തീവ്ര മഴയിൽ വിറച്ച് ജില്ല
text_fieldsകോട്ടയം: ഞായറാഴ്ച പകൽ തുടങ്ങി അർധ രാത്രി വരെ ജില്ലയിലുണ്ടായത് അതിതീവ്ര മഴ. കാലാവസ്ഥ നിരീക്ഷണവിഭാഗത്തിന്റെ കണക്ക് പ്രകാരം 18.3 സെന്റിമീറ്റർ മഴയാണ് പെയ്തിറങ്ങിയത്. സംസ്ഥാനത്ത് കൂടുതൽ മഴ പെയ്തത് കോട്ടയത്താണ്.
നെടുംകുന്നം, മാടപ്പള്ളി, കറുകച്ചാല്‍, അകലക്കുന്നം പഞ്ചായത്തുകളില്‍ മഴ വ്യാപക നാശം വിതച്ചു. താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. പല റോഡുകളിലും വെള്ളം കയറി. ആറുകളിൽ വെള്ളം കൂടിയെങ്കിലും അപകടനിലയിലായിട്ടില്ല.
തിങ്കളാഴ്ച രാവിലെ മുതൽ ഉച്ചവരെ മഴ മാറിനിന്നിരുന്നു. ഉച്ചയോടെ വീണ്ടും ശക്തമായി. ഞായറാഴ്ച രാത്രി മിന്നലേറ്റ് മാടപ്പള്ളി പുതിയത്ത് ചെറിയാൻ വർഗീസിന്റെ വീടിന്റെ ഭിത്തിക്ക് വിള്ളലുണ്ടായി. സർവിസ് വയറും ഇലക്ട്രിക് ഉപകരണങ്ങളും കത്തിനശിച്ചു. പുതുപ്പള്ളി- കറുകച്ചാൽ റോഡിൽ പാറപ്പ ഭാഗത്ത് റോഡിലേക്ക് മണ്ണിടിഞ്ഞ് വീണ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. മാടപ്പള്ളിയിൽ തെങ്ങ് വീണ് അശ്വതി ഭവനിൽ തങ്കപ്പൻ നായരുടെ വീടിന് ഭാഗിക നാശം സംഭവിച്ചു.
നെടുംകുന്നം വില്ലേജ് പനക്കവയൽ ഭാഗത്ത് വെള്ളക്കെട്ടുണ്ടായതിനെ തുടർന്ന് ആളുകളെ ഉയർന്ന ഭാഗത്തേക്ക് മാറ്റി. നെടുംകുന്നം ഭാഗത്ത് വെള്ളം കയറിയ ഭാഗത്തുനിന്ന് പത്തോളം കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മറ്റ് സുരക്ഷിത സ്ഥാനത്തേക്കും മാറ്റി പാർപ്പിച്ചു. കൈതേപ്പാലം, ആനച്ചാൽ, തോട്ടക്കാട്, പരിയാരം എന്നീ സ്ഥലങ്ങളിൽ വെള്ളം കയറിയ വീടുകളിൽ നിന്ന് കോട്ടയം, പാമ്പാടി സ്റ്റേഷനുകളിൽ നിന്നും അഗ്നിരക്ഷാടീം എത്തി ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
വൻ കൃഷിനാശം
കൊല്ലാട് കിഴക്കുംപുറം, വടക്കുംപാറ പാടശേഖരങ്ങളിലായി മടവീഴ്ചയില്‍ വന്‍ നഷ്ടമുണ്ടായി. അയ്മനം, ആര്‍പ്പൂക്കര പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന കേളക്കരി, വാവക്കാട്, കമ്പിക്കോണ്, വിരിപ്പുകാല, കിഴക്കേ മണിയാപറമ്പ്, മേനോന്‍കരി പാടശേഖരങ്ങളിലെ പൂര്ണവിളവെത്തിയ നെല്ല് മഴയില്‍ വീണ് വെള്ളത്തില്‍ മുങ്ങി. കുറിച്ചി, അയ്മനം, ആര്‍പ്പൂക്കര, കുമരകം, തിരുവാര്‍പ്പ്, കല്ലറ, തലയാഴം, വെച്ചൂര്‍, അകലക്കുന്നം, വിജയപുരം, മണര്‍കാട് തുടങ്ങിയ പഞ്ചായത്തുകളിലായി നിരവധി പാടശേഖരങ്ങളില്‍ കിളിര്‍ത്ത് ദിവസങ്ങള്‍ മാത്രമായ നെല്‍ച്ചെടികള്‍ വെള്ളത്തില്‍ മുങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.