കോൺഗ്രസിൽ ഗ്രൂപ്പ് തർക്കം; അതിരമ്പുഴ ജോസ് പക്ഷത്തിന് വിട്ടുനൽകി സി.പി.എം
text_fieldsകോട്ടയം: നാമനിർദേശപത്രിക സമർപ്പണത്തിനുള്ള സമയപരിധി അവസാനിക്കാൻ രണ്ടുദിനം മാത്രം ശേഷിക്കെ, തെളിയാതെ ജില്ല പഞ്ചായത്തിലെ സ്ഥാനാര്‍ഥി ചിത്രം. ചർച്ചകളും തർക്കങ്ങളും തുടരുന്നതിനിടെ, ചൊവ്വാഴ്ച അന്തിമ സ്ഥാർഥി പട്ടിക പുറത്തിറക്കുമെന്നാണ് മൂന്നുമുന്നണികളുടെയും പ്രഖ്യാപനം.
സീറ്റ് വിഭജന ചർച്ച പൂർത്തിയായി ഒരാഴ്ച പിന്നിട്ടിട്ടും യു.ഡി.എഫ് സ്ഥാനാർഥി പട്ടികയിൽ അന്തിമ ധാരണയായിട്ടില്ല. ഗ്രൂപ്പിൽതട്ടി കോൺഗ്രസിലെ സ്ഥാനാർഥി ചർച്ചകൾ താറുമാറായിരിക്കുകയാണ്. ജോസഫ് വിഭാഗത്തില്‍ രണ്ടു സീറ്റുകളിലും തര്‍ക്കമുണ്ട്.
കോണ്‍ഗ്രസില്‍ അയര്‍ക്കുന്നം, എരുമേലി, കുറിച്ചി, വൈക്കം, തലയാഴം ഡിവിഷനുകളിലാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നീളുന്നത്. നേരത്തേ അയര്‍ക്കുന്നത് ഫില്‍സണ്‍ മാത്യൂസിനെ ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍, ഗ്രൂപ്പ് സമവാക്യങ്ങളുടെ പേരില്‍ ഇതിൽ മാറ്റമുണ്ടാകുമെന്നാണ് വിവരം. ഐ ഗ്രൂപ് ഈ സീറ്റിൽ പിടിമുറുക്കിയതാണ് മാറ്റത്തിനിടയാക്കുന്നത്. ഇവിടെ ബ്ലോക്ക് പഞ്ചായത്തിലേക്ക് നിശ്ചയിക്കുകയും പ്രചാരണം തുടങ്ങുകയും ചെയ്തയാള്‍ സ്ഥാനാര്‍ഥിയാകുമെന്നാണു സൂചന.
എരുമേലിയിലും ഇതേ പ്രശ്നം നിലനില്ക്കുന്നു. പി.എ. ഷമീറിെൻറ പേരാണ് അവസാന പരിഗണനയില്‍. കുറിച്ചിയില്‍ കെ.എസ്.യു നേതാവ് വൈശാഖ്, അധ്യാപകസംഘടന നേതാവായിരുന്ന സലിം എന്നിവരുടെ പേരുകളാണു പരിഗണനയില്‍.
എ, ഐ. ഗ്രൂപ്പുകൾ പൊതുസമ്മതനെ സ്ഥാനാര്‍ഥിയാകാന്‍ നിശ്ചയിച്ച വൈക്കത്ത് ആറുപേരാണ് പരിഗണനയില്‍. തലയാഴം ഡിവിഷനിലും അന്തിമ ധാരണയില്‍ എത്തിയിട്ടില്ല. കടുത്തുരുത്തി - സുനുജോര്ജ്, പൂഞ്ഞാര്‍ - പി.എ. ജോസ്, പൊന്‍കുന്നം - സുരേഷ്, പുതുപ്പള്ളി - നെബു ജോര്‍ജ്, പാമ്പാടി - രാധ വി.നായര്‍, വാകത്താനം - സുധ കുര്യന് എന്നിവരുടെ കാര്യത്തിലാണ് കോൺഗ്രസിൽ അന്തിമ തീരുമാനമായിരിക്കുന്നത്. മുഴുവൻ സ്ഥാനാർഥികളെയും ചൊവ്വാഴ്ച വൈകീട്ട് പ്രഖ്യാപിക്കുമെന്നു ജില്ല കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
ജോസഫ് വിഭാഗത്തില്‍ അതിരമ്പുഴ, കങ്ങഴ സീറ്റുകളില്‍ രണ്ടുപേര്‍ വീതം മത്സരരംഗത്തുള്ളതാണ് ചര്‍ച്ചകള്‍ നീളാന്‍ കാരണം. ചൊവ്വാഴ്ച സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി ജില്ല പ്രസിഡൻറ് സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.
