വടവാതൂരിലെ മാലിന്യം നീക്കൽ; പഞ്ചായത്ത് സ്റ്റോപ് മെമ്മോ പിൻവലിച്ചു
text_fieldsകോട്ടയം: വടവാതൂർ ഡമ്പിങ് യാര്‍ഡിലെ വേർതിരിക്കാതെ കിടക്കുന്ന മാലിന്യം (ലെഗസി മാലിന്യം) നീക്കുന്ന ജോലികൾ തുടരാൻ കലക്ടറുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിൽ തീരുമാനം. ഈമാസം 31നകം 800 എം ക്യൂബ് മാലിന്യം നീക്കം ചെയ്യും. ഇതിനുള്ള ബയോമൈനിങ് ജോലികൾ അടുത്തയാഴ്ച ആരംഭിക്കും.
ചൊവ്വാഴ്ച വടവാതൂർ ഡമ്പിങ്ങ് യാര്‍ഡിൽ നടത്തിയ ബയോമൈനിങ് ജോലികൾ വിജയപുരം പഞ്ചായത്ത് തടഞ്ഞിരുന്നു. തുടര്‍ന്നാണ് കലക്ടറുടെ അധ്യക്ഷതയിൽ കോട്ടയം നഗരസഭ, വിജയപുരം പഞ്ചായത്ത്, വടവാതൂർ ആക്ഷൻ കൗണ്‍സിൽ എന്നിവരുടെ യോഗം കലക്ടർ വിളിച്ചുചേര്‍ത്തത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 26ന് കലക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ബയോമൈനിങ്ങിലൂടെ മാലിന്യം നീക്കാന്‍ തീരുമാനമെടുത്തത്.
ഇതിനായി കോട്ടയം നഗരസഭ ഒരുകോടി രൂപ നീക്കിവെക്കുകയും ടെന്‍ഡറിലൂടെ സ്വകാര്യ കമ്പനിയെ കണ്ടെത്തുകയും ചെയ്തിരുന്നു. കമ്പനി പ്രതിനിധികൾ എത്തി ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനിടെയാണ് പ്രതിഷേധവുമായി വിജയപുരം പഞ്ചായത്ത് രംഗത്തെത്തിയത്. ഡമ്പിങ് യാര്‍ഡ് സ്ഥിതിചെയ്യുന്ന സ്ഥലം വിജയപുരം പഞ്ചായത്തിന്റെ ഉടമസ്ഥതയിലാണ്. ഇതോടെ തങ്ങളെ അറിയിക്കാതെയാണ് ജോലികൾ എന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് അധികൃതർ രംഗത്തെത്തുകയും സ്റ്റോപ് മെമ്മോ നൽകുകയുമായിരുന്നു.
പഞ്ചായത്തിനെക്കൂടി വിശ്വാസത്തിലെടുത്തായിരിക്കും തുടര്‍ നടപടികളെന്ന് അറിയിച്ചതിനാല്‍ പഞ്ചായത്ത് സ്റ്റോപ് മെമ്മോ പിന്‍വലിച്ചു. യാര്‍ഡില്‍ കുന്നുകൂടിയിരിക്കുന്ന മാലിന്യം ബയോമൈനിങ്ങിലൂടെയാകും നീക്കുക. ഉപകരണങ്ങള്‍ സ്ഥാപിച്ച് അടുത്ത ബുധനാഴ്ചയോടെ മാലിന്യനീക്കം ആരംഭിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. 31നകം 800 എം ക്യൂബ് മാലിന്യം നീക്കം ചെയ്യും.
പ്ലാസ്റ്റിക്, കുപ്പി, ചെരിപ്പ്, കല്ല്, ലോഹം, തടി, തുണി തുടങ്ങിയ മാലിന്യങ്ങളെല്ലാം വേര്‍തിരിച്ചെടുക്കും. പുനരുപയോഗ സാധ്യമായവ ഉപയോഗിക്കും. അവശേഷിക്കുന്നവ സംസ്കരിക്കും. പ്ലാസ്റ്റിക് പൊടിച്ചു സിമന്റ് കമ്പനികള്‍ക്കു നല്‍കും. പതിറ്റാണ്ടുകളായി നഗരസഭയിൽനിന്നുള്ള മാലിന്യം തള്ളിയിരുന്ന സ്ഥലമായിരുന്നു വിജയപുരം പഞ്ചായത്തിലെ വടവാതൂർ ഡമ്പിങ് യാര്‍ഡ്. വടവാതൂർ ആക്ഷന്‍ കൗണ്‍സില്‍ കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് 2011 ഒക്ടോബർ നാലിന് ഇവിടെ മാലിന്യം തള്ളുന്നത് ഹൈകോടതി നിരോധിച്ചിരുന്നു. തുടര്‍ നടപടികളുടെ ഭാഗമായാണ് ഇപ്പോള്‍ ബയോമൈനിങ് ആരംഭിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.