ധനകാര്യ സ്ഥാപനത്തിൽ വൻ കവർച്ച; ഒന്നേകാൽ കോടിയുടെ സ്വർണവും എട്ടുലക്ഷം രൂപയും നഷ്ടപ്പെട്ടു
text_fieldsകോട്ടയം: എം.സി റോഡിൽ കുറിച്ചി മന്ദിരംകവലയിലെ സുധ ഫിനാൻസിൽ ലോക്കർ തകർത്ത് വൻ കവർച്ച. ഒന്നേകാൽ കോടിയുടെ പണയ സ്വർണവും എട്ടുലക്ഷം രൂപയും നഷ്ടപ്പെട്ടു. രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്കുള്ള ഗ്രില്ലിന്‍റെയും ഷട്ടറിന്‍റെയും താഴ് കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റി അകത്തുകടന്ന മോഷ്ടാക്കൾ ലോക്കർ കുത്തിപ്പൊളിച്ചാണ് സ്വർണവും പണവും കവർന്നത്. സ്ഥാപനത്തിനകത്തും പുറത്തും വ്യാപകമായി സോപ്പുപൊടി വിതറിയിരുന്നു.
പോളച്ചിറ പാറപ്പുറം പരമേശ്വരൻ നായരും മകൻ സജികുമാറും ചേർന്നാണ് സ്ഥാപനം നടത്തുന്നത്. ശനിയാഴ്ച വൈകീട്ട് അഞ്ചേകാലിന് ഫിനാൻസും മുകളിലേക്കുള്ള ഗ്രില്ലും പൂട്ടിയതാണ്. തിങ്കളാഴ്ച രാവിലെ എട്ടരക്ക് സമീപത്തെ ലാബിലെ ജീവനക്കാരി മോട്ടോർ പ്രവർത്തിപ്പിക്കാൻ എത്തിയപ്പോഴാണ് ഗ്രില്ലിന്‍റെ താഴ് തൊട്ടടുത്ത കസേരയിൽ കണ്ടത്. ഗ്രിൽ അടഞ്ഞുകിടക്കുകയായിരുന്നു.
പൂട്ടാൻ മറന്നുപോയതാണെന്നു കരുതി പരമേശ്വരൻ നായരെ അറിയിക്കുകയായിരുന്നു. ഇദ്ദേഹവും മകൾ സുധയും വന്ന് നോക്കിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഇരുമ്പിന്‍റെ രണ്ടു ലോക്കറിലായാണ് സ്വർണവും പണവും സൂക്ഷിച്ചിരുന്നത്. ലോക്കറുകൾ തലങ്ങും വിലങ്ങും കുത്തിപ്പൊളിച്ച നിലയിലാണ്. സി.സി ടി.വി ഉണ്ടായിരുന്നെങ്കിലും ഇതിന്‍റെ ഹാർഡ് ഡിസ്ക്കും മോഷ്ടാക്കൾ കൊണ്ടുപോയി. സ്ഥാപനത്തിനകത്ത് നിലത്തു വിതറിയ സോപ്പുപൊടിയിൽ ഒരാൾ നടന്നതിന്‍റെ കാൽപാട് പതിഞ്ഞിട്ടുണ്ട്. റീചാർജബിൾ കട്ടറിന്‍റെ ബ്ലേഡും അത് പൊതിയാൻ ഉപയോഗിച്ച കീറിയ പത്രക്കടലാസും അകത്തു കണ്ടെത്തി.
ഒന്നേകാൽ കോടിയുടെ പണയ സ്വർണവും 500ന്‍റെ എട്ടുലക്ഷം രൂപയും സ്ഥാപനത്തിൽ ഉണ്ടായിരുന്നെന്ന് ഉടമ പൊലീസിന് മൊഴിനൽകി. വേറെയും പണം ഉണ്ടായിരുന്നു. രജിസ്റ്റർ പരിശോധിച്ചാലേ കൃത്യമായ കണക്ക് വ്യക്തമാകൂ എന്നും ഉടമ പറഞ്ഞു.
ചങ്ങനാശ്ശേരി ഡിവൈ.എസ്.പിയും ചിങ്ങവനം പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കോട്ടയം എസ്.പി കെ. കാർത്തിക് സ്ഥലം സന്ദർശിച്ചു.
പ്രത്യേക അന്വേഷണസംഘം
കോട്ടയം: കവർച്ച അന്വേഷിക്കാൻ ചങ്ങനാശ്ശേരി ഡിവൈ.എസ്.പി എ.കെ. വിശ്വനാഥന്‍റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ചതായി ജില്ല പൊലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു. മോഷണക്കേസുകൾ അന്വേഷിച്ചു പരിചയമുള്ളവരെ സംഘത്തിൽ ഉൾപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.