എല്‍.ഡി.എഫില്‍ പൂഞ്ഞാര്‍ സീറ്റിനെചൊല്ലി കടുത്ത തർക്കമാണ് നിലനിന്നത്. കേരള കോൺഗ്രസ് ജോസ് വിഭാഗവും സി.പി.എമ്മും പൂഞ്ഞാർ ആവശ്യപ്പെടുന്നതാണ് തർക്കങ്ങൾക്കിടയാക്കിയത്.
പൂഞ്ഞാറിന് പകരം പുതുപ്പള്ളി നല്‍കാമെന്ന സി.പി.എം. നിലപാട് കേരള കോണ്‍ഗ്രസ് അംഗീകരിച്ചിട്ടില്ല. തിങ്കളാഴ്ച വൈകീട്ടും ചര്‍ച്ചകള്‍ നടന്നുവെങ്കിലും ധാരണയായിട്ടില്ല. അതിനിടെ, സിറ്റിങ് സീറ്റായിരുന്ന അതിരമ്പുഴ സി.പി.എം ജോസ് വിഭാഗത്തിന് വിട്ടുനൽകി.
നിലവിലെ ധാരണയനുസരിച്ച് അയർക്കുന്നം, ഭരണങ്ങാനം, ഉഴവൂർ, കുറവിലങ്ങാട്, കടുത്തുരുത്തി, അതിരമ്പുഴ, കിടങ്ങൂർ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ/പുതുപ്പള്ളി എന്നിവിടങ്ങളിലാകും കേരള കോൺഗ്രസ് ജോസ് വിഭാഗം സ്ഥാനാർഥികളുണ്ടാകുക. മറ്റിടങ്ങളിൽ സി.പി.എം മത്സരിക്കും.
കിടങ്ങൂര്‍ സീറ്റിെൻറ പേരില്‍ സി.പി.ഐയുമായുള്ള കേരള കോണ്‍ഗ്രസ് തര്‍ക്കവും തിങ്കളാഴ്ച പരിഹരിച്ചു.
ഇവിടെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മത്സരിക്കും. വാകത്താനം, കങ്ങഴ, വൈക്കം, എരുമേലി ഡിവിഷനുകളിലാണ് സി.പി.ഐ. മത്സരിക്കുക. ചൊവ്വാഴ്ച സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകുമെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.
അതിനിടെ, എന്‍.ഡി.എ. അവശേഷിച്ച അഞ്ചു സീറ്റുകളില്‍ കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഒരുപടി മുന്നിലെത്തി. ബി.ജെ.പി. സംസ്ഥാന വക്താവ് അഡ്വ. ജയസൂര്യനാണ് പട്ടികയിലെ പ്രമുഖൻ. ഉഴവൂര്‍, മുണ്ടക്കയം, കിടങ്ങൂര്‍, പുതുപ്പള്ളി, അതിരമ്പുഴ ഡിവിഷനുകളിലെ ബി.ജെ.പി. സ്ഥാനാര്‍ഥികളെയാണ് തിങ്കളാഴ്ച പ്രഖ്യാപിച്ചത്.
അതിരമ്പുഴ - മായ ജി.നായര്‍, പുതുപ്പള്ളി - നിബു ജേക്കബ്, കിടങ്ങൂര്‍ - അഡ്വ. എസ്. ജയസൂര്യന്‍, മുണ്ടക്കയം - കെ.എ. അനുമോള്‍, ഉഴവൂര്‍ - ഡോ. ജോജി എബ്രഹാം എന്നിവരാണ് സ്ഥാനാര്‍ഥികള്‍. ബി.ഡി.ജെ.എസ് സ്ഥാനാർഥികളടക്കം 17പേരെ നേരത്തേ എൻ.ഡി.എ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.