വീട്ടുമുറ്റത്ത് ആനക്കൂട്ടം; ഭീതിയിൽ കൊപ്പം
text_fieldsഎരുമേലി: വന്യജീവികളെ ഭയന്ന് പുറത്തിറങ്ങാൻ ഭയന്ന് തുമരംപാറ കൊപ്പം നിവാസികൾ. രാത്രിയായാൽ വീടിന് പുറത്ത് ആനയാണോ പുലിയാണോയെന്ന പേടിയിലാണ് പ്രദേശവാസികൾ. ആനക്കൂട്ടം വീടിന് മുറ്റത്തുനിൽക്കുന്നതു കണ്ടുകൊണ്ടാണ് ഓരോ രാത്രികളും ഇവർ തള്ളിനീക്കുന്നത്.
പ്രദേശത്ത് വളർത്തുനായ്ക്കളെ മുഴുവൻ കാണാതായെന്നാണ് നാട്ടുകാർ പറയുന്നത്. വനമേഖലയിലെ കൃഷിയിടങ്ങളിലേക്ക് പോകാൻപോലും ഇവർക്ക് ഭയമാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൊപ്പം മേഖലയിൽ കാട്ടാനശല്യം രൂക്ഷമാണ്. കാടും പറമ്പും കടന്ന് കാട്ടാനക്കൂട്ടം വീടിന് മുറ്റത്തെത്തിനിൽക്കുകയാണ്.
ആനക്കല്ലിൽ നൗഷാദിന്റെ വീടിന് സമീപത്ത് കഴിഞ്ഞദിവസം എത്തിയ കാട്ടാനക്കൂട്ടം വീട്ടിലെ വാട്ടർ ടാങ്ക് തകർത്തു. മുള്ളുവേലി തകർത്താണ് പരിസരത്ത് എത്തിയത്. പറമ്പിലെ തെങ്ങ്, വാഴ, റബർ ഉൾപ്പടെയുള്ള കൃഷികളും നശിപ്പിച്ചു.
ചുടുകാട്ടിൽ ഇസ്മായിലിന്റെ വീടിന് സമീപത്തെത്തിയ ആനക്കൂട്ടത്തെ കണ്ട് വീട്ടുകാർ പേടിച്ച് കടന്നുളകയുകയായിരുന്നു. ചീരംചേമ്പിൽ തങ്കച്ചൻ, കണ്ണങ്കുളം തമ്പി, ഇളവത്തൊട്ടിയിൽ ബാബു, കോമളാംകുഴിയിൽ ദാമോദരൻ, വയലിൽ ഹാഷിം, ഈറക്കൽ നൗഷാദ് എന്നിവരുടെ പറമ്പിലും കാട്ടാനക്കൂട്ടം നാശനഷ്ടങ്ങൾ വരുത്തി. പതിനായിരങ്ങളുടെ നഷ്ടങ്ങളാണ് ഓരോ രാത്രിയിലും പ്രദേശവാസികൾക്ക് ഉണ്ടാവുന്നത്. ആനക്കൂട്ടത്തെ പേടിച്ച് രാത്രി വീടിന്റെ പരിസരങ്ങളിൽ തീ കൂട്ടിയിട്ടാണ് പ്രദേശവാസികൾ രാത്രി തള്ളിനീക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.