പുഞ്ചക്കൊയ്ത്തിന് തുടക്കം; പോള നിറഞ്ഞ് തോടുകൾ
text_fieldsകോട്ടയം: ജില്ലയിൽ പുഞ്ചക്കൊയ്ത്തിന് തുടക്കമായിരിക്കെ, പാടശേഖരങ്ങളോട് ചേർന്ന തോടുകൾ പോള നിറഞ്ഞനിലയിൽ. ഇതോടെ കൊയ്തെടുക്കുന്ന നെല്ല് എങ്ങനെ കരയിലേക്ക് എത്തിക്കുമെന്ന ആശങ്കയിലാണ് നെൽകർഷകർ.
വള്ളത്തിൽ മാത്രം എത്താൻ കഴിയുന്ന തിരുവാർപ്പ് പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിലെ കർഷകർക്കാണ് പോള തിരിച്ചടിയാകുന്നത്. പോളയിലൂടെ വള്ളങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സാഹചര്യമാണ്. വള്ളങ്ങളിൽ നെല്ലുകൂടി കയറ്റിയാൽ, ഒരടിപോലും മുന്നോട്ടു നീങ്ങാൻ കഴിയാത്ത സ്ഥിതിയാകുമെന്നും ഇവർ പറയുന്നു.
തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ ജെ ബ്ലോക്ക് ഒമ്പതിനായിരം, പുതിയേരി, നടുവിലെ പാടം, എം.എൻ. ബ്ലോക്ക്, മാരകം കായൽ, വെട്ടിക്കാട്ട് തുടങ്ങി വിവിധ പാടശേഖരങ്ങളിലായി 9000 ഹെക്ടറോളമാണ് നെൽകൃഷി. ഇവിടേക്ക് എത്താനുള്ള ഏകമാർഗം ജലവാഹനങ്ങൾ മാത്രമാണ്. കൊയ്ത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കിൽ വിളവെടുപ്പ് സ്തംഭനത്തിലാകുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ജില്ലയിലെ ചില പാടശഖരങ്ങളിൽ കൊയ്ത്ത് ആരംഭിച്ചെങ്കിലും തിരുവാർപ്പിൽ 40 ദിവസംകൂടി കഴിഞ്ഞാൽ മാത്രമേ വിളവെടുപ്പ് ആരംഭിക്കുകയുള്ളൂ. വേനൽ കടുത്തതോടെ കൃഷിക്കും ഏറെ ജലം ആവശ്യമാണ്. എന്നാൽ, പോള നിറഞ്ഞ വെള്ളം ഉപയോഗിക്കുന്നത് തിരിച്ചടിയാകുമെന്നും കർഷകർ പറയുന്നു. പോള കയറിയതിനാൽ അഴുകി കറുത്ത നിലയിലാണ് വെള്ളം. പാടശേഖരനോട് ചേർന്ന കായലിലും സ്ഥിതി സമാനമാണ്. അതിനാൽ അവിടെനിന്ന് വെള്ളം പമ്പ് ചെയ്യുന്നത് ഉൽപാദനത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
ജലം മലിനമാകുമെന്നതിനാൽ പോള നശിപ്പിക്കാൻ മരുന്നുകൾ ഉപയോഗിക്കാൻ കഴിയില്ല. യന്ത്രം ഉപയോഗിച്ച് പോള വാരിമാറ്റുക മാത്രമാണ് പ്രതിവിധി. എന്നാൽ, ഇതിന് പഞ്ചായത്തുതലത്തിൽ ഫണ്ട് അനുവദിക്കാത്തതിനാൽ കർഷകർ പണം കണ്ടെത്തേണ്ട സ്ഥിതിയാണ്. ഇതിനുള്ള അധികച്ചെലവ് കർഷകരെ പ്രതിസന്ധിയിലാക്കുന്നുമുണ്ട്. സർക്കാർതലത്തിൽ പോളശല്യം പരിഹരിക്കാൻ പഞ്ചായത്തുകളുടെ സഹകരണത്തോടെ പദ്ധതി തയാറാക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.
ജലഗതാഗതത്തിനും പോള തിരിച്ചടിയാണ്. കോട്ടയം-ആലപ്പുഴ ജലപാതയിലെ കാഞ്ഞിരം മുതൽ പൊള്ള നിറഞ്ഞിരിക്കുകയാണ്. കാഞ്ഞിരം കായലിലും പഴുക്കാൻനില കായലിലും പോള തിങ്ങിനിറഞ്ഞു. പോളയിലൂടെ തുടർച്ചയായി സഞ്ചരിക്കുന്നത് ബോട്ടുകൾക്ക് കേടുപാട് സംഭവിക്കുന്നതായും കർഷകർ പറയുന്നു. ചെറുവള്ളങ്ങളിൽ സഞ്ചരിക്കുന്നവർക്കും പോള ദുരിതമാകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.