രാമപുരത്തും കരൂരും മഞ്ഞപ്പിത്തം വ്യാപകം
text_fieldsകോട്ടയം: രാമപുരം, കരൂർ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം വർധിക്കുന്നു. ചക്കാമ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സും ഡോക്ടറും അടക്കം മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥയിലാണ്. ഞായറാഴ്ചവരെ 15 പേർക്ക് രോഗം ബാധിച്ചിരുന്നു. ഡോക്ടർമാർക്ക് രോഗം വന്നതോടെ ആശുപത്രിയിലെ ഒ.പി, ഐ.പി വിഭാഗങ്ങൾ നിർത്തിവെച്ചിട്ടുണ്ട്.
പള്ളിയിലെ മാലിന്യം നിറഞ്ഞ കിണർ സൂപ്പർക്ലോറിനേഷൻ നടത്തിയശേഷം മാലിന്യമുക്തമായിട്ടുണ്ട്. എന്നാൽ, കുഴൽക്കിണർ ഉള്ളതിനാൽ വെള്ളം ഉപയോഗിക്കരുതെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. കിണറ്റിലെ വെള്ളം കുടിച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. ഇതിനായി വീടുകൾ തോറും കയറിയിറങ്ങി വിവരശേഖരണം നടത്തുന്നുണ്ട്. ജനുവരി 11, 12 തീയതികളിൽ നടന്ന പള്ളിപെരുന്നാൾ പ്രദക്ഷിണത്തിൽ പങ്കെടുത്തവർക്ക് പള്ളിയിൽനിന്ന് വെള്ളം വിതരണം ചെയ്തിരുന്നു. അന്ന് വെള്ളം കുടിച്ചവരാണ് മഞ്ഞപ്പിത്തം ബാധിച്ചവരിൽ ഏറെയും.
നൂറോളം പേരാണ് വെള്ളം കുടിച്ചതെന്നാണ് പള്ളി അധികൃതർ അറിയിച്ചത്. വിവരമറിഞ്ഞയുടൻ ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം ഇടവകയിൽ യോഗം ചേർന്നിരുന്നു. ഡിസംബർ മുതൽ മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നുണ്ട്. എന്നാൽ, ജനുവരി 28ന് കൂടുതൽ പേർക്ക് ബാധിച്ചതോടെ മാത്രമാണ് ആരോഗ്യവകുപ്പിനെ അറിയിച്ചത്. ആരോഗ്യവകുപ്പിന്റെ പരിശോധനയിലാണ് പള്ളിക്കിണറ്റിലെ വെള്ളത്തിൽ സെപ്റ്റിക് ടാങ്കിൽനിന്ന് ചോർച്ചയുണ്ടായി മാലിന്യം കലർന്നത് കണ്ടെത്തിയത്.
‘പ്രതിരോധ പ്രവർത്തനം തുടരുന്നു’
രണ്ടാഴ്ചയായി പ്രതിരോധ പ്രവർത്തനം തുടരുകയാണ്. വീടുകൾ കയറി സർവേ നടത്തുന്നുണ്ട്. പള്ളിയിൽനിന്ന് നൽകിയ വെള്ളം കുടിച്ചവരെ കണ്ടെത്താനാണ് ശ്രമം. സൂപ്പർ ക്ലോറിനേഷനു ശേഷം വെള്ളത്തിലെ മാലിന്യം ഇല്ലാതായെങ്കിലും തൽക്കാലം പള്ളിയിലെ കിണറിൽനിന്നുള്ള വെള്ളം ഉപയോഗിക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട് -ഡോ. എൻ. പ്രിയ ജില്ല മെഡിക്കൽ ഓഫിസർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.