കാറ്റിൽ ഉലഞ്ഞ് കുമരകം: നൂറിലധികം വീടുകളും കൃഷിയും നശിച്ചു
text_fieldsകോട്ടയം: മരങ്ങൾ കടപുഴകിയും ഒടിഞ്ഞുവീണും തകർന്ന വീടുകൾ, തലങ്ങും വിലങ്ങും വീണുകിടക്കുന്ന വൈദ്യുതി പോസ്റ്റുകൾ, മരങ്ങൾ വീണുതകർന്ന വാഹനങ്ങൾ. തിങ്കളാഴ്ച നേരംപുലർന്നപ്പോഴാണ് കുമരകത്തിെൻറ യഥാർഥ ചിത്രം നാട്ടുകാർ കണ്ടത്.
ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയുണ്ടായ കാറ്റിലാണ് മേഖല തകർന്നടിഞ്ഞത്. കുമരകം-ചേർത്തല-വൈക്കം റോഡിെൻറ കവണാറ്റിൻകര മുതൽ കൈപ്പുഴമുട്ട് അച്ചിനകം വരെ വ്യാപകമായി മരങ്ങൾ റോഡിൽ വീണു. കുമരകത്ത് കവണാറ്റിൻകരയിൽ നിർത്തിയിട്ടിരുന്ന ഹൗസ്ബോട്ടുകളുടെ മേൽക്കൂരയടക്കം തകർന്നു.
ചിലത് കെട്ടുപൊട്ടി കായലിലേക്ക് ഒഴുകിപ്പോവുകയും ചെയ്തു. നൂറിലധികം വീടുകൾക്ക് പൂർണമായോ ഭാഗികമായോ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നൂറുകണക്കിന് ഏക്കർ പാടശേഖരങ്ങളിലെ നെല്ല് നശിച്ചു.
ആളപായമുണ്ടായിട്ടില്ല. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് പുരോഗമിക്കുകയാണ്. തിങ്കളാഴ്ച രാവിലെയാണ് റോഡിലേക്ക് വീണുകിടന്ന മരങ്ങൾ മുറിച്ചുനീക്കി കോട്ടയം-ചേർത്തല റൂട്ടിൽ ഗതാഗതം പുനഃസ്ഥാപിച്ചത്.
റോഡിൽ ഗതാഗതത്തിന് തടസ്സമായി വീണുകിടന്ന മരങ്ങളെല്ലാം തിങ്കളാഴ്ച വൈകീട്ടോടെ മുറിച്ചുനീക്കിയതായി ഫയർഫോഴ്സ് അധികൃതർ അറിയിച്ചു.
വീടുകളുടെ മുകളിൽ വീണുകിടക്കുന്ന മരങ്ങൾ മുറിച്ചുനീക്കുന്നതേയുള്ളൂ. മേഖലയിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായിട്ടില്ല.
പൊലീസും ഫയർഫോഴ്സും വൈദ്യുതിവകുപ്പ് ജീവനക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. കാറ്റിൽ വ്യാപക നാശമുണ്ടായ സ്ഥലങ്ങൾ കലക്ടർ എം. അഞ്ജന സന്ദർശിച്ചു.
നഷ്ടം സംഭവിച്ചർക്ക് അടിയന്തര നഷ്ടപരിഹാരം നൽകണമെന്ന് തോമസ് ചാഴികാടൻ എം.പി ആവശ്യപ്പെട്ടു.
നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് തുടങ്ങി
കോട്ടയം: ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ ഞായറാഴ്ച ശക്തമായ കാറ്റിനെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് തുടങ്ങി. വീടുകള്‍, കെട്ടിടങ്ങള്‍, കൃഷി, വാഹനങ്ങള്‍, വൈദ്യുതി വിതരണ സംവിധാനം എന്നിവക്കുണ്ടായ നാശനഷ്ടങ്ങളുടെ വിവരശേഖരണം ഒരാഴ്ചക്കകം പൂര്‍ത്തിയാകുമെന്ന് കലക്ടര്‍ എം. അഞ്ജന അറിയിച്ചു. ശക്തമായ കാറ്റ് പ്രകൃതി ദുരന്തങ്ങളുടെ പട്ടികയിൽ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. കൃഷിനാശം കൂടുതല്‍ സംഭവിച്ചത് അയ്മനം പഞ്ചായത്തിലാണ്.
വീടുകള്‍ക്കും മറ്റുമുണ്ടായ കേടുപാടുകളുടെ കണക്കെടുക്കുന്നതിന് അതത് തദ്ദേശ സ്ഥാപനങ്ങളിലെ എന്‍ജിനീയറിങ് വിഭാഗത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
കുമരകം പഞ്ചായത്തിലെ അസി. എന്‍ജിനീയര്‍ ക്വാറൻറീനിലായതിനാല്‍ പകരം ആളെ നിയോഗിച്ച് കണക്കെടുപ്പ് നടത്താന്‍ തദ്ദേശവകുപ്പ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പഞ്ചായത്തുകളിലെ അഗ്രികള്‍ച്ചറല്‍ ഓഫിസര്‍മാരാണ് കൃഷിനാശം സംബന്ധിച്ച വിശാദംശങ്ങള്‍ ശേഖരിക്കുന്നത്. വൈദ്യുതി ബോര്‍ഡിെൻറ പോസ്റ്റുകള്‍ക്കും ലൈനുകള്‍ക്കും വന്‍തോതില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.