വാഗമൺ റോഡിൽ മാലിന്യം നിറയുന്നു
text_fieldsഈരാറ്റുപേട്ട: റോഡ് സഞ്ചാരയോഗ്യമായതോടെ വിനോദസഞ്ചാരികൾ വൻതോതിൽ വാഗമണ്ണിലേക്ക് എത്തുന്നത് വലിയ മാലിന്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. തീക്കോയി മുതൽ വാഗമൺ വരെയുള്ള ഭാഗങ്ങളിൽ റോഡരികിൽ സഞ്ചാരികൾ ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെ തള്ളുകയാണ്. സഞ്ചാരികൾ ഏറെയും തങ്ങുന്ന കാരിക്കാട് ടോപ്പിലാണ് മാലിന്യം കൂടുതൽ. കരിക്കാട് ടോപ്പിലെ താൽക്കാലിക കടകളിൽനിന്നുള്ള മാലിന്യവും റോഡരികിൽ തന്നെയാണ് ഇടുന്നത്. സഞ്ചാരികൾ റോഡിൽ വീതിയുള്ള ഭാഗങ്ങളിൽ വാഹനം നിർത്തി ഭക്ഷണം കഴിച്ച ശേഷം പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ താഴേക്ക് വലിച്ചെറിയുകയാണ്. ഈ മാലിന്യം അടുത്ത മഴയിൽ മീനച്ചിലാറ്റിലെത്തുകയും ചെയ്യും. ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് അവധി ദിവസങ്ങളിൽ വാഗമൺ കാണാൻ എത്തുന്നത്. ഇതനുസരിച്ച് താൽക്കാലിക വ്യാപാര സ്ഥാപനങ്ങളുടെ എണ്ണവും വർധിച്ചു. ഇവിടെ മാലിന്യം സംസ്കരിക്കാൻ മാർഗമില്ലാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വാഗമൺ റോഡരികിലും താഴേക്കും മാലിന്യം തള്ളുന്നത് തടയുന്നതിനു കർശന നടപടികൾ സ്വീകരിക്കമെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നുണ്ടെങ്കിലും ഒരു നടപടിയും ഉണ്ടാകുന്നില്ല. റോഡിന് താഴേക്ക് മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കാൻ വശങ്ങളിൽ ഇരുമ്പ് നെറ്റ് സ്ഥാപിക്കുമെന്നും വഴിക്കടവിലും തീക്കോയിലും ഹരിത ചെക്ക്പോസ്റ്റുകൾ സ്ഥാപിക്കുമെന്നും തീക്കോയി പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജയിംസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.