ആത്മാക്കളോടും ദയകാണിക്കാതെ കോട്ടയം നഗരസഭ
text_fieldsകോട്ടയം: കോട്ടയം നഗരസഭയുടെ കീഴിൽ മുട്ടമ്പലം പൊതുശ്മശാനത്തിലെ ഗ്യാസ് ക്രിമറ്റോറിയം ഉപകരണങ്ങൾ തകരാറിൽ. ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ട് ആഴ്ചകളേറെയായി. യഥാസമയം അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷ കൗൺസിലർ ആരോപിച്ചു. 2005 ലാണ് ഗ്യാസ് ക്രിമറ്റോറിയം സ്ഥാപിച്ചത്.
വൈദ്യുതി കണക്ഷൻ ഇല്ലാത്തതിനാൽ ജനറേറ്റർ ഉപയോഗിച്ചാണ് മൃതദേഹങ്ങൾ ദഹിപ്പിക്കുന്നത്. എട്ട് മൃതദേഹങ്ങൾ ദഹിപ്പിക്കുമ്പോൾ ടാങ്കിലെ വെള്ളം മാറ്റണമെന്നാണ് കണക്ക്. ഒരു മൃതദേഹം ദഹിപ്പിക്കുന്നതിന് രണ്ട് കുറ്റി ഗ്യാസ് സിലിണ്ടർ, വായു വലിച്ചെടുക്കാൻ രണ്ട് മോട്ടോറുകൾ, രണ്ട് മെഷീനുകൾക്കായി രണ്ട് വാട്ടർടാങ്കുകൾ തുടങ്ങിയവ ക്രിമറ്റോറിയത്തിലുണ്ട്.
ഫിൽട്ടർ ചെയ്തശേഷം വെളുത്ത പുകയും, ടാങ്കിലെ വെള്ളത്തിന്‍റെ അളവ് കുറയുമ്പോൾ കറുത്ത പുകയുമാണ് പുറത്തേക്ക് വിടുന്നത്. രണ്ട് മെഷീനിൽ ഒരെണ്ണത്തിന്‍റെ ബ്ലോവർ, ബ്ലെയറിങ്, രണ്ടാമത്തെ മെഷീനിൽ നാല് ബർണർ, ടാങ്ക് എന്നിവയുൾപ്പെടെയാണ് തകരാറിലായത്. പൊതുശ്മശാനത്തിൽ രണ്ട് മണിക്കൂറിനുള്ളിൽ മൃതദേഹങ്ങൾ ദഹിപ്പിക്കാൻ സാധിക്കും. സമുദായങ്ങളുടെയും സംഘടനകളുടെയും ശ്മശാനങ്ങൾ സമീപത്തായി ഉണ്ടെങ്കിലും അധികവും സംസ്കാരങ്ങൾ പൊതു ശ്മശാനത്തിലാണ്.
അനാഥമായതും വിവിധകേസുകളിൽ ഉൾപ്പെട്ടതുമായ മൃതദേഹങ്ങൾ പൊലീസിന്‍റെ ഉത്തരവാദിത്തത്തിൽ ഇവിടെയാണ് സംസ്കരിക്കുന്നത്.കോവിഡ് മൂലം മരിച്ചവരുടെ മൃതദേഹങ്ങൾ ഏറ്റവും കൂടുതൽ സംസ്‌കരിച്ച ശ്മശാനമാണിത്. ഐടെക് എന്ന കമ്പനിയാണ് അറ്റകുറ്റപ്പണികൾ ചെയ്തിരുന്നത്. ഇത്തവണ തൃശൂരിലെ ഏജൻസിയാണ് ടെൻഡർ എടുത്തിരിക്കുന്നത്. അധികം വൈകാതെ ഒരു മെഷീൻ തയാറാകുമെന്നും മറ്റൊരു മെഷീൻ കാലതാമസമെടുക്കുമെന്നും ജീവനക്കാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.