അഞ്ച് തലമുറയുടെ മുത്തശ്ശി; പുൽക്കുടിൽ നീലിക്ക് കൊട്ടാരം
text_fieldsകട്ടപ്പന: അഞ്ച് തലമുറക്ക് മുത്തശ്ശിയാണ് 106 പിന്നിട്ട മേമ്മാരിയിലെ നീലി കൊലുമ്പൻ. പുൽക്കുടിലിലെ താമസവും മാറാത്ത ദിനചര്യകളുമാണ് നീലി മുത്തശ്ശിയെ വ്യത്യസ്തയാക്കുന്നത്. ഇടുക്കി വന്യജീവി സങ്കേതത്തിൽ ബാഹ്യലോകത്തുനിന്ന് ഒറ്റപ്പെട്ടു സ്ഥിതി ചെയ്യുന്ന മേമ്മാരി ഊരാളി ആദിവാസി കുടിയിലെ പരേതനായ കൊലുമ്പെൻറ ഭാര്യയാണ്. 115 വയസ്സ് കഴിഞ്ഞെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും സർക്കാർ രേഖകൾ അനുസരിച്ച് പ്രായം 106 ആണ്. ഭർത്താവ് കൊലുമ്പൻ വർഷങ്ങൾക്ക് മുമ്പ് മരിച്ചുപോയി. നീലിക്ക് ഇപ്പോഴും കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ല. മേമ്മാരി ആദിവാസിക്കുടിയിൽ സർക്കാർ പണിത് നൽകിയ കോൺക്രീറ്റ് വീടുകൾ വന്നു തുടങ്ങിയെങ്കിലും നീലി പുൽക്കുടിലിലെ താമസവും ദിനചര്യകളും മാറ്റാൻ തയാറല്ല.
പുൽക്കുടിലിലെയും മരത്തിന് മുകളിൽ നിർമിച്ച ഏറു മാടങ്ങളിലെയും താമസമാണ് നീലിക്ക് ഇഷ്ടം. ചുട്ട കാട്ടു കിഴങ്ങുകളും കാട്ടു തേനുമാണ് ഇഷ്ട ഭക്ഷണം. മക്കളും പേരക്കുട്ടികളും അവരുടെ മക്കളും ഏറെ നിർബന്ധിച്ചിട്ടും നീലി പുൽക്കുടിലിൽനിന്ന് എങ്ങോട്ടും പോകാൻ തയാറായിട്ടില്ല.ഇടുക്കി വനത്തിൽ താമസിച്ചിരുന്ന ആദിവാസി ഊരാളി വിഭാഗത്തിൽ പെട്ട നീലിയുടെ കുടുംബക്കാരെ 1967ൽ ഇടുക്കി ജല വൈദ്യുതി പദ്ധതിക്ക് വേണ്ടി കുടിയൊഴിപ്പിച്ചു മേമ്മാരി വനമേഖലയിൽ പുനരധിവസിപ്പിക്കുകയായിരുന്നു. 80ഒാളം കുടുംബങ്ങളാണ് അന്നുണ്ടായിരുന്നത്. മേമ്മാരി വനം വെട്ടി തെളിച്ചു ആളുകളെ കുടിയിരുത്താൻ നേതൃത്വം നൽകിയത് അന്ന് കുടിയിലെ കാണിയായിരുന്ന കണ്ടൻകുമാരനായിരുന്നു. കുമാരെൻറ ഏറ്റവും ഇളയ സഹോദരീയാണ് നീലി. 120ാം വയസ്സിലാണ് കണ്ടൻകുമാരൻ മരിക്കുന്നത്. നീലി കൊലുമ്പന് മൂന്ന് ആണും ഒരു പെണ്ണും ഉൾപ്പെടെ നാല് മക്കളാണുള്ളത്.
മൂത്തവരായ ഗോപിയും കേശവനും മരിച്ചു. രാമനും, മകൾ രമണിയും ഉണ്ട്. ഉപ്പുതറയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കുടിയിലെത്തിയാണ് നീലിക്ക് കോവിഡ് വാക്സിൻ നൽകിയത്. കാട്ടിലെ പച്ചമരുന്നുകൾ എല്ലാം നീലിക്ക് വശമാണ്. പരസഹായം കൂടാതെ നടക്കാനും ദിനചര്യകൾ ചെയ്യാനും ബുദ്ധിമുട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.