ചൂടിൽ വെന്തുരുകി കോട്ടയം
text_fieldsകോട്ടയം: കനത്ത ചൂടിലുരുകി ജില്ല. രാവിലെ 10 മുതൽ പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്. ഇടക്ക് മഴ പെയ്തതോടെ ചൂടിന് അൽപം ശമനം ആയിരുന്നെങ്കിലും വീണ്ടും ചൂട് ഉയരാൻ തുടങ്ങി. പകൽ ചൂടിന്റെ അസ്വസ്ഥതക്ക് പുറമെ രാത്രി ഉറക്കവും നഷ്ടപ്പെടുന്നു. ഞായറാഴ്ച ജില്ലയിലെ ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകളില്‍ 38.7 ഡിഗ്രിവരെ താപനില രേഖപ്പെടുത്തിയിരുന്നു. ഒരു മാസം മുമ്പ് 40 ഡിഗ്രിക്ക് അടുത്തു വരെയെത്തിയിരുന്നു.
കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുപ്രകാരം ഞായറാഴ്ച രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറില്‍ ജില്ലയില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 37 ഡിഗ്രിയാണ്. ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകളിലെ കണക്കുപ്രകാരം പകല്‍ വീണ്ടും ചൂട് ഉയര്‍ന്നു. കോട്ടയം സ്റ്റേഷനില്‍ ഉച്ചക്ക് ഒന്നിനു 38.7 ഡിഗ്രിവരെ ചൂട് ഉയര്‍ന്നു. കുമരകം സ്റ്റേഷനില്‍ 38.5വരെയും പൂഞ്ഞാറില്‍ 37.7 ഡിഗ്രി വരെയും ചൂട് ഉയര്‍ന്നു.
കനത്ത ചൂടിനിടയിലും വേനൽമഴയിൽ ജില്ല തന്നെയാണ് മുന്നിൽ. ഞായറാഴ്ച വരെയുള്ള കണക്കുപ്രകാരം ശരാശരി മഴ പെയ്ത ഏക ജില്ല കോട്ടയമാണ്. മാര്‍ച്ച് ഒന്നു മുതല്‍ 178.1 മില്ലീമീറ്റര്‍ മഴ പ്രതീക്ഷിച്ചപ്പോള്‍ 150.3 മില്ലീമീറ്റര്‍ പെയ്തു. 16 ശതമാനത്തിന്റെ മാത്രം കുറവ്. സാധാരണ വേനല്‍ മഴയില്‍ മുന്നില്‍ പത്തനംതിട്ടയായിരുന്നു. എന്നാല്‍, ഇത്തവണ പത്തനംതിട്ടയില്‍ കുറവ് 34 ശതമാനം. മറ്റ് അയല്‍ ജില്ലകളായ ആലപ്പുഴയില്‍ 26, എറണാകുളത്ത് 44, ഇടുക്കിയില്‍ 83 ശതമാനം എന്നിങ്ങനെയാണ് മഴയിലെ കുറവ്. ജില്ലയില്‍ മാര്‍ച്ചിലും ഈ മാസം ഇതുവരെയുമായി പലയിടങ്ങളിലും ശക്തമായ മഴ പെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.