മഴയിൽ കനത്ത നാശം
text_fieldsചങ്ങനാശ്ശേരി: പെരുന്ന വില്ലേജ് ഓഫിസിനു മുന്നിലുണ്ടായിരുന്ന കൂറ്റൻ പുളിമരം കാറ്റത്ത് കടപുഴകി വീണു. റോഡരികിലെ വൈദ്യുതി പോസ്റ്റ് തകർത്താണ് റോഡരികിൽ പാർക്ക് ചെയ്ത കാറിനു മുകളിലേക്ക് മരം വീണത്. ഇതോടെ പോസ്റ്റും ലൈനുകളും അടക്കം കാറിന് മുകളിൽ പതിച്ചു. കാറിൽ യാത്രക്കാരില്ലാതിരുന്നതിനാൽ വലിയ ദുരന്തം വഴിമാറി. കാറിൽ ഉണ്ടായിരുന്നവർ വില്ലേജ് ഓഫിസിനുള്ളിൽ കയറിയ ശേഷമാണ് മരം കടപുഴകിയത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെയാണ് അപകടം. എം.സി റോഡ് ഭാഗത്തേക്കാണ് മരം വീണത്. മരത്തിന്റെ ശിഖരം റോഡിലേക്ക് വീണതിനാൽ ഗതാഗത തടസ്സവുമുണ്ടായി. അഗ്നിരക്ഷസേന എത്തി മരം മുറിച്ചു മാറ്റി. കാർ പൂർണമായി തകർന്നു. മരംമുറിച്ചുമാറ്റിയശേഷം കെ.എസ്. ഇ.ബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തകർന്ന് വീണ വൈദ്യുതി പോസ്റ്റുകൾക്ക് പകരം സ്ഥാപിച്ച് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.
തെങ്ങ് കടപുഴകി വീട് ഭാഗികമായി തകർന്നു
ചങ്ങനാശ്ശേരി: കുറിച്ചി പഞ്ചായത്തിലെ മലകുന്നം കല്ലുകടവ് മഠത്തിപ്പറമ്പിൽ സുമേഷിന്റെ വീടിന് മുകളിലേക്ക് തെങ്ങ് വീണ് വീട് ഭാഗികമായി തകർന്നു. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ശക്തമായ കാറ്റിൽ തെങ്ങ് മറിഞ്ഞുവീഴുകയായിരുന്നു. സംഭവ സമയം സുമേഷിനെറ മാതാവ് സുജാതയും ഭാര്യ ഷംജയും വീട്ടിൽ ഉണ്ടായിരുന്നെങ്കിലും രണ്ടു പേർക്കും അപകടം സംഭവിച്ചില്ല. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ടോമിച്ചൻ ജോസഫ്, വാർഡംഗം ബിജു എസ്.മേനോൻ, വില്ലേജ് ഓഫീസർ ബിറ്റു ജോസഫ് എന്നിവർ വീട്ടിലെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. നാല് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
കാറ്റിൽ വീടിന് മുകളിൽ മരംവീണു
എരുമേലി: തിങ്കളാഴ്ച വൈകിട്ട് മഴക്കൊപ്പമുണ്ടായ ശക്തമായ കാറ്റിൽ വീടിന് മുകളിലേക്ക് മരംവീണു. മുക്കൂട്ടുതറ കൊടിത്തോട്ടത്തിൽ സാബുവിന്റെ വീടിന് മുകളിലാണ് സമീപത്തെ തേക്ക് കടപുഴകി വീണത്. വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നു. വീട്ടിൽ വാടകക്ക് താമസിക്കുന്ന കുടുംബം ഉണ്ടായിരുന്നെങ്കിലും രക്ഷപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.