നടുറോഡിൽ കാർ തടഞ്ഞ് ഗുണ്ടാവിളയാട്ടം
text_fieldsഗാന്ധിനഗർ: നടുറോഡിൽ സിനിമാക്കഥയെ വെല്ലുന്ന ഗുണ്ടാവിളയാട്ടം. പൊലീസ് സ്റ്റേഷനിൽനിന്ന് വിട്ടുനൽകിയ കാർ തടഞ്ഞാണ് അക്രമികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആർപ്പൂക്കര ക്ഷേത്രത്തിനു സമീപം എസ്.എം.ഇയുടെ മുന്നിലാണ് അക്രമം അരങ്ങേറിയത്.
കുമാരനല്ലൂർ സ്വദേശി ബെന്നി 13 ലക്ഷം രൂപ മുത്തൂറ്റ് ഫിനാൻസിൽനിന്ന് വായ്പയെടുത്ത് ഔഡി കാർ വാങ്ങിയിരുന്നു. പണം തിരിച്ചടക്കാതെ വന്നതോടെ മുത്തൂറ്റ് ഫിനാൻസ് പൊലീസിൽ പരാതിനൽകി. തുടർന്ന് ഒന്നരവർഷമായി കാർ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു.
ഇതിനിടെ ബെന്നി കാർ വിട്ടുകിട്ടുന്നതിനായി ഹൈകോടതിയിൽ കേസ് നൽകി. നാലുലക്ഷം രൂപ കോടതിയിൽ കെട്ടിെവച്ച് കാർ ഉടമക്കുനൽകാൻ കോടതി ഉത്തരവായി. ഇതനുസരിച്ച് പണം കെട്ടിവച്ച ഉടമക്ക് കാർ വിട്ടു നൽകാൻ കോടതി നിർദേശിക്കുകയും ചെയ്തു.
ഈ രേഖകൾ ഗാന്ധിനഗർ പൊലീസിൽ എത്തിച്ച ബെന്നിക്ക് കാർ സ്റ്റേഷനിൽനിന്നും വിട്ടുനൽകി. റിക്കവറി വാനുമായി വന്ന ഉടമ കാർ കെട്ടിവലിച്ച് പോകുമ്പോൾ എസ്.എം.ഇക്ക് മുന്നിൽെവച്ച് മറ്റു വാഹനങ്ങളിൽ വന്ന ഗുണ്ടാസംഘം ഇവർ സഞ്ചരിച്ച വാഹനം പിക്അപ് വാനിൽ ഇടിപ്പിച്ച് നിർത്തുകയായിരുന്നു.
തുടർന്ന് മാരകായുധങ്ങളുമായി ഇറങ്ങിയ അക്രമിസംഘം ആക്രമണം അഴിച്ചുവിട്ടു. ഇതുകണ്ട് നാട്ടുകാരും ഓടിക്കൂടി. ഇതുവഴിയുള്ള വാഹന ഗതാഗതവും നിലച്ചു. വിവരമറിഞ്ഞ് ഗാന്ധിനഗർ പൊലീസ് സ്ഥലത്തെത്തിയതോടെയാണ് ഗുണ്ടകൾ അക്രമം അവസാനിപ്പിച്ചത്.
കമ്പനിക്ക് കാർ ഉടമ നൽകാനുള്ള പണം ഈടാക്കാനാണ് കാർ തടഞ്ഞതെന്നാണ് അറിയാൻ കഴിഞ്ഞത്. സംഭവത്തിൽ മുത്തൂറ്റ് ഫിനാൻസ് മാനേജർ അടക്കം 20 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതുമായി ബന്ധപ്പെട്ട് കാർ ഉടമ ബെന്നി കോട്ടയം പൊലീസ് ചീഫിന് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.