മതിലുകൾ സി.എം.എസിന്‍റെ കഥപറയുമ്പോൾ....
text_fieldsകോട്ടയം: മതിലുകൾ ഇനി കഥ പറയും. ദ്വിശതാബ്ദി പിന്നിട്ട സി.എം.എസിന്‍റെ ചരിത്രം കോളജിന്‍റെ വീഥിയിലൂടെയുള്ള മതിലുകളിൽ ഇനി കാണാം.
5000 സ്‌ക്വയര്‍ഫീറ്റില്‍ റിലീഫ് സ്‌കൾപ്ചര്‍ രീതിയിലാണ് സി.എം.എസ് കോളജിന്‍റെ ചരിത്രത്തിലെ നിര്‍ണായകമായ മുഹൂര്‍ത്തങ്ങള്‍ ആവിഷ്‌കരിക്കുന്നത്. റിലീഫ് സ്‌കൾപ്ചര്‍ ചെയ്യുന്ന കേരളത്തിലെ പ്രമുഖരായ 30 കലാകാരന്മാർ ചേർന്ന് ഉന്നത വിദ്യാഭ്യാസകേന്ദ്രത്തിന്‍റെ കഴിഞ്ഞ 200 വര്‍ഷത്തെ ചരിത്രം 60 ഫ്രെയിമുകളായാണ് ചിത്രശില്‍പങ്ങളില്‍ ഒരുക്കുന്നത്.
വിദ്യാഭ്യാസപരമായ നവോത്ഥാനം, സ്ത്രീകളുടെ ഉന്നമനം, പ്രകൃതി എന്നീ മേഖലകളുമായി ബന്ധപ്പെട്ട് സി.എം.എസ് കോളജ് നടത്തിയ ഇടപെടലുകളാണ് റിലീഫ് സ്‌കൾപ്ച്ചറിലൂടെ രേഖപ്പെടുത്തുന്നത്.
സബിത കടന്നപ്പിള്ളി കണ്ണൂര്‍, അജിതാ പ്രഭാകരൻ മലപ്പുറം, നിഷാന്ത് അങ്കമാലി, പി.വി വിഷ്ണു അങ്കമാലി, കെ.യു. ശ്രീകുമാര്‍ കോതമംഗലം, സുനില്‍ തിരുവാണിയൂര്‍, സി.ബിജു കോട്ടയം, സജി റാഫേല്‍ ചങ്ങനാശ്ശേരി, ഗണേഷ് കുമാര്‍ കൊല്ലം, ശിവരാമന്‍ തിരുവനന്തപുരം, എബിന്‍ തിരുവനന്തപുരം തുടങ്ങി മുപ്പതോളം കലാകാരന്‍മാരുടെ പങ്കാളിത്തമാണ് ഇതിന് പിന്നിലുള്ളത്. ടി.ആര്‍. ഉദയകുമാറാണ് ക്യാമ്പ് ക്യൂറേറ്റർ. ചുവർചിത്രങ്ങളുടെ രേഖകള്‍ വരച്ച് അപ്രൂവല്‍ നേടിയതിന് ശേഷമാണ് ഇത് ആരംഭിച്ചത്. സിമന്‍റും, മണ്ണും, വെള്ളവും കൂട്ടിക്കുഴച്ച് പിടിപ്പിച്ച ചുവരുകളിലാണ് കലാസൃഷ്ടികൾ ആലേഖനം ചെയ്യുന്നത്.
25 ദിവസത്തിനുള്ളില്‍ ഇത് പൂര്‍ത്തീകരിക്കാനാണ് ഇവരുടെ തീരുമാനം. 1913ൽ സി.എം.എസിൽ പെണ്‍കുട്ടികളുടെ പ്രവേശനം, സ്വാതി തിരുനാളിന്‍റെ കോളജ് പ്രസ് സന്ദര്‍ശനം തുടങ്ങി സി.എം.എസിന്‍റെ വിവിധ ചരിത്ര മുഹൂര്‍ത്തങ്ങൾ എല്ലാവർക്കും റിലീഫ് സ്‌കൾപ്ചറിലൂടെ കാണാൻ സാധിക്കും.
ചിത്രങ്ങള്‍ വരച്ചതിനുശേഷം കറുത്ത പെയിന്‍റും ടെറാകോട്ടാ കളര്‍ ഉപയോഗിച്ചും നിറങ്ങൾ നൽകി മനോഹരമാക്കുമെന്നും സി.എം.എസ് കോളജ് പ്രിന്‍സിപ്പൽ ഡോ. വര്‍ഗീസ് സി.ജോഷ്വാ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.