കാറ്റും മഴയും; കടപുഴകി മരങ്ങൾ
text_fieldsകോട്ടയം: ജില്ലയിൽ മഴ ശക്തമായില്ലെങ്കിലും മഴക്കെടുതികൾ തുടരുന്നു. കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടിയതോടെ മീനച്ചിലാർ കരകവിഞ്ഞു. ശക്തമായ കാറ്റിൽ പലയിടങ്ങളിലും വ്യാപകമായി മരങ്ങൾ കടപുഴകി. അഗ്നിരക്ഷ സേനയുടെ റിപ്പോർട്ട് പ്രകാരം തിങ്കളാഴ്ച മാത്രം കാറ്റിലും മഴയിലും 25 മരങ്ങൾ റോഡിൽ വീണു.
എല്ലായിടത്തും ഗതാഗതം പുനഃസ്ഥാപിച്ചു. 16 വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും നശിച്ചു. ജില്ല ജനറൽ ആശുപത്രിയുടെ മോർച്ചറി കെട്ടിടത്തിന് മുകളിലേക്ക് വൻമരം കടപുഴകി വീണ് കെട്ടിടം ഭാഗികമായി തകർന്നു. മോർച്ചറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.
പോസ്റ്റുമോർട്ടം നടപടികളും നിർത്തിവെച്ചു. തിങ്കളാഴ്ച വൈകീട്ടുണ്ടായ കനത്ത കാറ്റിലും മഴയിലുമാണ് മരം മോർച്ചറി കെട്ടിടത്തിന് മുകളിലേക്ക് വീണത്. രാവിലെ ഡ്യൂട്ടിക്ക് എത്തിയ ജീവനക്കാരാണ് മരം വീണത് കണ്ട് അധികൃതരെ വിവരം അറിയിച്ചത്. സ്റ്റോർ റൂം, ജീവനക്കാരുടെ ഡ്രസിങ് മുറി എന്നിവക്ക് മുകളിലേക്കാണ് മരം വീണത്. ഓടും ഷീറ്റും തടിയുടെ പട്ടികകളും എല്ലാം തകർന്നിട്ടുണ്ട്. ഒരു മൃതദേഹം ഇവിടെ സൂക്ഷിച്ചിരുന്നു. ഇത് മാറ്റി. കുമ്മനം ഇളങ്കാവ് ക്ഷേത്രത്തിൽ മരം വീണ് ക്ഷേത്രത്തിലെ നടപ്പന്തൽ തകർന്നു. ക്ഷേത്ര പരിസരത്തെ കാഞ്ഞിരമാണ് കടപുഴകിയത്. 50 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. കെ.കെ റോഡിൽ ദേശീയപാതയിൽ കഞ്ഞികുഴിയിൽ മരം മറിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. കഞ്ഞിക്കുഴി ദീപ്തി നഗറിന് മുന്നിലെ ഓട്ടോ സ്റ്റാൻഡിലെ മരമാണ് കെ.കെ റോഡിലേക്ക് മറിഞ്ഞുവീണത്. പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി മരം വെട്ടിമാറ്റി. ശാസ്ത്രി റോഡിൽ കാറിന് മുകളിൽ മരം വീണു. അപകടത്തിൽ കാറിന്റെ മുന്നിലെ ചില്ല് തകർന്നു. ആർക്കും പരിക്കില്ല.
മൂലവട്ടത്ത് വീടിന്റെ അടുക്കള ഇടിഞ്ഞുവീണു
കോട്ടയം: മൂലവട്ടം കുറ്റിക്കാട് ക്ഷേത്രത്തിനു സമീപം വീടിന്റെ അടുക്കള ഇടിഞ്ഞുവീണു. കുറ്റിക്കാട് പുത്തൻ വീട്ടിൽ പി.കെ. റെജിയുടെ വീടാണ് ഇടിഞ്ഞുതാണത്. ചൊവാഴ്ച ഉച്ചക്ക് 2.30 ഓടെയുണ്ടായ കനത്ത മഴക്കിടെയാണ് വീടിന്റെ അടുക്കളയുടെ ഒരു ഭാഗവും ഒരു മുറിയുടെ ഒരു ഭാഗവും തകർന്നത്. റെജിയുടെ അമ്മയും ഭാര്യയും മകളുമാണ് അടുക്കള ഇടിഞ്ഞപ്പോൾ വീട്ടിലുണ്ടായിരുന്നത്. ശബ്ദം കേട്ട് വീട്ടുകാർ ഓടി മാറുകയായിരുന്നു.
