ജനറൽ ആശുപത്രി പുതിയ കെട്ടിട നിർമാണം; അഞ്ചുമാസത്തിനകം ആരംഭിക്കും -മന്ത്രി വീണ ജോർജ്
text_fieldsകോട്ടയം: കോട്ടയം ജനറൽ ആശുപത്രിയുടെ മുഖച്ഛായതന്നെ മാറ്റുന്ന ബഹുമുഖ സൗകര്യങ്ങളോടു കൂടിയ പത്തുനില കെട്ടിടത്തിന്റെ നിർമാണപ്രവർത്തനങ്ങൾ അഞ്ച് മാസത്തിനകം ആരംഭിക്കുമെന്ന് മന്ത്രി വീണ ജോർജ്. കോട്ടയം ജനറൽ ആശുപത്രിയിൽ വിവിധ വികസനപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
219 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന കെട്ടിടത്തിന്റെ ടെൻഡർ നടപടികൾ പൂർത്തിയായി വരുകയാണ്. ആദ്യഘട്ടത്തിൽ 129 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കോട്ടയം മെഡിക്കൽ കോളജിൽ മസ്തിഷ്ക മരണം സംഭവിച്ച് അവയവങ്ങൾ ദാനംചെയ്ത കൈലാസ് നാഥിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അവർ നൽകിയ സേവനങ്ങൾക്ക് നന്ദി അർപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ‘അറിയാം ആരോഗ്യ സേവനങ്ങൾ’ ബുക്ക് ലെറ്റിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു. ദേശീയ ആരോഗ്യദൗത്യം മുഖേന എമർജൻസി കോവിഡ് റെസ്പോൺസ് പ്ലാൻ ഫേസ്-രണ്ടിൽ ഉൾപ്പെടുത്തി 1.04 കോടി രൂപ ചെലവഴിച്ച് നിർമിച്ച പീഡിയാട്രിക് ഐ.സി.യു- പീഡിയാട്രിക് വാർഡിന്റെയും ജില്ല പഞ്ചായത്ത് 2020-21 സാമ്പത്തിക വർഷത്തിലെ ആർദ്രം ഫേസ് -രണ്ട് ഒ.പി നവീകരണത്തിനായി അനുവദിച്ച 30 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ട്രോമാകെയർ ഒബ്സർവേഷൻ റൂമിന്റെയും പ്രവർത്തനോദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്.
മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി മുഖ്യാതിഥിയായി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൻ. പ്രിയ, ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ, സ്ഥിരംസമിതി അധ്യക്ഷരായ പി.എസ്. പുഷ്പമണി, ജെസി ഷാജൻ, ടി.എൻ. ഗിരീഷ് കുമാർ, മഞ്ജു സുജിത്, ജില്ല പഞ്ചായത്തംഗം പി.ആർ. അനുപമ, നഗരസഭാംഗം സിൻസി പാറയിൽ, ജില്ല പഞ്ചായത്ത് സെക്രട്ടറി പി.വി. ജയകുമാരി, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ ആർ. ബിന്ദു കുമാരി, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ ടി.കെ. ബിൻസി, ആർദ്രം നോഡൽ ഓഫിസർ ഡോ. ആർ. ഭാഗ്യശ്രീ, ആർ.എം.ഒ ഡോ. ആർ. അരവിന്ദ്, സ്റ്റാഫ് വെൽഫെയർ കമ്മിറ്റി പ്രസിഡന്റ് ഡോ. പി. വിനോദ്, ലേ സെക്രട്ടറി ആൻഡ് ട്രഷറർ ബിനോയി ബി. കരുനാട്ട്, നഴ്സിങ് സൂപ്രണ്ട് സി.എസ്. ശ്രീദേവി, എച്ച്.എം.സി അംഗങ്ങളായ എം.കെ. പ്രഭാകരൻ, ടി.സി. ബിനോയി, ബോബൻ തോപ്പിൽ, പി.കെ. ആനന്ദക്കുട്ടൻ, രാജീവ് നെല്ലിക്കുന്നേൽ, എൻ.കെ. നന്ദകുമാർ, പോൾസൺ പീറ്റർ, ടി.പി. അബ്ദുല്ല, ഷാജി കുറുമുട്ടം, അനിൽ അയർക്കുന്നം, ലൂയിസ് കുര്യൻ, ഹാജി മുഹമ്മദ് റഫീഖ്, സാൽവിൻ കൊടിയന്തറ, സ്റ്റീഫൻ ജേക്കബ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.