മാലിന്യ കേന്ദ്രങ്ങൾ ഇനി ഹാപ്പിനസ് പാർക്ക്
text_fieldsകോട്ടയം: ഭക്ഷ്യോൽപാദനം, കൃഷി, ഭവനം, മൃഗസംരക്ഷണം, മണ്ണ്-ജല സംരക്ഷണം, ആരോഗ്യസംരക്ഷണം തുടങ്ങിയവക്ക് മുൻഗണന നൽകി ജില്ല പഞ്ചായത്ത് ബജറ്റ്. 132, 37,15,207 രൂപ വരവും 128,18,80,500 രൂപ ചെലവും 4,18,34,707 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
പഴം, പച്ചക്കറി സംസ്കരണരംഗത്ത് ഗുണപരമായ മാറ്റംകൊണ്ടുവരാൻ കോഴായിൽ ഭക്ഷ്യസംസ്കരണ കേന്ദ്രം സ്ഥാപിക്കും. ജില്ല ഫാം കേന്ദ്രമാക്കി ഫാം ടൂറിസം നടപ്പാക്കും. ഡിവിഷനുകൾതോറും മാലിന്യം തള്ളുന്ന സ്ഥലങ്ങൾ ഹാപ്പിനെസ് പാർക്കുകളാക്കി മാറ്റും. ഒറ്റക്ക് താമസിക്കുന്ന അതിദാരിദ്ര്യ ലിസ്റ്റിൽപെട്ടവർക്ക് ജില്ലയിൽ ഷെൽട്ടർഹോം ഒരുക്കും.
സ്ഥലസൗകര്യം ലഭ്യമാവുന്ന പഞ്ചായത്തിൽ ഷെൽട്ടർഹോം നിർമിച്ച് ഗുണഭോക്താക്കളെ പുനരധിവസിപ്പിക്കും. വീടുകളിലെ പ്രായമായവർക്ക് മാനസിക-ആരോഗ്യ പിന്തുണ ഉറപ്പാക്കാൻ പ്രാദേശികതലത്തിൽ വനിതകളുടെ തൊഴിൽസേന രൂപവത്കരിക്കും. ‘സഹയാത്രിക’ പേരിൽ ജില്ലയിലെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുമായി സംയോജിപ്പിച്ചാണ് പദ്ധതി തയാറാക്കുക. ജില്ല ആശുപത്രിയിലെ പഴയ രീതിയിലുള്ള അമ്മത്തൊട്ടിലിനുപകരം ഇലക്ട്രോണിക് അമ്മത്തൊട്ടിൽ സ്ഥാപിക്കും. കാർബൺ ന്യൂട്രൽ കോട്ടയം പദ്ധതി നടപ്പാക്കും. ഇതിന്റെ ഭാഗമായി സർക്കാർ ഓഫിസുകൾ സോളാർ വൈദ്യുതിയിലേക്ക് മാറ്റുന്ന പ്രവർത്തനങ്ങൾ തുടരും.
ഭവന പദ്ധതിക്ക് 15 കോടി
പ്രധാന മേഖലകൾക്ക് നീക്കിവെച്ച തുക
- ഭവനം- 15 കോടി
- പട്ടികജാതി ക്ഷേമം- 10.05 കോടി
- കുടിവെള്ളം/ശുചിത്വം- 9.83 കോടി
- മൃഗസംരക്ഷണം-ക്ഷീരവികസനം- 5.76 കോടി
- വിദ്യാഭ്യാസം/കല/കായികം- 5.13 കോടി
- വനിത-ശിശുക്ഷേമം- 4.53 കോടി
- ദാരിദ്ര്യ ലഘൂകരണം- 4.25 കോടി
- കൃഷി- 3.64 കോടി
- ആരോഗ്യം- 2.65 കോടി
- വ്യവസായം/തൊഴിൽ/പ്രാദേശിക സാമ്പത്തിക വികസനം- 2.62 കോടി
- ഭിന്നശേഷിക്കാരുടെ ഉന്നമനം- രണ്ടുകോടി
- പ്രകൃതിസംരക്ഷണം/ജൈവവൈവിധ്യം- 1.85 കോടി
- വയോജനക്ഷേമം- 1.15 കോടി, മറ്റുപദ്ധതികൾ- 85 ലക്ഷം
- പട്ടികവർഗക്ഷേമം- 63 ലക്ഷം
- അഗതിക്ഷേമം- 50 ലക്ഷം
- വിനോദസഞ്ചാരം- 50 ലക്ഷം
- മത്സ്യബന്ധനം- 43 ലക്ഷം
മറ്റ് പ്രഖ്യാപനങ്ങൾ
- ഒരു ഡിവിഷനിൽ ഒരു സ്മാർട്ട് അംഗൻവാടി
- വാഴൂർ ബ്ലോക്ക് പരിധിയിൽ എ.ബി.സി സെന്റർ
- കോഴയിലെ ജില്ല ഫാമിൽ ആടുവളർത്തൽ കേന്ദ്രം
- ഭിന്നശേഷി കുട്ടികളുടെ അമ്മമാർക്ക് സ്വയംതൊഴിൽ
- വളർത്തുമൃഗങ്ങളെ പരിപാലിക്കാൻ പെറ്റ് ഗ്രൂമിങ് സെന്റർ
- ജില്ല പഞ്ചായത്ത് കാര്യാലയത്തിനു മുന്നിൽ വിപണനകേന്ദ്രം, ഓപൺ ജിം
- സ്കൂളുകളിൽ കളിസ്ഥലങ്ങൾ നിർമിക്കൽ, സ്കൂളുകൾക്ക് സയൻസ് ലാബ്
- ഡയാലിസിസ് കിറ്റ്-ഇലക്ട്രിക് വീൽചെയർ- കേൾവിശക്തി സഹായക ഉപകരണ വിതരണം
- അവയവമാറ്റ ശസ്ത്രക്രിയ നടത്തുന്നവർക്ക് തുടർചികിത്സക്ക് മരുന്ന് നൽകുന്ന പുനർജനി പദ്ധതി
- മാലിന്യമുക്ത നവകേരളം പരിപാടിയുടെ ഭാഗമായി എം.സി.എഫുകൾ സ്ഥാപിക്കും, ഹരിത കർമസേനക്ക് വാഹനം വാങ്ങി നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.