കോട്ടയം ജില്ലയിൽ വ്യാപക നാശനഷ്ടം; വീശിയടിച്ച് കാറ്റ്
text_fieldsകോട്ടയം: ജില്ലയിൽ വൻ നാശം വിതച്ച് കാറ്റും മഴയും. ബുധനാഴ്ച പുലർച്ച ആഞ്ഞടിച്ച കാറ്റിൽ വ്യാപകമായി മരങ്ങൾ കടപുഴകി. 30ഓളം വീടുകൾ തകർന്നു. കോട്ടയം നഗരത്തിനൊപ്പം ചങ്ങനാശ്ശേരി, വൈക്കം, കുമരകം, അയ്മനം, അതിരമ്പുഴ, ആർപ്പൂക്കര, പേരൂർ, കുമാരനല്ലൂർ, സംക്രാന്തി, മാങ്ങാനം, പള്ളം, പരിപ്പ് എന്നിവിടങ്ങളിലെല്ലാം ശക്തമായി വീശിയടിച്ച കാറ്റ് നാശനഷ്ടം വരുത്തി. ചെറിയ സമയത്തേക്ക് മാത്രമാണ് നീണ്ടതെങ്കിലും വൻശക്തിയായിരുന്നതിനാൽ നൂറുകണക്കി
നിരവധി വീടുകൾ തകർന്നു
കാറ്റിൽ മരങ്ങൾ കടപുഴകി നിരവധി വീടുകൾക്ക് നാശം സംഭവിച്ചു. പള്ളം ബുക്കാന പുതുവലിൽ ഷാജി, വൈക്കം കല്ലറ ചാമപറമ്പിൽ ജോസഫ്, വെച്ചൂർ തോട്ടുചിറ ഗിരീഷ് കുമാർ, വടക്കേമുറി വൈലോപ്പിള്ളിയിൽ മന്മഥൻ എന്നിവരുടെ വീടിന് മുകളിൽ മരം വീണു. തലയാഴത്ത് സജീവ് പനമടം, സണ്ണി കാണശ്ശേരിൽ, ടോംസ് പെരുമ്പള്ളിൽ, ജോൺ അറയ്ക്കൽ, രമണൻ അറയ്ക്കൽ, വക്കച്ചൻ മാടത്തിപ്പറമ്പ് എന്നീ വ്യക്തികളുടെ വീടിന് മുകളിൽ മരം വീണ് ഭാഗിക നഷ്ടം സംഭവിച്ചിട്ടുണ്ട്.
കോട്ടയം താലൂക്കിലെ മാങ്ങാനം കരകരോട്ട് ചന്ദ്രവിലാസത്തിൽ സ്വപ്നയുടെ വീടിന് മുകളിലേക്ക് സമീപത്തുനിന്ന വലിയ പ്ലാവ് മറിഞ്ഞുവീണു. വീടിന് ഭാഗികമായി നാശം സംഭവിച്ചു. നീണ്ടൂർ പത്മവിലാസത്തിൽ ജയകുമാർ, അതിരമ്പുഴ കിഴക്കേക്കര ഇ.കെ. ഗോപാലൻ, പേരൂർ മഠത്തിൽ സിനി രാജൻ, അതിരമ്പുഴ കാഞ്ഞിരംകാലയിൽ കെ.ടി. ജോർജ്, ഓണംതുരുത്ത് വില്ലേജിൽ കാരിക്കൽ സുനിൽ, പേരൂർ വെട്ടിക്കോമ്പിൽ അമ്പിളി തങ്കച്ചൻ, ആർപ്പൂക്കര അപർണാലയം വീട്ടിൽ പി.വി. ശിവൻ, കുമാരനല്ലൂർ കൊല്ലംപറമ്പിൽ എം.കെ. രാജമ്മ, കൈപ്പുഴ കുരിയാറ്റുകുന്നൽ കാർത്യായനി, നീണ്ടൂർ കുന്നുപുറത്ത് ഷാജി, അമ്മിണി വേലായുധൻ എന്നിവരുടെ വീടുകൾക്കും മരംവീണ് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
വീടിന് മുകളിൽ മരം വീണു; കാർഷിക വിളകൾക്ക് നാശനഷ്ടം
വൈക്കം: ടി.വിപുരം പഞ്ചായത്തിൽ ബുധനാഴ്ച പുലർച്ച വീശിയ ശക്തമായകാറ്റിൽ പതിനൊന്നാം വാർഡിൽ താമസിക്കുന്ന ഷാജിയുടെ വീടിനു മുകളിലേക്കു സമീപവാസിയുടെ പറമ്പിലെ കൂറ്റൻ ആഞ്ഞിലിമരം കടപുഴകിവീണു. പുറത്ത് ആരുമില്ലാതിരുന്നതിനാൽ ആളപായമില്ല.
