രായിൽ ജോൺസി ജേക്കബ് (28), അതിരമ്പുഴ പാറോലിക്കൽ ഇഞ്ചിക്കാലായിൽ വീട്ടിൽ ഇർഫാൻ ഇസ്മായിൽ (23), ആർപ്പൂക്കര വില്ലൂന്നി കരിപ്പ ഭാഗത്ത് കൊപ്രായിൽ വീട്ടിൽ ടിജു (32), വില്ലൂന്നി കരിപ്പ ഭാഗത്ത് കറുത്തേടത്ത് വീട്ടിൽ അഭിജിത് (കണ്ണൻ- 24) എന്നിവരെയാണ് ഗാന്ധിനഗർ പൊലീസ് പിടികൂടിയത്. പ്രതികളെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.