മണിപ്പുഴയിലെ തോട്ടിൽ മാലിന്യം തള്ളൽ തകൃതി
text_fieldsകോട്ടയം: മണിപ്പുഴയിൽ എം.സി റോഡിനോടു ചേർന്ന തോട്ടിൽ മാലിന്യം തള്ളി. നാൽപതോളം ചാക്ക് പച്ചക്കറി, മത്സ്യാവശിഷ്ടങ്ങളാണ് സാമൂഹിക വിരുദ്ധർ തോട്ടിൽ തള്ളിയത്.
ചൊവ്വാഴ്ച പുലർച്ചെയാണ് ഇക്കാര്യം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. അതിരൂക്ഷ ദുർഗന്ധമായിരുന്നു പരിസരത്ത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനിൽ ഇടപെട്ടു. തുടർന്ന് നഗരസഭ നാട്ടകം സോണിലെ ജീവനക്കാർ എത്തി വൃത്തിയാക്കുകയായിരുന്നു.
മണിപ്പുഴ -ഈരയിൽക്കടവ് ബൈപ്പാസിലും മുപ്പായിപ്പാടത്തും സമാന രീതിയിൽ കക്കൂസ് മാലിന്യമടക്കം തള്ളുന്നത് പതിവാണ്.
മണിപ്പുഴ - ഈരയിൽക്കടവ് ബൈപ്പാസിന്റെ ഇരുവശവും കാടുപിടിച്ചുകിടക്കുന്നതിനാൽ സാമൂഹിക വിരുദ്ധർക്ക് എളുപ്പമാണ്. ഓരോ തവണയും നഗരസഭ ജീവനക്കാർ പ്രദേശം വൃത്തിയാക്കുന്നതല്ലാതെ മാലിന്യം തള്ളൽ നിലക്കുന്നില്ല. കഴിഞ്ഞ തവണ മുപ്പായിപ്പാടത്ത് മാലിന്യം തള്ളിയവരെ കണ്ടെത്തി പിഴ ഈടാക്കിയിരുന്നു. നഗരസഭ പ്രദേശങ്ങളിൽ ആർക്കും മാലിന്യം തള്ളാമെന്ന സ്ഥിതിയാണ്. മറ്റ് ജില്ലകളിൽനിന്നടക്കം രാത്രി വാഹനത്തിലെത്തിച്ച് മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്.
സി.സി.ടി.വി കാമറ സ്ഥാപിക്കണം
കോട്ടയം: കോടിമത, മുപ്പായിപ്പാടം, ഈരയിൽക്കടവ് ബൈപാസ് എന്നിവിടങ്ങളിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ സി.സി.ടി.വി കാമറ സ്ഥാപിക്കണമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനിൽ ആവശ്യപ്പെട്ടു. നഗരസഭക്ക് പണമില്ലെങ്കിൽ സ്പോൺസർഷിപ്പ് വ്യവസ്ഥയിൽ കാമറ സ്ഥാപിക്കാനുള്ള വഴി നോക്കണം.
നഗരസഭയിലെ നൈറ്റ് സ്ക്വാഡിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണം. ജനങ്ങളുടെയും ജനപ്രതിനിധികളുടെയും ബുദ്ധിമുട്ട് ചെയർപേഴ്സൻ മനസ്സിലാക്കണമെന്നും ഷീജ അനിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.