ഹെലികോപ്ടർ താഴ്ന്നുപറന്ന സംഭവം:നേവി അന്വേഷണം തുടങ്ങി
text_fieldsകോട്ടയം: ഏറ്റുമാനൂരില്‍ ഹെലികോപ്ടർ താഴ്ന്ന് പറന്നതിനെത്തുടർന്ന് വർക്ക്ഷോപ്പിന് നാശമുണ്ടായ സംഭവത്തിൽ നാവികസേന അന്വേഷണം തുടങ്ങി. നാവികസേനയുടെ ഹെലികോപ്ടര്‍ സീ കിങ് ചാര്‍ലിയാണ് ഏറ്റുമാനൂരിൽ താഴ്ന്നു പറന്നത്. ഇത് പരിശീലനത്തിന്റെ ഭാഗമാണെന്ന് നാവികസേന വക്താവ് കമാന്‍ഡര്‍ അതുല്‍ പിള്ള അറിയിച്ചു. പ്രളയത്തിലും മണ്ണിടിച്ചിലിലുമെല്ലാം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും മറ്റും ഉപയോഗിക്കുന്ന ഹെലികോപ്ടറാണ് ഇത്. എന്നാല്‍, അപകടമുണ്ടാക്കും വിധം താഴ്ന്നു പറക്കാറില്ലെന്നും ഏറ്റുമാനൂരിൽ എന്താണ് സംഭവിച്ചെന്ന കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പച്ചപ്പുള്ള പ്രദേശമായതിനാല്‍ ഷീറ്റ് ഇട്ടിരുന്നത് പൈലറ്റിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടാവില്ല. മാത്രമല്ല, ഗൗരവമായ ശ്രദ്ധവേണ്ട പരിശീലനമാണ് ഇത് എന്നതിനാല്‍ പൈലറ്റിന്റെ ശ്രദ്ധ ഹെലികോപ്ടറിന്റെ നിയന്ത്രണത്തിലേക്ക് കേന്ദ്രീകരിച്ചിട്ടുണ്ടാകണം.
മരങ്ങള്‍ ഉള്ള പ്രദേശത്ത് അതിനെക്കാള്‍ താഴ്ന്നു പറക്കുന്നത് അപകടമുണ്ടാക്കുമെന്നതിനാൽ ഹെലികോപ്ടര്‍ നിശ്ചിത ഉയരം ക്രമീകരിച്ചു മാത്രമാണ് പരിശീലനം നടത്താറുള്ളത്. മരങ്ങളും മറ്റുമുള്ള ജനവാസമേഖലയില്‍ അപകടമുണ്ടാക്കാതെ എങ്ങനെ രക്ഷാപ്രവര്‍ത്തനം നടത്തണമെന്ന പരിശീലനമാണ് ഇത്തരത്തില്‍ സേന അംഗങ്ങള്‍ക്ക് നല്‍കുന്നത്. ഇതിനായി നാവികസേനയുടെ പക്കലുള്ള ചാര്‍ട്ടില്‍ നിശ്ചിത പ്രദേശങ്ങള്‍ അടയാളപ്പെടുത്തി നല്‍കിയാണ് പറക്കല്‍ ആരംഭിക്കുന്നത്. സ്ഥലം മാറ്റത്തിന്റെ ഭാഗമായി പരിചയമുള്ളവര്‍ മാറി പുതിയ പൈലറ്റുമാര്‍ എത്തുമ്പോള്‍ പ്രളയം പോലെയുള്ള സാഹചര്യമുണ്ടായാല്‍ അതിന് നിയോഗിക്കാന്‍ ജനവാസ മേഖലകളില്‍ പരിശീലനം ലഭിച്ചവരെ നിയോഗിക്കേണ്ടി വരും. അതിനാണ് പരിശീലനം നല്‍കുന്നത്. ഏറ്റുമാനൂരിലേതുപോലെ സംഭവിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുള്ളതാണ്. ഇനി ഈ മേഖലകളെ ഒഴിവാക്കി പരിശീലനം നടത്തുന്നതിനാണ് തീരുമാനം. നഷ്ടപരിഹാരം നല്കുന്ന കാര്യത്തില്‍ ഔദ്യോഗികമായി ഇത്തരത്തില്‍ ആരെങ്കിലും ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും വക്താവ് കമാന്‍ഡര്‍ അതുല്‍ പിള്ള പറഞ്ഞു.
ബുധനാഴ്ച രാവിലെ 11.30നാണ് വള്ളിക്കാട് കുരിശുമല ഭാഗത്ത് നാട്ടുകാരെ പരിഭ്രാന്തരാക്കി ഹെലികോപ്ടര്‍ താഴ്ന്നു പറന്നുനിന്നത്. ഹെലികോപ്ടറിന്റെ കാറ്റേറ്റ് കട്ടിപ്പറമ്പില്‍ എം.ഡി. കുഞ്ഞുമോന്റെ വീടിനോടു ചേര്‍ന്നുള്ള വാഹനങ്ങള്‍ക്കു പെയിന്റടിക്കുന്ന വർക്ക്ഷോപ്പിന് നാശം സംഭവിച്ചിരുന്നു. മേൽക്കൂര നശിച്ചിരുന്നു. അർബുദബാധിതനായ കുഞ്ഞുമോന്റെ വരുമാനമാർഗമായിരുന്നു വർക്ക്ഷോപ്. സംഭവത്തിൽ ജില്ല പൊലീസും അന്വേഷണത്തിന് നിർദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.