തുറന്നുകിടന്നിരുന്ന ജനൽപാളികൾ കാറ്റിൽ വീശിയടിച്ചുണ്ടായ വലിയശബ്ദം കേട്ട് വയോധികരായ മാതാപിതാക്കൾ മുറിയിൽനിന്ന് പുറത്തേക്ക് ഇറങ്ങിയതിനാൽ വൻദുരിതം ഒഴിവായി. വൈദ്യുതിപോസ്റ്റുകൾ ഒടിഞ്ഞുവീണ് വൈദ്യുതിബന്ധം തകരാറിലാകുകയും കാർഷിക വിളകൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു.
എട്ട് വീട് ഭാഗികമായി തകർന്നു; കുറിച്ചിയിൽ കൃഷി നാശം
ചങ്ങനാശ്ശേരി: കാറ്റിലും മഴയിലും ചങ്ങനാശ്ശേരി മേഖലയിൽ വ്യാപക നാശനഷ്ടം. മരങ്ങൾ വീണ് എട്ട് വീട് ഭാഗികമായി തകർന്നു. പോസ്റ്റുകൾ മറിഞ്ഞുവീണ് പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
വാഴപ്പള്ളി പഞ്ചായത്ത് 21ാം വാർഡിൽ കോലാപ്പറമ്പിൽ മണിയപ്പൻ അമ്പാച്ചന്റെ വീടിനു മുകളിൽ തെങ്ങുവീണ് മേൽക്കൂര പൂർണമായും തകർന്നു. മണിയപ്പൻ അമ്പാച്ചനും ഭാര്യ ശ്രീകലക്കും പരിക്കേറ്റു. ഇരുവരും ആശുപത്രിയിൽ ചികിത്സതേടി. മകൻ അഭിജിത്ത് രക്ഷപ്പെട്ടു. സമീപത്തെ വീട്ടിലെ തെങ്ങാണ് വീടിന് മുകളിൽ വീണത്. മേൽക്കൂരയിലെ ഷീറ്റ് ശരീരത്തിൽ പതിച്ചാണ് മണിയപ്പനും ഭാര്യ ശ്രീകലക്കും പരിക്കേറ്റത്. വീട്ടുപകരണങ്ങളും നശിച്ചു. വീട് താമസയോഗ്യമല്ലാതായി. വാർഡ് മെംബർ പുഷ്പവല്ലി, വില്ലേജ് ഓഫിസ് അധികൃതർ എന്നിവർ സ്ഥലത്തെത്തി.
വാഴപ്പള്ളി കിഴക്ക് വില്ലേജിൽ വല്ലയിൽ വി.ജെ. ആന്റണിയുടെ വീടിന്റെ മേൽക്കൂരയിലേക്ക് വില്ലേജ് ഓഫിസ് വളപ്പിൽനിന്ന വാകമരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് ഡ്രസ് വർക്കിന്റെ ഷീറ്റുകൾക്ക് നാശനഷ്ടം സംഭവിച്ചു. കുറുമ്പനാടം അറവനാട്ട് പുതുപ്പറമ്പിൽ ജോസിന്റെ വീടിന് മുകളിലേക്ക് മരം വീണ് ഭാഗിക നാശനഷ്ടം ഉണ്ടായി.
