എം.ജിയിൽ ബിരുദ ഫലം പ്രസിദ്ധീകരിച്ചത് ഗ്രേസ് മാർക്ക് ചേർക്കാതെ, പുതിയ ഫലം ഉടൻ; തോറ്റവർ ജയിക്കും
text_fieldsകോട്ടയം: തുടർച്ചയായി രണ്ടാംവർഷവും എം.ജിയിൽ ബിരുദഫലം പ്രസിദ്ധീകരിച്ചത് ഗ്രേസ് മാർക്ക് ചേർക്കാതെ. സംസ്ഥാനത്ത് ആദ്യം ബിരുദ ഫലം പ്രസിദ്ധീകരിച്ച സർവകലാശാലയെന്ന പ്രശസ്തി നേടാൻ ചില സിൻഡിക്കേറ്റ് അംഗങ്ങൾ സമ്മർദം ചെലുത്തിയതിനാലാണ് ഇത്തരത്തിൽ ഫലം പ്രസിദ്ധീകരിക്കുന്നതെന്നാണ് സർവകലാശാല ജീവനക്കാർ നൽകുന്ന സൂചന. എൻ.എസ്.എസ്, എൻ.സി.സി, സ്കൗട്ട് എന്നിവയിൽ പ്രവർത്തിച്ചവർക്കും ശാരീരിക പരിമിതി നേരിടുന്നവർക്കും അർഹമായ ഗ്രേസ് മാർക്ക് ലഭിച്ചിട്ടില്ല. ഇതോടെ നിരവധി കുട്ടികൾ തോറ്റതായാണ് ഫലം വന്നിരിക്കുന്നത്.
സർവകലാശാലക്ക് കീഴിലുള്ള ഇരുനൂറോളം കോളജുകളിൽ മിക്കവയിലും 150ൽ കൂടുതൽ കുട്ടികൾക്ക് ഗ്രേസ് മാർക്കിന് അർഹതയുണ്ട്. ഈ മാസം ഏഴാംതീയതിയാണ് ബിരുദഫലം പുറത്തുവിട്ടത്. പരീക്ഷ നടന്ന് 23 ദിവസത്തിനകം ഫലം പ്രസിദ്ധീകരിച്ചുവെന്ന ഖ്യാതിനേടാൻ ഇതോടെ എം.ജി സർവകലാശാലക്ക് കഴിഞ്ഞു. ഗ്രേസ് മാർക്ക് ഉൾപ്പെടുത്തിയ ഫലം പ്രസിദ്ധീകരിക്കാൻ കുറച്ച് ദിവസങ്ങൾകൂടി വേണ്ടിവരുമെന്നതിനാലാണ് അതിനു കാത്തുനിൽക്കാതെ ഫലം പ്രസിദ്ധീകരിച്ചത്. ഗ്രേസ് മാർക്ക് ചേർക്കുന്നതിനുള്ള നടപടി അന്തിമഘട്ടത്തിലാണ്. നിലവിൽ തോറ്റതായി ഫലം വന്നിരിക്കുന്ന നൂറുകണക്കിന് കുട്ടികൾ വിജയിച്ചിട്ടുണ്ട്.
ഈ ജോലി പൂർത്തിയായവരുടെ മാർക്ക് ലിസ്റ്റുകൾ അച്ചടിക്കുന്നതിനുള്ള നടപടി സർവകലാശാല തുടങ്ങിയിട്ടുണ്ട്. രണ്ടുദിവസങ്ങൾക്കകം മാർക്ക് ലിസ്റ്റുകളുടെ വിതരണം തുടങ്ങും. കഴിഞ്ഞവർഷവും ബിരുദഫലം പറേത്തുവിട്ട് ഏറെനാളുകൾക്ക് ശേഷമാണ് ഗ്രേസ് മാർക്ക് ഉൾപ്പെടുത്തിയ ഫലം പ്രസിദ്ധീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.