താഴത്തങ്ങാടി പാലത്തിന് താഴെ മീനച്ചിലാറ്റിൽ മാലിന്യക്കൂമ്പാരം
text_fieldsകോട്ടയം: കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തിപ്രാപിച്ചതോടെ താഴത്തങ്ങാടി പാലത്തിന് താഴെ മീനച്ചിലാറ്റിൽ വൻ മാലിന്യശേഖരം. താഴത്തങ്ങാടി പാലത്തിന്റെ തൂണിനോട് ചേർന്നാണ് മാലിന്യങ്ങൾ അടിഞ്ഞുകൂടിയിരിക്കുന്നത്. ആയിരക്കണക്കിന് പ്ലാസ്റ്റിക് കുപ്പികളാണ് ഇതിലുള്ളത്.
തടി കഷ്ണങ്ങൾ, മുളകൾ എന്നിവയും ഇതിനൊപ്പമുണ്ട്. ഒഴുകിയെത്തിയ തടികളും മുളകളും പാലത്തിന്റെ തൂണിൽ തടഞ്ഞുനിൽക്കുകയായിരുന്നു. പിന്നാലെ എത്തിയ മാലിന്യങ്ങളെല്ലാം ഇതിനൊപ്പം ചേർന്നു. ഒഴുക്കിനനുസരിച്ച് കൂടുതൽ മാലിന്യങ്ങൾ എത്തിയതോടെ ഇത് വലിയ കൂമ്പാരമായി മാറി. നാല് അടിയോളം താഴ്ചയിൽ മാലിന്യങ്ങൾ നിറഞ്ഞിരിക്കുകയാണ്.
മുൻ വർഷങ്ങളിലും മീനച്ചിലാർ കരകവിഞ്ഞ് ഒഴുകിയപ്പോൾ പ്രദേശവാസികൾക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ വില്ലനായി മാറിയിരുന്നു. ഇത്തവണയും ഈ ദുരിതത്തിന് മാറ്റമില്ല.
പാലത്തിന് ബലക്ഷയം സംഭവിക്കാനും സാധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു. മാലിന്യങ്ങളിൽനിന്ന് ദുർഗന്ധവും വമിക്കുന്നുണ്ട്. ഇത് നീക്കം ചെയ്തില്ലെങ്കിൽ ഒഴുക്ക് തടസ്സപ്പെട്ട് പ്രദേശത്ത് ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നും മാലിന്യക്കൂമ്പാരത്തിൽ ഇറങ്ങിയാൽ ശരീരം ചൊറിയുന്ന സ്ഥിതിയാണെന്നും നാട്ടുകാർ പറയുന്നു.
‘പണ’മാക്കി അന്തർ സംസ്ഥാന തൊഴിലാളികൾ
കോട്ടയം: താഴത്തങ്ങാടി പാലത്തിന്റെ തൂണിൽ അടിഞ്ഞുകൂടിയ മാലിന്യകൂമ്പാരത്തിലെ കുപ്പികൾ ‘പണമാക്കി’ അന്തർസംസ്ഥാന തൊഴിലാളികൾ. വലിയതോതിൽ പ്ലാസ്റ്റിക് കുപ്പികൾ അടിഞ്ഞുകൂടിയതോടെ ഇത് പെറുക്കിയെടുത്ത് വിൽപന നടത്തുകയാണ് ഇവർ.
ബുധനാഴ്ച രാവിലെ മുതൽ മൂന്ന്പേർ മാലിന്യശേഖരത്തിന് മുകളിൽ ഇറങ്ങി കുപ്പികൾ ശേഖരിച്ചു. ഈ കുപ്പികൾ വലിയ ചാക്കിലാക്കി മറ്റൊരു തൊഴിലാളി ആക്രി കടയിൽ എത്തിച്ച് നൽകുകയാണ്. മൂന്ന് ദിവസംകൂടി പെറുക്കിയെടുത്താലും മുഴുവൻ കുപ്പികളും തീരില്ലെന്ന് ഇവർ പറയുന്നു. ഇത് കാണാനും നിരവധിപേർ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.