വെളുത്തുള്ളിക്ക് പൊന്നുംവില
text_fieldsകോട്ടയം: വെളുത്തുള്ളിക്ക് വിപണിയിൽ പൊന്നുംവില. ഒരു മാസത്തിനിടെ 100 രൂപയോളമാണ് ഉയർന്നത്. മൊത്തവ്യാപാര കേന്ദ്രങ്ങളിൽ ഡിസംബറിൽ 140 രൂപയുണ്ടായിരുന്നത് രണ്ടാഴ്ചത്തെ ഇടവേളക്ക് ശേഷം 240 ആയി. ചില്ലറ വ്യാപാരകേന്ദ്രങ്ങളിലേക്ക് എത്തുമ്പോൾ മുന്നൂറിനോട് അടുക്കും. പ്രധാനവിപണികളിൽ വെളുത്തുള്ളി ക്ഷാമം രൂക്ഷമാണ്. സീസണിനെ തുടർന്ന് എത്തുന്ന വെളുത്തുള്ളിക്ക് നിലവിലുള്ള സ്റ്റോക്കിനെക്കാൾ ഗുണനിലവാരം കുറയുമെന്നാണ് വ്യാപാരികൾ പറയുന്നത്.
ഊട്ടി, കാന്തല്ലൂർ എന്നിവിടങ്ങളിൽനിന്ന് സാധാരണ വെളുത്തുള്ളി വരാറുണ്ടെങ്കിലും ഉൽപാദനക്കുറവ് മൂലം ഇത്തവണ വന്നിട്ടില്ല. മഹാരാഷ്ട്ര, രാജസ്ഥാൻ, മധ്യപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നാണ് പ്രധാനമായും വെളുത്തുള്ളി എത്തുന്നത്. ഇവിടെനിന്ന് ആവശ്യത്തിന് ലോഡ് എത്താതായതോടെ വില അനുദിനം വർധിക്കുകയാണ്. കാലംതെറ്റിയ മഴയും കൃഷിനാശവും വരൾച്ചയുമെല്ലാം കൃഷിയെയും വിപണിയെും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
ഫെബ്രുവരിയോടെ പകുതിയോടെയാണ് വെളുത്തുള്ളിയുടെ സീസൺ ആരംഭിക്കുന്നത്. ഇതോടെ വിലയിൽ കുറവുണ്ടാകുമെന്നാണ് വ്യാപാരികളുടെ കണക്കുകൂട്ടൽ.
തമിഴ്നാട്ടിൽ കോയമ്പത്തൂർ, തിരുനെൽവേലി, മധുര, തെങ്കാശി എന്നിവിടങ്ങളിൽനിന്നുമാണ് പ്രധാനമായും വെളുത്തുള്ളി മാർക്കറ്റിലേക്ക് എത്തുന്നത്.
അരക്കിലോ വെളുത്തുള്ളി വാങ്ങിയവർ ഇപ്പോൾ 100 ഗ്രാമും 200 ഗ്രാമുമായി ചുരുക്കിയതായി വ്യാപാരികൾ പറയുന്നു. പാചകത്തിൽ ഒഴിച്ചുകൂടാനാകാത്ത വെളുത്തുള്ളി വാങ്ങാനും വാങ്ങാതിരിക്കാനും പറ്റാത്ത അവസ്ഥയിലാണ് ജനങ്ങൾ.
സവാള, ഉള്ളി തുടങ്ങിവക്ക് കഴിഞ്ഞ മാസത്തെക്കാൾ വില കുറവാണ്. ഡിസംബറിൽ 46 രൂപയായിരുന്ന സവാളക്ക് ഇപ്പോൾ വിലയിടിഞ്ഞ് കിലോക്ക് 26 ആയി. മഹാരാഷ്ട്രയിൽനിന്നുമാണ് സവാള എത്തുന്നത്.
38 രൂപയാണ് നിലവിൽ ഒരുകിലോ ഉള്ളിയുടെ വില. 28 മുതൽ 35 രൂപവരെയാണ് കിഴങ്ങിന് വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.