ഇവിടെയുണ്ട് കാണാതായ ആ പോള വാരൽ യന്ത്രം
text_fieldsകോട്ടയം: ഒടുവിൽ ജില്ല പഞ്ചായത്തിന്റെ പോള വാരൽ യന്ത്രം കണ്ടുകിട്ടി. കോടിമതയിൽ കേളചന്ദ്രയുടെ മാനുഫാക്ചറിങ് യൂനിറ്റിനു പിന്നിൽ കൊടൂരാറ്റിന്റെ കരയിൽ കയറ്റിയിട്ട യന്ത്രം ജില്ല ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജുമായ രാജശ്രീ രാജഗോപാൽ സന്ദർശിച്ചു. ആലപ്പുഴ ജലപാതയിലെ പോളശല്യം സംബന്ധിച്ച് പാരാലീഗൽ വളന്റിയർമാർ നൽകിയ പരാതിയുടെ ഭാഗമായിട്ടായിരുന്നു സെക്രട്ടറിയുടെ സന്ദർശനം. പോള നീക്കാനുള്ള യന്ത്രം ആദ്യദിനം തന്നെ കേടായെന്നും നിലവിൽ എവിടെയാണെന്ന് അറിയില്ലെന്നുമായിരുന്നു ജില്ല പഞ്ചായത്തിനുവേണ്ടി ഹാജരായ സീനിയർ സൂപ്രണ്ട് സിറ്റിങ്ങിൽ അറിയിച്ചത്. ഇതോടെ യന്ത്രം കണ്ടെത്താൻ സെക്രട്ടറി ആവശ്യപ്പെടുകയായിരുന്നു. ജില്ല പഞ്ചായത്ത് ഉദ്യോഗസ്ഥനും സ്ഥലത്തെത്തിയിരുന്നു. കൃത്യമായ അറ്റകുറ്റപ്പണി ഇല്ലാത്തതിനാലാണ് യന്ത്രം കേടുവന്നത്. കുമരകത്തുവെച്ച് കേടായതിനെ തുടർന്നാണ് യന്ത്രം മാനുഫാക്ചറിങ് യൂനിറ്റിലെത്തിച്ചത്. 2022ൽ അവസാനം എസ്റ്റിമേറ്റ് തയാറാക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും പിന്നീട് ആരും വന്നില്ല.
നിലവിലെ അവസ്ഥയിൽ രണ്ടുമാസത്തെ അറ്റകുറ്റപ്പണിക്കുശേഷമേ യന്ത്രം വെള്ളത്തിലിറക്കാനാവൂ. വിഷയത്തിൽ ജില്ല പഞ്ചായത്തിനു പറയാനുള്ളത് കേട്ടശേഷം തുടർനടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി രാജശ്രീ രാജഗോപാൽ അറിയിച്ചു. 21നാണ് ഇതുസംബന്ധിച്ച അടുത്ത സിറ്റിങ്.
2018ലാണ് ജില്ല പഞ്ചായത്ത് കേളചന്ദ്രയിലെ എൻജിനീയർ റോജൻ കോളശ്ശേരിൽ നിർമിച്ച, ഒരു മണിക്കൂറിൽ അഞ്ച് ടൺ പോള വാരാൻ ശേഷിയുള്ള യന്ത്രം വാങ്ങിയത്. കൃഷി വകുപ്പാണ് യന്ത്രത്തിന്റെ കസ്റ്റോഡിയൻ. പോളശല്യം കാരണം ആലപ്പുഴ ബോട്ട് സർവിസ് നിർത്തിവെച്ചിരിക്കുമ്പോഴാണ് അരക്കോടി ചെലവാക്കിയ യന്ത്രം ആറ്റിൽ തള്ളിയിരിക്കുന്നത്. പോള നീക്കേണ്ടത് ഇറിഗേഷൻ വകുപ്പാണെങ്കിലും അവരും അനങ്ങിയിട്ടില്ല.
ആഫ്രിക്കയിലുമുണ്ട് കേളചന്ദ്രയുടെ പോള വാരൽ യന്ത്രം
ഗ്രീസിങ്, റോളറുകൾ വൃത്തിയാക്കൽ എന്നിവ നാലുമണിക്കൂർ കൂടുമ്പോൾ ചെയ്യേണ്ടതാണ്. ഡ്രൈവർക്കും അസിസ്റ്റന്റിനും പരിശീലനം നൽകിയാണ് യന്ത്രം കൈമാറിയത്. അസിസ്റ്റന്റ് യന്ത്രം ഓടിച്ചപ്പോൾ തലകീഴായി മറിയുകയുണ്ടായി. താൻ നിർമിച്ച ഈ യന്ത്രം മാത്രമാണ് ഇത്തരത്തിൽ ഉപയോഗശൂന്യമായത്. ആഫ്രിക്കയിലേക്ക് മൂന്ന് യന്ത്രം കയറ്റി അയച്ചിരുന്നു. ഗുജറാത്ത്, ഡൽഹി, മുംബൈ, ഹൈദരാബാദ്, കൊടൈക്കനാൽ, ഉത്തരാഖണ്ഡ്, പഞ്ചാബ് തുടങ്ങിയിടങ്ങളിലും താൻ നിർമിച്ച പോള വാരൽ യന്ത്രം ഉപയോഗിക്കുന്നുണ്ട് -എൻജിനീയർ റോജൻ കോളശ്ശേരിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.