എളുപ്പമല്ല ഈ വീടൊന്നു പഴയപടി ആക്കാൻ
text_fieldsകോട്ടയം: ‘‘വീടുനിറയെ ചളിയായിരുന്നു. കാൽ കുത്തുമ്പോൾ മുട്ടിന് മുകൾഭാഗം വരെ പുതഞ്ഞുപോകും. വാടകക്ക് മോട്ടോർ എടുത്ത് വെള്ളത്തോടെ ചളി അടിച്ചുകളഞ്ഞാണ് അകത്ത് കാൽ കുത്താനായത്. ദിവസങ്ങളോളം മെനക്കെട്ടാലേ വീട് പഴയപോലെ ആക്കിയെടുക്കാനാവൂ’’. താഴത്തങ്ങാടി ഇല്ലിക്കൽ ഇരുപതിൽ ലൈലയുടെ വാക്കുകളിലുണ്ട് വീടിന്റെ അവസ്ഥ. അഞ്ചു ദിവസമാണ് വീടിനകത്ത് വെള്ളം നിന്നത്. വാതിലും ജനലുമെല്ലാം അടച്ചിട്ടിരുന്നെങ്കിലും ചളി അടിച്ചുകയറി. മീനച്ചിലാറിന്റെ കരയിലായതിനാൽ ഒഴുക്ക് അകത്തേക്കായിരുന്നു.
ലൈലയും മക്കളും ബന്ധുവീടുകളിലേക്ക് താമസം മാറിയിരുന്നു. തിങ്കളാഴ്ച രാവിലെയാണ് വീട്ടിൽ തിരിച്ചെത്തിയത്. വീടിന്റെ വാതിലും ജനാലയുമെല്ലാം വെള്ളം കയറി ഇളകിനിൽക്കുകയാണ്. ചുവരിലും വെള്ളം അവശേഷിപ്പിച്ച പാടുകൾ. കുടിവെള്ള പൈപ്പും കിണറുമെല്ലാം വെള്ളത്തിലായിരുന്നു. വീടിനകത്തുനിന്ന് വെള്ളം ഇറങ്ങിയെങ്കിലും മുറ്റത്തും പറമ്പിലും നിറയെ വെള്ളവും ചളിയുമാണ്. മുറ്റത്ത് കല്ലിട്ട് അതിനുമീതെ ചവിട്ടിയാണ് വീട്ടിലേക്ക് കടക്കുന്നത്.
വീട്ടുപകരണങ്ങളെല്ലാം മേശയിലും ഉയരത്തിലുമായി വെച്ചതിനാൽ കേടുവന്നില്ല. നനഞ്ഞ് ഉപയോഗിക്കാൻ പറ്റാത്തവ കളഞ്ഞു. കിടക്കയും വിരികളും വസ്ത്രങ്ങളുമെല്ലാം നനഞ്ഞു. നല്ലപോലെ വെയിൽ വന്നാലേ ഉണക്കിയെടുക്കാനാകൂ. എല്ലാ വർഷവും വെള്ളം കയറുന്നത് പതിവായതിനാൽ ഈ ഭാഗത്തെ വീടുകളെല്ലാം നാശാവസ്ഥയിലാണ്. മീനച്ചിലാറിനോടു ചേർന്ന വീട്ടിൽ വാടകക്ക് താമസിക്കുന്ന മുഹമ്മദിന്റെ അവസ്ഥയും വ്യത്യസ്തമല്ല. താഴത്തെ വീട്ടിൽ മുഹമ്മദും കുടുംബവും മുകളിൽ വീട്ടുടമയുമാണ് കഴിയുന്നത്.
സാധനങ്ങളെല്ലാം മുകളിൽ വെച്ചിരുന്നെങ്കിലും കിടക്കയടക്കം നനഞ്ഞു. വെള്ളമുള്ളപ്പോൾ തന്നെ വൃത്തിയാക്കി. ഉണങ്ങിയാൽ ചളി നീക്കാൻ പ്രയാസമാണ്. മുറ്റത്തെ ചളിയും മുഴുവൻ നീങ്ങിയിട്ടില്ല. വെള്ളം വരുമ്പോൾ മാറിയാൽ മതി. അതുകഴിഞ്ഞുള്ള ദുരിതമാണ് . സഹിക്കാനാവാത്തതെന്ന് മുഹമ്മദ് പറയുന്നു. താഴ്ന്ന പ്രദേശങ്ങളിൽ മിക്ക വീടുകളിൽനിന്നും വെള്ളം ഇറങ്ങിയെങ്കിലും മുറ്റത്തും പറമ്പുകളിലും മലിനജലം കെട്ടിക്കിടക്കുകയാണ്. മാലിന്യം നിറഞ്ഞ് കിണറുകൾ ഉപയോഗശൂന്യമായി. വെള്ളത്തിന്റെയും പുല്ലു ചീഞ്ഞതിന്റെയും ദുർഗന്ധമാണ് എല്ലായിടങ്ങളിലും. മഴ മാറി വെയിൽ തെളിഞ്ഞതോടെ വീടുകൾ വൃത്തിയാക്കി കയറിത്താമസത്തിനൊരുങ്ങുകയാണ് കുടുംബങ്ങൾ.
ഇന്ദിര ഇപ്പോഴും വെള്ളത്തിൽ
വേളൂർ എടവന്തല ഇന്ദിര മോഹനന്റെ വീട്ടിൽനിന്ന് ഇതുവരെ വെള്ളമിറങ്ങിയിട്ടില്ല. കട്ടിലിലിരുന്ന് കാലിനടിയിലൂടെ ഓടിക്കളിക്കുന്ന മീനുകളെ നോക്കിയിരിക്കുകയാണ് ഇന്ദിര. വീട്ടിൽ കട്ടിലിന്റെ ഉയരത്തിൽ വെള്ളം വന്നപ്പോഴും ഇന്ദിര വീടുവിട്ടുപോയിരുന്നില്ല. വെള്ളം കൂടുന്നതിനനുസരിച്ച് കല്ലുവെച്ച് കട്ടിൽ ഉയർത്തി കിടന്നുറങ്ങി.
വാതരോഗം ഉള്ളതിനാൽ വെള്ളത്തിലൂടെ അധികദൂരം നടക്കാനാവുമായിരുന്നില്ല. അതുകൊണ്ടാണ് ക്യാമ്പിലേക്ക് പോകാതിരുന്നത്. വെള്ളത്തിലൂടെ കുറേദൂരം സഞ്ചരിച്ചാലേ ക്യാമ്പിലെത്താനാവൂ. വീടിനുമുന്നിലെ കൊച്ചുകടയിലും വെള്ളം കയറി. വെള്ളമൊഴിയാൻ കാത്തിരിക്കുകയാണ് ഇന്ദിരയും കുടുംബവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.