ചെത്തിപ്പുഴ വില്ലേജിൽ ആറാംവാർഡിൽ താഴൂർ സണ്ണി തോമസിന്റെ വീടിന്റെ മുകളിലേക്ക് അയൽവാസിയുടെ പുരയിടത്തിൽ നിന്ന മരംവീണ് മേൽക്കൂരയുടെ ഓടുകളും പ്ലാസ്റ്ററിങ്ങും അടർന്നുവീണ് വീടിന് ഭാഗികനാശനഷ്ടം സംഭവിച്ചു.
കുറിച്ചി പഞ്ചായത്തിൽ വ്യാപക കൃഷിനാശം ഉണ്ടായി. ലൂയിസ് സേവ്യർ ചക്യായിലിന്റെ 200 കുലച്ച ഏത്തവാഴകൾ, മനോഹർ തോമസിന്റെ 75 ഓളം കുലച്ച ഏത്തവാഴകളും കർഷകസംഘം ഇത്തിത്താനം ഇളങ്കാവ് യൂനിറ്റിന്റെ നേതൃത്വത്തിലുള്ള 50 കുലച്ച ഏത്തവാഴകളും കാറ്റിൽ ഒടിഞ്ഞുവീണു. കർഷകസംഘം ഏരിയ സെക്രട്ടറി എം.എൻ. മുരളീധരൻ നായർ, കർഷകസംഘത്തിന്റെ ഏരിയ കമ്മിറ്റി അംഗവും പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ പ്രഫ. ടോമിച്ചൻ ജോസഫ്, മേഖല പ്രസിഡന്റ് പി. കെ.അനിൽകുമാർ, സെക്രട്ടറി ടി.വി. അജിമോൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
ഒന്നേകാല്‍ ഏക്കർ വാഴകൃഷി നശിച്ചു; മൂന്ന് ലക്ഷം നഷ്ടം
ഏറ്റുമാനൂര്‍: കനത്ത മഴയിലും കാറ്റിലും പുന്നത്തുറ കണ്ണപുരത്ത് ളാക്കാട്ടൂര്‍ സ്വദേശി രാജുവിന്റെ വാഴകൃഷി നശിച്ചു. ഒന്നേകാല്‍ ഏക്കര്‍ സ്ഥലത്തായിരുന്നു കൃഷി ചെയ്തിരുന്നത്. 700റോളം വാഴകള്‍ നട്ടിരുന്നു. ഓണവിപണി ലക്ഷ്യമാക്കി കൃഷി ചെയ്തിരുന്നവയാണ് നശിച്ചത്. വാഴക്കൊപ്പം നട്ടിരുന്ന ചേനയും കപ്പയും ഒപ്പം നശിച്ചു.
മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചു. സ്ഥലം പാട്ടത്തിന് എടുത്ത് കൃഷിചെയ്യുന്ന രാജു പണം പലിശക്ക് എടുത്താണ് കൃഷി ഇറക്കിയത്. ഓണവിപണി ലക്ഷ്യമാക്കിയാണ് വാഴയും പച്ചക്കറികളും നട്ടത്. വാഴക്കുല വെട്ടുമ്പോള്‍ മുതലും പലിശയും നല്‍കാമെന്ന ധാരണയിലാണ് സ്വകാര്യവ്യക്തിയില്‍നിന്ന് പണം പലിശക്ക് എടുത്ത് കൃഷി തുടങ്ങിയത്. വീടുപണി പൂര്‍ത്തിയാകാത്ത രാജുവിന് കൃഷിയാണ് മുഖ്യ വരുമാന മാര്‍ഗം. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നതിനാല്‍ ഇന്‍ഷുറന്‍സ് ചെയ്തിട്ടില്ല. വാഴയും പച്ചക്കറിയും നശിച്ചതിനാല്‍ പലിശയും മുതലും അടക്കാന്വഴിയില്ലാതെ പകച്ചു നില്‍ക്കുകയാണ് രാജു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.