ഏറ്റുമാനൂര്‍: കനത്ത മഴയില്‍ വീടിന്റെ അടുക്കള തകര്‍ന്നു. ഏറ്റുമാനൂര്‍ നഗരസഭ പാറോലിക്കല്‍ നെയാനിയില് ജിബി ജോസഫിന്റെ വീടിന്റെ അടുക്കളയാണ് നശിച്ചത്. ചൊവാഴ്ച ഉച്ചക്ക് ഒന്നിനായിരുന്നു സംഭവം. അടുക്കളയുടെ ഒരു ഭാഗം വലിയ ശബ്ദത്തോടെ ഇടിഞ്ഞു വീഴുകയായിരുന്നു. സംഭവസമയത്ത് ജിബിയുടെ ആറുമാസം പ്രായമുള്ള കുഞ്ഞും ഭാര്യ ജിന്‍സിയും അമ്മ ഏലിയാമ്മയുമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്.ജിന്‍സി അടുക്കളയില്‍ ജോലിചെയ്യുകയായിരുന്നു. ശബ്ദം കേട്ട് ഓടിമാറിയതിനാല്‍ അപകടം ഒന്നും സംഭവിച്ചില്ല. അമ്മ ഏലിയാമ്മയും കുഞ്ഞും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. അടുക്കളയുടെ ചിമ്മിനിയും വാട്ടര്‍ ടാങ്കും ഗ്യഹോപകരണങ്ങളും നശിച്ചു. വീടിന്റെ മറ്റ് ഭാഗത്തും വിള്ളലുകളും വീണിടുണ്ട്. വാര്‍ഡ് കൗണ്‍സിലര്‍ വിജി ചാവറ സ്ഥലം സന്ദര്‍ശിച്ചു
25 വീട് തകർന്നു; രണ്ട് ക്യാമ്പ് തുറന്നു
കോട്ടയം: മഴയിൽ ജില്ലയിൽ 25 വീടുകൾ തകർന്നു. ചങ്ങനാശ്ശേരി- 14, കോട്ടയം- 10, കാഞ്ഞിരപ്പളളി - ഒന്ന് എന്നിങ്ങനെയാണ് തകർന്ന വീടുകളുടെ എണ്ണം. ഭാഗികമായിട്ടാണ് തകർച്ച. കോട്ടയം താലൂക്കില്‍ രണ്ട് ക്യാമ്പുകളും തുറന്നു. വടവാതൂര്‍ ജി.എൽ.പി.എസ്, വടവാതൂര്‍ എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ. മൂന്ന് കുടുംബങ്ങളിലെ 17 പേരാണ് ഇവിടെയുള്ളത്.
കുമരകം പൊലീസ് സ്റ്റേഷന് മുന്നില്‍ വെള്ളക്കെട്ട് രൂക്ഷം
കുമരകം: കുമരകം പൊലീസ് സ്റ്റേഷന് മുന്നിൽ വെള്ളക്കെട്ട് രൂക്ഷം. പൊലീസുകാര്‍ ഡ്യൂട്ടി ചെയ്യണമെങ്കില്‍ ‘നീന്തി’ വേണം സ്റ്റേഷനില്‍ എത്താന്‍. കുമരകം ചന്തക്കവല അട്ടിപ്പീടിക റോഡ് ഉയര്‍ത്തി ടാര്‍ ചെയ്തതോടെയാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. മഴ വെള്ളം ഒഴുകി പോകാന്‍ ചെറിയ ഓട ഉണ്ടെങ്കിലും ഇതില്‍ മാലിന്യം നിറഞ്ഞ് ബ്ലോക്ക് ഉണ്ടായതിനാല്‍ വെള്ളം ഒഴുകി പോകുന്നില്ല. വെള്ളം ഒഴുകി പോകാനുള്ള സാഹചര്യം ഒരുക്കി വെള്ളക്കെട്ട് ഒഴിവാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
ചങ്ങനാശ്ശേരിയിലും നാശനഷ്ടം
ചങ്ങനാശ്ശേരി: മഴയിലും കാറ്റിലും ചങ്ങനാശ്ശേരി മേഖലയിലും വ്യാപക നാശം. പായിപ്പാട് പഞ്ചായത്ത് ഒന്നാം വാർഡിൽ പൂവം എ.സി റോഡരികിലെ വീടുകൾ കാറ്റിൽ തകർന്നു. തിങ്കളാഴ്ച വൈകീട്ടുണ്ടായ കാറ്റിൽ ഇവിടുത്തെ വീടുകളുടെ മേൽക്കൂരകൾ പറന്ന് എ.സി. റോഡിൽ പതിച്ചു. കവിതാലയം വീട്ടിൽ കുമാരി ജയപ്രകാശ്, പ്രവീണ നിവാസിൽ കെ. പ്രസന്നൻ, ലത എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടം. കനത്ത കാറ്റിലും മഴയിലും കുറിച്ചി നാരകത്തറ ചേലച്ചിറ ടി.പി. അനിയന്റെ വീടും പൂർണമായും തകർന്നു. ഇദ്ദേഹത്തെയും കുടുംബത്തെയും സമീപത്തെ അംഗൻവാടിയിലേക്ക് മാറ്റി. തേക്കും പ്ലാവും കടപുഴകി മാടപ്പള്ളി കുറുമ്പനാടം നെടുമ്പറമ്പിൽ തോമസ് ജോസഫിന്റെ വീടിന്റെ അടുക്കളയുടെ വർക്ക് ഏരിയ, വാട്ടർ ടാങ്ക് എന്നിവ നശിച്ചു. ആർക്കും പരുക്കില്ല. ഞായറാഴ്ച രാത്രിയിൽ മാടപ്പള്ളി പഞ്ചായത്ത് മാന്നില പ്രദേശത്ത് വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞു വീണും വൈദ്യുതി ലൈനുകളിലേക്കു മരശിഖരങ്ങൾ ഒടിഞ്ഞു വീണും വൈദ്യുതി തടസ്സപ്പെട്ടിരുന്നു. നിരവധി റബർ മരങ്ങൾ കടപുഴകി വീണും നാശനഷ്ടം ഉണ്ടായി. മാന്നില പുതുപ്പറമ്പിൽ സിബിയുടെ വീടിന്റെ അടുക്കള ഇടിഞ്ഞു വീണു. കുറിച്ചി പഞ്ചായത്തിൽ മന്ദിരം കവല, കണ്ണന്ത്രപ്പടി തുടങ്ങി വിവിധ പ്രദേശങ്ങളിലും കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.