വേണാട് എക്സ്പ്രസിൽ വൻ തിരക്ക്; യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം
text_fieldsകോട്ടയം: ഷൊർണൂരിലേക്കു പോകുന്ന വേണാട് എക്സ്പ്രസിൽ വൻതിരക്ക് മൂലം യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം. തിങ്കളാഴ്ച രാവിലെ ഏറ്റുമാനൂരിൽ നിന്നെടുത്ത ശേഷമാണ് യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
യാത്രക്കാർ വൈക്കം റോഡിൽ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തിയെങ്കിലും ഗാർഡിന്റെ നിർദേശപ്രകാരം യാത്രക്കാരിയെ അടുത്ത സ്റ്റോപ്പായ പിറവം സ്റ്റേഷനിലാണെത്തിച്ചത്. അഞ്ചുമിനിറ്റ് വൈക്കം സ്റ്റേഷനിൽ നിർത്തിയെങ്കിലും പ്രഥമ ശുശ്രൂഷ പോലും നൽകാതെ ട്രെയിൻ പിറവത്തേക്ക് എടുക്കുകയായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു.
വിവരം കൈമാറാൻ യാത്രക്കാർക്ക് നൽകിയിട്ടുള്ള ഹെൽപ് ലൈൻ നമ്പറായ 139ൽ മാറിമാറി വിളിച്ചിട്ടും പ്രതികരണമില്ലാതിരുന്നതും കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന മാവേലിക്കര സ്വദേശിനിക്കാണ് യാത്രാമധ്യേ ആരോഗ്യപ്രശ്നം ഉണ്ടായത്. തിരക്കുമൂലം വേണാടിലെ ജനറൽ കോച്ചുകളിൽ ശുദ്ധവായുപോലും ലഭിക്കാത്ത അവസ്ഥയായിരുന്നു.
വിഷുവിനും ഈസ്റ്ററിനും ശേഷം ഓഫിസിലേക്കു മടങ്ങുന്നവർ കൂടി വേണാടിനെ ആശ്രയിച്ചതോടെയാണ് തിരക്ക് രൂക്ഷമായത്. യാത്രക്കാർ ഇറങ്ങാനും കയറാനും വളരെയേറെ പ്രയാസപ്പെട്ടു. ഇതുമൂലം ഓരോ സ്റ്റേഷനിൽനിന്നും വൈകിയാണ് ട്രെയിൻ പുറപ്പെട്ടത്.
സാധാരണക്കാരന്റെ ആശ്രയമായ അൺ റിസർവ്ഡ് കോച്ചുകൾ പരിമിതമാക്കിയതും സീസൺ യാത്രക്കാർക്ക് ഡി റിസർവ്ഡ് കോച്ചുകൾ നൽകാത്തതും ജനറൽ കമ്പാർട്ട്മെന്റിൽ തിരക്ക് വർധിക്കാൻ കാരണമായതായി യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് ആരോപിക്കുന്നു. മറ്റു പ്രതിദിന ട്രെയിനുകളുടെ അവസ്ഥയും വ്യത്യസ്തമല്ല.
വടക്കോട്ടും തെക്കോട്ടും ഓഫിസ് സമയം പാലിക്കുന്ന എല്ലാ ട്രെയിനുകളും യാത്രക്കാരെ കുത്തിനിറച്ചാണ് സർവിസ് നടത്തുന്നത്. പല സംഘടനകളും യാത്രക്കാരും ജനപ്രതിനിധികളടക്കം സ്റ്റേഷനിൽ പലതവണ പ്രതിഷേധിച്ചെങ്കിലും റെയിൽവേ അനങ്ങാപ്പാറ നയം തുടരുകയാണ്. മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതിനാൽ റിസർവേഷൻ കോച്ചുകൾ പലതും കാലിയായാണ് സർവിസ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.