മഴ ദുരിതം; കാറ്റ് നാശം വിതച്ചു
text_fieldsകോട്ടയം: ജില്ലയിൽ കനത്ത മഴ തുടരുന്നു. ഞായറാഴ്ച രാത്രി മുതലാണ് മഴ ശക്തമായത്. പകൽ ഇടവിട്ട് ശക്തമായ മഴയാണ് പെയ്തത്. മഴക്കൊപ്പം വീശിയ കാറ്റിൽ പലയിടങ്ങളിലും മരങ്ങളും വൈദ്യുതിപോസ്റ്റുകളും മറിഞ്ഞുവീണു. പാലാ പ്രവിത്താനം ഭാഗത്ത് കാറ്റ് വൻനാശം വിതച്ചു. നിരവധി വൈദ്യുതിപോസ്റ്റുകൾ മറിഞ്ഞുവീണു. വാഹനങ്ങൾക്കും കേടുപാട് സംഭവിച്ചു. വൈക്കം വെച്ചൂരിലും വാഹനങ്ങൾക്ക് മുകളിൽ മരം വീണു.
വടവാതൂരിൽ പ്ലാന്റേഷൻ കോർപറേഷൻ ക്വാർട്ടേഴ്സിലേക്കുള്ള മതിൽ തകർന്ന് റോഡിലേക്കു വീണു. ജീവനക്കാരുടെ ക്വാർട്ടേഴ്സിലേക്കുള്ള വഴിയിലെ മതിലാണ് തകർന്നത്. ഇതുവഴി ഗതാഗതം തടസ്സപ്പെട്ടു. മതിലിന്റെ അപകടാവസ്ഥ നാട്ടുകാർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇല്ലിക്കൽ പതിനഞ്ചിൽക്കടവ് റോഡിൽ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു.
തിങ്കളാഴ്ച ഉച്ചക്ക് 11 ഓടെയാണ് ഇല്ലിക്കൽ - പതിനഞ്ചിൽക്കടവ് റോഡിൽ പാണംപടി കുരിശിൻ തൊട്ടിക്കു സമീപം റോഡിൽ മരം വീണത്. റോഡിനു കുറുകെ മരം വീണതോടെ ഇവിടെയുണ്ടായിരുന്ന രണ്ട് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. മറ്റൊരു ഇട റോഡിൽ നിന്ന വൈദ്യുതി പോസ്റ്റും റോഡിലേക്ക് ചരിഞ്ഞിട്ടുണ്ട്. പ്രദേശത്ത് പൂർണമായി വൈദ്യുതി മുടങ്ങി.
ജില്ലയിൽ 17 വരെ മഞ്ഞ അലർട്ട്
കോട്ടയം: ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ 17 വരെ ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചതായി കലക്ടർ വി. വിഘ്നേശ്വരി അറിയിച്ചു. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. ഇത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണം.
പ്രവിത്താനത്ത് ഏഴ് പോസ്റ്റുകൾ ഒടിഞ്ഞു; വാഹനങ്ങൾക്ക് കേടുപാട്
പാലാ: കാറ്റിലും മഴയിലും പ്രവിത്താനം മേഖലയിൽ വ്യാപക നഷ്ടം. തിങ്കളാഴ്ച വൈകിട്ട് നാലോടെയാണ് മഴയും കാറ്റും വീശിയടിച്ചത്. പ്രവിത്താനം - ചൂണ്ടച്ചേരി റോഡിൽ ഏഴ് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. പ്രദേശത്തെ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. പോസ്റ്റുകൾ ഒടിഞ്ഞ് വീണ് സമീപത്ത് നിർത്തിയിട്ട സ്കൂട്ടറുകൾക്കും തകരാർ സംഭവിച്ചിട്ടുണ്ട്. റബർ, തെങ്ങ്, മരച്ചീനി തുടങ്ങിയ കൃഷികൾക്കും വ്യാപക നാശം സംഭവിച്ചിട്ടുണ്ട്. തണൽ മരം വീണ് മൂന്ന് ഓട്ടോറിക്ഷകൾക്ക് കേടുപാട് സംഭവിച്ചു. പാലാ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപമുള്ള ഓട്ടോ സ്റ്റാൻഡിലെ തൈമുറിയിൽ കുഞ്ഞൻ ബിജു, കരൂർ സ്വദേശി കുഞ്ഞുമോൻ, വള്ളിച്ചിറ വാണിയിടം മുരളീധരൻ എന്നിവരുടെ ഓട്ടോറിക്ഷകളാണ് ഭാഗികമായി തകർന്നത്.
റിവർവ്യൂ റോഡിൽ ടൗൺഹാളിന് സമീപം നിർത്തിയിട്ട കാറിന് മുകളിൽ മരം ഒടിഞ്ഞു വീണു. കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റിൽ കടനാട് പഞ്ചായത്തിലെ മാനത്തൂർ, പിഴക്, ഐങ്കൊമ്പ് പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടമുണ്ടായി. മാവ്, പ്ലാവ്, തേക്ക്, റബർ തുടങ്ങിയ വൻ മരങ്ങളും നിരവധി കൃഷികളും നശിച്ചു. നാശനഷ്ടം ഉണ്ടായ സ്ഥലങ്ങൾ ജില്ല പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ, പഞ്ചായത്ത് പ്രസിഡൻറ് ജിജി തമ്പി, പഞ്ചായത്തംഗം സിബി ചക്കാലക്കൽ, ആർ.ഡി.ഒ, റവന്യൂ ഉദ്യോഗസ്ഥർ, പഞ്ചായത്ത് അധികൃതർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.