സർക്കാർ ഇടപെടൽ ഫലം കണ്ടില്ല; പച്ചക്കറിക്ക് തീവില
text_fieldsകോട്ടയം: സർക്കാറിന്റെ വിപണി ഇടപെടൽ പൊളിഞ്ഞതോടെ ജനുവരി മാസത്തിലും ജില്ലയിൽ പച്ചക്കറിക്ക് തീവില. 100 കടന്നിരിക്കുകയാണ് പല പച്ചക്കറികളുടെയും വില. സർക്കാർ ഇടപെടൽ കൊണ്ട് കുറഞ്ഞത് തക്കാളിയുടെ വില മാത്രം. ഹോർട്ടി കോർപ്പിന്റെ രണ്ട് തക്കാളിവണ്ടികൾ, തെങ്കാശിയിൽനിന്ന് നേരിട്ടുള്ള പച്ചക്കറി, ആഭ്യന്തരവിപണിയിൽനിന്നുള്ള പച്ചക്കറി ഇവയെല്ലാം എത്തിയിട്ടും തീവിലയെ തടുക്കാൻ കഴിയുന്നില്ല. പല പച്ചക്കറി ഇനങ്ങൾക്കും പുതുവർഷത്തിൽ വിലകൂടി. കാരറ്റ്, ബീറ്റ്റൂട്ട് പയർ, മുളക്, തക്കാളി എന്നിവക്കാണ് വില ഉയർന്നത്.
ബീറ്റ്റൂട്ടിന് കോട്ടയം മാർക്കറ്റിൽ തിങ്കളാഴ്ചത്തെ ചില്ലറവില 130 രൂപയാണ്, കാരറ്റിന് 120 രൂപയായി. കാബേജിന്റെ വില 80 രൂപയിലെത്തി. നാടൻ പാവക്ക 60ൽനിന്ന് 80 രൂപയിലായി. തക്കാളിക്ക് 80 മുതൽ 90 രൂപ വരെയായി. മുരിങ്ങക്ക് 300 രൂപ കൊടുക്കണം. ഇതിനിടെ ഹോർട്ടിക്കോർപ്പിന്റെ തെങ്കാശിയിൽനിന്നുള്ള പച്ചക്കറി വിഹിതം എത്തിയിട്ടും വില കുറയുന്നില്ല. രണ്ട് ടൺ പച്ചക്കറികൾ എത്തിയിട്ടും ഹോർട്ടി കോർപ്പിന്റെ വിപണി സംവിധാനത്തിന്റെ പരിമിതിമൂലം ആവശ്യക്കാർക്ക് പ്രയോജനം ചെയ്യുന്നില്ല. അതേസമയം, പയർ, പടവലം, അമരപ്പയർ, നെല്ലിക്ക, വെള്ളരി, നാരങ്ങ എന്നിവ ഹോർട്ടി കോർപ്പിന്റെ സ്റ്റാളുകൾ വഴി വിലക്കുറവിൽ വിൽപന നടത്തുന്നുണ്ട്.
വരും ദിവസങ്ങളിൽ കൂടുതൽ പച്ചക്കറി എത്തുമെന്നും അധികൃതർ പറയുന്നുണ്ട്. ഇതിനിടെ തക്കാളി വണ്ടിയിലൂടെ പച്ചക്കറി വിൽപനയുണ്ടെങ്കിലും ഇത് നഗരകേന്ദ്രീകൃതമായതിനാൽ ഗ്രാമങ്ങളിലെ തീവിലയിൽ ആശ്വാസമാവുന്നില്ല.
തക്കാളി വണ്ടിയിലൂടെ വിൽപന നടത്തുന്ന തക്കാളിക്ക് ഇപ്പോഴും 50 രൂപയിൽ താഴെയാണ് വില. കാലാവസ്ഥ വ്യത്യാസപ്പെട്ടതോടെ ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള പച്ചക്കറി ഇനങ്ങൾ ഈ ആഴ്ചയിൽ എത്തുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ. ആഭ്യന്തര വിപണിയിൽ വിളവെടുപ്പിന് സമയമായതോടെ പച്ചക്കറി ഇനങ്ങൾക്ക് വീണ്ടും വിലകുറയുമെന്ന പ്രതീക്ഷയും ഇവർക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.